കാലവര്‍ഷം ജില്ലയില്‍ 2.8 കോടിയുടെ നാശനഷ്ടം

Posted on: June 29, 2013 6:00 am | Last updated: June 28, 2013 at 11:00 pm

പാലക്കാട്: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളില്‍ അടിയന്തരമായി സഹായമെത്തിക്കാന്‍ തഹസില്‍മാര്‍ക്ക് ജില്ലാകലക്ടര്‍ പി എം അലി അസ്ഗര്‍ പാഷ നിര്‍ദേശം നല്‍കി. മഴകനത്തതോടെ ജില്ലയില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. 2. 8 കോടിയുടെ നാശനഷ്ടം കണക്കാക്കുന്നു.
ഏഴ് വീടുകള്‍ പൂര്‍ണമായും 148 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 27.476 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നു. 109. 01 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശമുണ്ടായി. നഷ്ടം 253. 19 ലക്ഷം രൂപ വരുമെന്ന് കണക്കാക്കുന്നു. ഒറ്റപ്പാലം, ആലത്തൂര്‍ താലൂക്കുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പൂര്‍ണമായി വീടുതകര്‍ന്നവര്‍ക്ക് ഒരുലക്ഷം രൂപയും ഭാഗികമായി തകര്‍ന്നവര്‍ക്ക് 35000രൂപയും വീതം സഹായം നല്‍കും. കാലവര്‍ഷക്കെടുതിയില്‍ ജീവഹാനി സംഭവിക്കുന്നവരുടെ ആശ്രിതര്‍ക്ക് രണ്ടുലക്ഷം രൂപവീതവും കുട്ടികള്‍ക്ക് 1. 5 ലക്ഷം രൂപയും നല്‍കും.
പകര്‍ച്ചവ്യാധികള്‍ തടയാനും രോഗബാധിതപ്രദേശങ്ങളില്‍ അടിയന്തിരവൈദ്യസഹായമെത്തിക്കാനും ആരോഗ്യവകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കി. അപകടസാധ്യത മുന്നില്‍ കണ്ട് അത്യാഹിതം ഒഴിവാക്കുന്നതിനും നടപടിയെടുക്കുന്നതിനും ഗതാഗത-വൈദ്യുത-ടെലിഫോണ്‍ വകുപ്പുകളോടും നിര്‍ദേശിച്ചിട്ടുണ്ട്.