പാലയാട് ക്യാമ്പസിലെ നരവംശ ശാസ്ത്ര വിഭാഗം മാനന്തവാടിയിലേക്ക് മാറ്റുന്നു

Posted on: July 7, 2013 9:06 am | Last updated: July 7, 2013 at 9:06 am

തലശ്ശേരി: കാല്‍നൂറ്റാണ്ടിലേറെയായി കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ആന്ത്രോപോളജി (നരവംശ ശാസ്ത്ര പഠനം) വകുപ്പ് മാനന്തവാടി ക്യാമ്പസിലേക്ക് മാറ്റുന്നു. ഇതിനായുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായെന്ന് വിവരം പുറത്തുവന്നു. കണ്ണൂര്‍ ജില്ലയിലെ പത്തോളം ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ആന്ത്രോപോളജി പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും ധര്‍മ്മടം ബ്രണ്ണന്‍ കോളജിലെ ഫിലോസഫി, ഹിസ്റ്ററി, സുവോളജി, ബോട്ടണി, മലയാളം, ഇക്കണോമിക്‌സ് തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ബിരുദം കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനത്തിനും ഉന്നത പഠനത്തിനുമുള്ള സാധ്യതയും അവസരവും നഷ്ടപ്പെടുത്തുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പാലയാട് ക്യാമ്പസില്‍ നിന്നും ആന്ത്രോപോളജി വകുപ്പിനെ മാനന്തവാടി ക്യാമ്പസിലേക്ക് നാടുകടത്താനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സര്‍വകലാശാലയിലെ ഏതാനും സിന്റിക്കേറ്റ് മെമ്പര്‍മാരാണെന്നും ആരോപണമുണ്ട്. സയന്‍സ് വിഷയങ്ങളെല്ലാം ഒരേ ക്യാമ്പസില്‍ ഇവരുടെ വാശിയാണ് കഴിഞ്ഞ 25 വര്‍ഷങ്ങളായി കുറ്റമറ്റ രീതിയില്‍ പാലയാട് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മാനന്തവാടിയിലേക്ക് പറിച്ചുനടാന്‍ യൂനിവേഴ്‌സിറ്റി ശ്രമിക്കുന്നതിന് പിന്നിലെന്നും സൂചനയുണ്ട്. പാലയാട് ക്യാമ്പസ് കോഴിക്കോട് സര്‍വകലാശാലയുടെ കീഴിലായിരുന്ന 1986ലാണ് ഇവിടെ ആന്ത്രോപോളജി വിഭാഗമാരംഭിച്ചത്. അന്ന് പാലയാട് സെന്ററില്‍ ആന്ത്രോപോളജിക്കും ഇംഗ്ലീഷിനുമായി ഒമ്പത് ഏക്കര്‍ സ്ഥലത്ത് ഒരു കെട്ടിടവും സ്റ്റാഫ് ക്വാട്ടേഴ്‌സുമാണുണ്ടായിരുന്നത്. 2000ലാണ് ആന്ത്രോപോളജിക്ക് സ്വന്തമായി പുതിയ കെട്ടിടം നിര്‍മിച്ചത്. ലൈഫ് സയന്‍സ്, ബയോടെക്‌നോളജി, മൈക്രോബയോളജി, മെഡിക്കല്‍ മൈക്രോബയോളജി, മാനേജ്‌മെന്റ് സ്റ്റഡീസ് തുടങ്ങിയ കോഴ്‌സുകളും ആന്ത്രോപോളജി കെട്ടിടത്തില്‍ തുടങ്ങി.
ഇപ്പോള്‍ നരവംശശാസ്ത്ര വകുപ്പ് മാനന്തവാടി ക്യാമ്പസിലേക്ക് മാറ്റുകയാണെന്ന വിവരം പ്രചരിച്ചതിനെ തുടര്‍ന്ന് കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാനുള്ള വിദ്യാര്‍ഥികളുടെ അപേക്ഷയിലും കുത്തനെ കുറവുന്നതായി വിവരമുണ്ട്. അതേസമയം, നരവംശ ശാസ്ത്ര വകുപ്പിനെ മാനന്തവാടി ക്യാമ്പസിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നാവശ്യം ശക്തമായിട്ടുണ്ട്. ബ്രണ്ണന്‍ കോളജ് ഉള്‍പ്പെടെയുള്ള കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് തൊട്ടടുത്തുള്ള ഉപരിപഠന സൗകര്യമാണ് പാലയാട് ക്യാമ്പസിലെ നരവംശ ശാസ്ത്ര വകുപ്പ്. ഏതാനും സിന്റിക്കേറ്റ് അംഗങ്ങളുടെ താത്പര്യത്തെ തുടര്‍ന്ന് മാനന്തവാടി പോലുള്ള ദൂരസ്ഥലത്തേക്ക് മാറ്റിയാല്‍ തലശ്ശേരിയിലും പരിസരങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയാസങ്ങളുണ്ടാക്കുമെന്നും നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും തലശ്ശേരി ബ്ലോക്ക് മുന്‍ പ്രസിഡന്റ് ടി അനില്‍ ആവശ്യപ്പെട്ടു. നരവംശ ശാസ്ത്ര പഠനം ഒരു ശാസ്ത്ര വിഷയം മാത്രമായല്ല മാനവിക വിഷയം കൂടിയാണ്. പാലയാട് ക്യാമ്പസിലെ ആന്ത്രോപോളജി പഠനത്തെ ശക്തിപ്പെടുത്താന്‍ ഒരു ആന്ത്രോപോളജി മ്യൂസിയം കൂടി ഇവിടെ സ്ഥാപിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ എം എല്‍ എ മുന്‍കൈയെടുത്ത് ശ്രമങ്ങള്‍ നടത്തിവരുന്നതിനിടയില്‍ ഇത്തരം ഒരു മാറ്റം ദുരൂഹമാണെന്ന് അനില്‍ പറഞ്ഞു.