Connect with us

Malappuram

മുള്ളമ്പാറ ഗവ. ആയുര്‍വേദ ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കണമെന്ന ആവശ്യം ശക്തം

Published

|

Last Updated

മഞ്ചേരി: 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മുള്ളമ്പാറ ഗവ.ആയുര്‍വേദ ആശുപത്രി താലൂക്കാശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം നടപ്പിലായില്ല. ആരോഗ്യവകുപ്പ് അവഗണിക്കുന്നതാണ് കാരണം.

നൂതന സാങ്കേതിക വിദ്യയും പ്രാചീനവും പ്രകൃതിദത്തവുമായ ചികിത്സാരീതികളും സംയോജിപ്പിച്ച് സൗജന്യ ചികിത്സയും പരിരക്ഷയും ലഭ്യമാക്കുന്നതിന് മുള്ളമ്പാറ ആശുപത്രി അപ്‌ഗ്രേഡ് ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
വര്‍ഷങ്ങളായി ജില്ല കാത്തിരിക്കുന്ന താലൂക്ക് ആശുപത്രിയില്‍ ബജറ്റില്‍ പോലും പരിഗണന നല്‍കിയിട്ടില്ല. അതേ സമയം മുന്‍വര്‍ഷത്തെ ബജറ്റില്‍ ആയുര്‍വേദ സര്‍വകലാശാല ആരംഭിക്കുന്നതിന് പ്രാരംഭവിഹിതമായി ഒരു കോടി രൂപ വകയിരുത്തുന്നു. കോട്ടക്കലില്‍ നിലവിലുള്ള ആയുര്‍വേദ കോളജ് സര്‍വകലാശാലയായി ഉയര്‍ത്തുന്നതിനാണിത്. ജില്ലക്ക് പ്രതീക്ഷയുയര്‍ത്തുന്നതാണെങ്കിലും തുടര്‍നടപടികള്‍ എങ്ങുമെത്തിയില്ല.
സംസ്ഥാനത്ത് ജനസംഖ്യയില്‍ മുന്നിട്ടുനില്‍ക്കുന്ന ജില്ലയില്‍ ആരോഗ്യപ്രശ്‌നങ്ങളും ഏറെയാണ്. മുള്ളമ്പാറ ആശുപത്രിയുടെ പുതിയ കെട്ടിടം 2000 മെയ് ഏഴിനാണ് അന്നത്തെ ധനമന്ത്രി ഉദ്ഘാടനം ചെയ്തത്. മുള്ളമ്പാറ നീലിക്കുന്നിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി നഗരസഭ നിര്‍മിച്ച കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യത്തിന്റെ പരിമിതിയുണ്ട്. രണ്ട് സ്വകാര്യവ്യക്തികള്‍ സംഭാവന നല്‍കിയ സ്ഥലത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. എം പി ഫണ്ടുപയോഗിച്ച് വാര്‍ഡുകളും സജ്ജമാക്കി. 20 കിടക്കളുള്ള സ്വന്തം കെട്ടിടമായിട്ടും താലൂക്കാശുപത്രിയായി ഉയര്‍ത്താനുള്ള നടപടികളായിട്ടില്ല. 1982ലാരംഭിച്ച ആശുപത്രി അന്നു മുതല്‍ താലൂക്ക് ആയുര്‍വേദ ആശുപത്രിയാക്കണമെന്ന മുറവിളി ഉയര്‍ന്നിരുന്നു.
മൂന്ന് സ്ഥിരം ഡോക്ടര്‍മാരും എന്‍ ആര്‍ എച്ച് എം ഡോക്ടറും ഇവിടെ സേവനമനുഷ്ടിക്കുന്നുണ്ട് . ബാലചികിത്സ, വിഷ ചികിത്സ, പഞ്ചകര്‍മ, മനോരോഗ ചികിത്സ എന്നിവക്ക് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ആവശ്യമാണ്. ദിനേന നൂറുകണക്കിന് രോഗികള്‍ ഒ പിയിലും ഇരുപതോളം പേര്‍ ഐ പിയിലും ചികിത്സ തേടിയെത്തുന്നു. ഇപ്പോഴത്തെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി താലൂക്ക് ആശുപത്രിയായി ഉയര്‍ത്താന്‍ കഴിയും.