തൊഴിലാളി പണിമുടക്ക്: നെയ്‌വേലിയിലെ വൈദ്യുതി ഉത്പാദനത്തില്‍ വന്‍ കുറവ്

Posted on: July 5, 2013 1:15 am | Last updated: July 5, 2013 at 1:15 am

ചെന്നൈ: നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷനില്‍(എന്‍ എല്‍ സി) തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്കിനെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനത്തില്‍ ഇന്നലെ 320 മെഗാവാട്ടിന്റെ കുറവുണ്ടായി. ലിഗ്‌നൈറ്റ് ഖനനത്തേയും പണിമുടക്ക് ബാധിച്ചിട്ടുണ്ട്. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ടൗണ്‍ ഷിപ്പില്‍ 3000ത്തിലേറെ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

എന്‍ എല്‍ സിയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കമ്പനിയിലെ 13,000 കരാര്‍ തൊഴിലാളികളടക്കം 30,000ത്തോളം തൊഴിലാളികള്‍ ബുധനാഴ്ച രാത്രി ഒമ്പത് മണി മുതല്‍ പണിമുടക്കാരംഭിച്ചത്. 7,000 ത്തോളം വരുന്ന എന്‍ജിനീയര്‍മാര്‍ പണിമുടക്കുന്നില്ല.
‘എന്‍ എല്‍ സി വ്യാഴാഴ്ച 2170 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. പൂര്‍ണ ശേഷിയിലും 320 മെഗാവാട്ട് കുറവ്. 2490 മെഗാവാട്ടാണ് പൂര്‍ണ ഉത്പാദന ശേഷി’ – കമ്പനി പി ആര്‍ ഒ ശ്രീധര്‍ പറഞ്ഞു. കമ്പനിയുടെ മൂന്ന് ഖനികളില്‍ ലിഗ്‌നൈറ്റ് ഖനനം പൂര്‍ണമായും തടസ്സപ്പെട്ടുവെന്ന് കമ്പനി മൈന്‍സ് ഡിവിഷന്‍ ഡപ്യൂട്ടി എന്‍ജിനീയര്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു. പണിമുടക്കിനെ തുടര്‍ന്ന് ഖനിയിലെ പ്രത്യേക ഉപകരണങ്ങളുടെ പ്രവര്‍ത്തനവും മുടങ്ങി.
എന്‍ എല്‍ സിയില്‍ പ്രതിമാസം 23.6 ലക്ഷം ടണ്‍ ലിഗ്‌നൈറ്റാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം തെര്‍മല്‍ സ്റ്റേഷനുകള്‍ പ്രതിദിനം 2,490 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇതില്‍ 1,110 മെഗാവാട്ട് തമിഴ്‌നാടിനും, 277 മെഗാവാട്ട് കര്‍ണാടകക്കും, 215 മെഗാവാട്ട് കേരളത്തിനും, 95 മെഗാവാട്ട് പുതുച്ചേരിക്കും ലഭിക്കുന്നു.
കമ്പനി മാനേജുമെന്റിന്റെ ഹരജി പരിഗണിച്ച് മദ്രാസ് ഹൈക്കോടതി തൊഴിലാളി പണിമുടക്ക് കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എ ഐ എ ഡി എം കെ, ഡി എം കെ, സി ഐ ടി യു, എ ഐ ടി യു സി, പി എം കെ തുടങ്ങി 18 തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
എന്‍ എല്‍ സിയുടെ അഞ്ച് ശതമാനം ഓഹരി വില്‍ക്കാന്‍ കേന്ദ്രം തീരുമാനിച്ചപ്പോള്‍ മിക്കവാറും പാര്‍ട്ടികള്‍ അതിനെ എതിര്‍ത്തിരുന്നു. വിറ്റഴിക്കുന്ന ഓഹരി വാങ്ങാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം പറഞ്ഞിട്ടുണ്ട്.