കിരീടമുറപ്പിച്ച് ചൈന

Posted on: July 7, 2013 7:25 am | Last updated: July 7, 2013 at 7:25 am

Asian-Athletics1314പൂനെ: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചൈന കിരീടം ഉറപ്പിച്ചു. 12 സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവും നേടിയാണ് ചൈന പതിനാറാം കിരീടം ഉറപ്പിച്ചത്. ചൈനയേക്കാള്‍ ഏറെ പിന്നിലാണ് രണ്ടാം സ്ഥാനത്തുളള ബഹ്‌റൈനും മൂന്നാം സ്ഥാനക്കാരായ ഉസ്‌ബെക്കിസ്ഥാനും.
ബഹ്‌റൈന് നാല് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവുമാണുളളത്. ഉസ്‌ബെക്കിസ്ഥാന് മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവും ഉണ്ട്. സൗദി അറേബ്യയും ജപ്പാനുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവുമായി ഇന്ത്യ ആറാം സ്ഥാനത്താണ്. ഇത് പതിനാറാം തവണയാണ് ചൈന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്നത്. സഊദി നേടിയ മൂന്ന് മെഡലുകളും സ്വര്‍ണമാണ്. മെഡലുകളുടെ എണ്ണത്തില്‍ സഊദിയെ പിറകിലാക്കുന്ന ജപ്പാന് രണ്ട് സ്വര്‍ണവും നാല് വെള്ളിയും എട്ട് വെങ്കലവും ഉള്‍പ്പടെ പതിനാല് മെഡലുകളുണ്ട്. സ്വര്‍ണം കുറഞ്ഞതാണ് ജപ്പാനെ സഊദിക്ക് പിറകിലാക്കിയത്. ആറാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവുമുള്‍പ്പടെ ഒമ്പത് മെഡലുകളുണ്ട്. ഏഴാം സ്ഥാനത്തുള്ള കസാഖിസ്ഥാന് നാല് മെഡലുകള്‍ മാത്രം. ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും. ഒരു സ്വര്‍ണവും രണ്ട് വെങ്കലവുമുള്ള തായ്‌ലന്‍ഡ് എട്ടാം സ്ഥാനത്തും ഒരു സ്വര്‍ണവും ഒരു വെള്ളിയും നേടിയ യു എ ഇ ഒമ്പതാം സ്ഥാനത്തുമാണ്. ഒരു സ്വര്‍ണം മാത്രമുള്ള ഹോങ്കോംഗാണ് പത്താം സ്ഥാനത്ത്. പതിനൊന്നാം സ്ഥാനത്തുള്ള താജിക്കിസ്ഥാനോടെ സ്വര്‍ണം നേട്ടക്കാരുടെ നിര അവസാനിക്കുന്നു. ഖത്തര്‍, കുവൈത്ത്, ഇറാന്‍, ശ്രീലങ്ക, ചൈനീസ് തായ്‌പേയ്, ഒമാന്‍, കൊറിയ, വടക്കന്‍ കൊറിയ, ലെബനന്‍ പന്ത്രണ്ട് മുതല്‍ 20 വരെസ്ഥാനങ്ങളില്‍.
നാലാം ദിനമായ ശനിയാഴ്ച ഇന്ത്യയ്ക്ക് തീര്‍ത്തും നിരാശയായിരുന്നു നല്‍കിയത്. ഒരു മെഡല്‍ പോലും ഇന്ത്യയ്ക്ക് നേടാനായില്ല. രണ്ടാം ദിനം ഡിസ്‌കസില്‍ വികാസ് ഗൗഡയിലൂടെ സ്വര്‍ണം നേടിയ ഇന്ത്യ സ്വന്തം മണ്ണില്‍ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. പ്രമുഖ താരങ്ങള്‍ക്കൊന്നും തന്നെ മോസ്‌കോ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാ മാര്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല.
പുരുഷ-വനിതാ വിഭാഗങ്ങളിലായി 42 ഇനങ്ങളിലാണ് ഇന്ത്യ മെഡല്‍ ലക്ഷ്യമിട്ടത്. ഇതിനായി 107 പേരടങ്ങുന്ന വന്‍ സംഘത്തെയാണ് ഒരുക്കിയത്.
ഇത് രണ്ടാം തവണയാണ് ഇന്ത്യ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് വേദിയായത്. 1989 ല്‍ ന്യൂഡല്‍ഹിയാണ് ആദ്യം വേദിയായത്. എണ്‍പതുകളില്‍ ഏഷ്യയിലെ അത്‌ലറ്റിക് പവര്‍ഹൗസായിരുന്ന ഇന്ത്യ 2009, 2011 ചാമ്പ്യന്‍ഷിപ്പുകളില്‍ നിരാശാജനകമായ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. കഴിഞ്ഞ പത്തൊമ്പത് ചാമ്പ്യന്‍ഷിപ്പുകളില്‍ ആറ് തവണ ഇന്ത്യ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഏറ്റവും മികച്ച പ്രകടനം 1985 ല്‍ ജക്കാര്‍ത്തയിലായിരുന്നു. പി ടി ഉഷയുടെ അഞ്ച് സ്വര്‍ണമെഡലുള്‍പ്പടെ 22 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ ഇന്ത്യ ചൈനക്ക് പിറകില്‍ രണ്ടാം സ്ഥാനക്കാരായി. പത്ത് സ്വര്‍ണമാണ് ജക്കാര്‍ത്തയില്‍ ഇന്ത്യ വാരിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഗെയിംസ് ഇന്ത്യയിലെത്തിയപ്പോഴും പ്രകടനം മോശമായില്ല. എട്ട് സ്വര്‍ണമുള്‍പ്പടെ 22 മെഡലുകള്‍ ഇന്ത്യ നിലനിര്‍ത്തി. ചൈന തന്നെയാണ് ചാമ്പ്യന്‍മാരായത്. 2003 മനില ഗെയിംസിലായിരുന്നു മോശം പ്രകടനം. ഒരു സ്വര്‍ണം പോലുമില്ലാതെ ആറ് മെഡലുകളില്‍ ഒതുങ്ങിയ ഇന്ത്യ പതിനാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.