വെള്ളം കരുതിവെക്കാം

Posted on: June 21, 2013 12:33 am | Last updated: June 21, 2013 at 12:33 am

വേനലിന്റെ കൊടും ചൂടിനു ശേഷം ഭൂമിയിലേക്ക് ഇടവപ്പാതി പെയ്തിറങ്ങി. ഒരിറ്റു വെള്ളത്തിനായി തൊണ്ട വരണ്ടവരുടെ മുന്നിലൂടെയാണ് ഈ മഴവെള്ളമത്രയും കുത്തിയൊലിച്ചുപോകുന്നത്. ഓരോ തുള്ളിയും ജീവജലമാണെന്നു പ്രഖ്യാപിക്കുന്ന നമുക്കു മുന്നിലൂടെ തന്നെ വെള്ളം ഒഴുകിപ്പോകുന്നു. വരള്‍ച്ചയും ചൂടും അനുഭവിച്ചറിഞ്ഞവര്‍ക്കു മുന്നിലൂടെ ഓരോ തുള്ളിയും ഒഴുകുമ്പോള്‍ നിസ്സംഗത മാത്രം. പഴയതെല്ലാം നമ്മള്‍ മറക്കുന്നു. അടുത്ത കൊടും വേനല്‍ വരുമ്പോള്‍ മാത്രം വെള്ളത്തിന്റെ പ്രാധാന്യവും കൊടും വരള്‍ച്ചയുടെ ദുരിതങ്ങളും ഓര്‍ക്കുന്നു. അതിലുപരിയായി അടുത്ത വേനല്‍ വരുമ്പോഴേക്കും ഒരു തുള്ളി കരുതിവക്കാം.
2015 ഓടുകൂടി എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം എന്ന ഐക്യരാഷ്ട്രസഭയുടെ സഹസ്രാബ്ദ വികസന ലക്ഷ്യം 50ലധികം രാജ്യങ്ങള്‍ക്ക് ഇന്നത്തെ നിലയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് പഠനങ്ങള്‍ പറയുന്നു. തണ്ണീര്‍ത്തടങ്ങളും വനങ്ങളും ലോകത്ത് പകുതിയിലധികം നശിച്ചുകഴിഞ്ഞതായി വേള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പറയുന്നു. നാസയുടെ ഉപഗ്രഹ പഠനമനുസരിച്ച് ഭൂഗര്‍ഭ ജലനിരപ്പ് ആഗോളവ്യാപകമായിത്തന്നെ അപകടകരമായ രീതിയില്‍ താഴ്ന്നുകൊണ്ടിരിക്കയാണ്.
ശാസ്ത്രജ്ഞന്മാര്‍ ഇതര ഗ്രഹങ്ങളിലെവിടെയെങ്കിലും ജീവനുണ്ടോ എന്നന്വേഷിക്കുന്നത് അവിടെ ജലകണികകളുണ്ടോ എന്ന അന്വേഷണത്തോടെയാണ്. ജലമുണ്ടെങ്കില്‍ ജീവനുണ്ടെന്നര്‍ഥം. ജലമില്ലാതെ ജീവന്‍ നിലനില്‍ക്കില്ല. ഭൂമിയെ നീലഗ്രഹം എന്നു വിളിക്കുന്നത് ജലസാന്നിധ്യം കൊണ്ടാണ്. ജീവന്റെ ഉത്പത്തി, വികാസം, പരിരക്ഷ തുടങ്ങിയവയെല്ലാം വെള്ളത്തെ ആശ്രയിച്ചാണ്. പ്രാണവായു കഴിഞ്ഞാല്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിന്റെ അടിസ്ഥാനം വെള്ളമാണ്. ജലാധിഷ്ഠിതമായ ഒരു ആവാസവ്യവസ്ഥയാണ് ഭൂമിക്കുള്ളത്. ചെറുതും വലതുമായ ജീവനുള്ള പ്രകൃതിയിലെ എല്ലാം ഈ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണ്, വായു, സസ്യങ്ങള്‍, ജന്തുക്കള്‍, പറവകള്‍, സൂക്ഷ്മജീവികള്‍ എന്നിവയുടെയെല്ലാം നിലനില്‍പ്പ് വെള്ളവുമായി ബന്ധപ്പെട്ടാണ്. പ്രകൃതിസംവിധാനത്തിലും മൂലകങ്ങളുടെ ജൈവരാസ ചാക്രിക ഗതികളിലും വെള്ളം നിര്‍ണായകമാണ്. കാലാവസ്ഥാനിര്‍ണയത്തിലും പ്രകൃതിസംവിധാനത്തിലും വെള്ളം അത്യാവശ്യമാണെന്നര്‍ഥം.
ദിവസവും രണ്ട് ലിറ്റര്‍ മുതല്‍ മൂന്ന് ലിറ്റര്‍ വരെ ജലം മനുഷ്യ ശരീരത്തിന് ആവശ്യമാണ്. ഭക്ഷണം ലഭിക്കാതെ നമുക്ക് അഞ്ചാഴ്ച പിടിച്ചുനില്‍ക്കാനാവുമെങ്കില്‍ ജലമില്ലാതെ അഞ്ച് ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കാനാകില്ല. മനുഷ്യശരീരത്തില്‍ എപ്പോഴും 35 മുതല്‍ 50 വരെ ലിറ്റര്‍ ജലം നില്‍ക്കുന്നു. പൂര്‍ണവളര്‍ച്ചയെത്തിയ ഒരാളുടെ ശരീരത്തില്‍ 70 ശതമാനവും വെള്ളമാണ്. ശരീരത്തില്‍ ജലത്തിന്റെ ഒരു ശതമാനത്തിന്റെ കുറവുണ്ടാകുമ്പോഴേക്കും നമുക്ക് ദാഹിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ ശരീരം നിര്‍ജലീകരണത്തിന് വിധേയമാകും. ഇത് പല രോഗങ്ങള്‍ക്കും കാരണമാകും.
ഇത്രയധികം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മറ്റൊരു വിഭവമുണ്ടോ? കുടിക്കാന്‍, കുളിക്കാന്‍, ഭക്ഷണം പാകംചെയ്യാന്‍, അലക്കാന്‍, ശുദ്ധീകരിക്കാന്‍, ശ്വസനം, ദഹനം, വിസര്‍ജനം, താപ നില നിയന്ത്രണം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, കൃഷി, ജലസേചനം, ഗതാഗതം, വ്യവസായം, മാലിന്യനിര്‍മാര്‍ജനം, ഊര്‍ജോത്പാദനം തുടങ്ങി എല്ലാറ്റിനും ജലം കൂടിയേ കഴിയൂ.
നിറമോ ഗന്ധമോ പ്രത്യേകമായ രുചിയോ ഇല്ലാത്ത സുതാര്യമായ ഒരു ദ്രാവകമാണ് വെള്ളം. ഖര, ദ്രാവക, വാതക രൂപങ്ങളെല്ലാം സ്വീകരിക്കാന്‍ കഴിവുള്ള മായാജാലക്കാരന്‍. വെള്ളം താഴോട്ട് ഒഴുകുന്നതുപോലെ ആവിയായി മേലോട്ടും സഞ്ചരിക്കും. അതിര്‍ത്തികള്‍ വകവെക്കാതെ എങ്ങോട്ടും പരന്നൊഴുകും. 100 ഡിഗ്രി സെന്റിഗ്രേഡില്‍ തിളക്കുകയും പൂജ്യം ഡിഗ്രി സെന്റിഗ്രേഡില്‍ തണുത്ത് ഹിമമാകുകയും ചെയ്യും.
സമുദ്രത്തിലൂടെയും കരയിലൂടെയും അന്തരീക്ഷത്തിലൂടെയും ജലം എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ചാക്രികമായ ഈ ജലസഞ്ചാരം ഭൂമിയില്‍ ജല സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു. ബാഷ്പീകരിക്കപ്പെട്ട ജലം മേഘങ്ങളായി രൂപം കൊള്ളുകയും മഴയും മഞ്ഞുമായി ഭൂമിയില്‍ പതിക്കുകയും ചെയ്യുന്നു. ഇവയില്‍ കൂടുതലും വീണ്ടും നദികളിലൂടെയും മറ്റും കടലിലെത്തുന്നു. തടാകങ്ങളിലും നദികളിലുമുള്ള ജലവും ബാഷ്പീകരണം വഴി അന്തരീക്ഷത്തിലെത്തി മേഘങ്ങളായി മാറുന്നു. ഇങ്ങനെ ഭൂമിയില്‍ ജലചക്രം സന്തുലിതത്വത്തോടെ നിലനില്‍ക്കുന്നു.
ഭൂമിയിലെ മൂന്നില്‍ രണ്ട് ഭാഗവും വെള്ളമാണ്. ആകെ വെള്ളത്തിന്റെ 97.5 ശതമാനവും ഉപ്പുവെള്ളമാണ്. ബാക്കിയുള്ള 2.5 ശതമാനമാണ് ശുദ്ധജലം. ഇതില്‍ ഭൂരിഭാഗവും ധ്രുവപ്രദേശങ്ങളിലും മഞ്ഞുമലകളിലുമായി കിടക്കുകയാണ്. ആകെ വെള്ളത്തിന്റെ അര ശതമാനം മാത്രമേ നമുക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ശുദ്ധജലമുള്ളൂ. ഇവ തണ്ണീര്‍ത്തടങ്ങള്‍, പുഴകള്‍, കുളങ്ങള്‍, കിണറുകള്‍, നദികള്‍ എന്നിവിടങ്ങളിലായി കിടക്കുന്നു. പ്രകൃതി സ്വരൂപിച്ച് കൂട്ടിവെച്ചിട്ടുള്ള വെള്ളത്തിന്റെ കരുതല്‍ ശേഖരമാണ് ഭൂഗര്‍ഭജലം.
ലോകത്ത് 80 ശതമാനം ജലവും മലിനപ്പെട്ടതായി ഇക്കോളജിക്കല്‍ സയന്‍സിന്റെ പഠനം പറയുന്നു. ഒരു ഭാഗത്ത് ജലം ശുഷ്‌കിച്ചുവരുമ്പോള്‍ ജലസ്രോതസ്സുകള്‍ മലിനമാകുന്നത് ഏറ്റവും വലിയ ഭീഷണിയാണ്. മണ്ണൊലിപ്പ്, ഡിറ്റര്‍ജന്റുകള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, വിസര്‍ജ്യങ്ങള്‍, വ്യാവസായിക ഗാര്‍ഹിക മാലിന്യങ്ങള്‍, ഖരരാസ മാലിന്യങ്ങള്‍, പ്ലാസ്റ്റിക്, ഇലക്ട്രോണിക്‌സ് മാലിന്യങ്ങള്‍, ആണവലോഹ മാലിന്യങ്ങള്‍, ജീവികളുടെ ശവങ്ങള്‍ ഇവയെല്ലാം ജലത്തെ മലിനമാക്കുന്നു.
ദരിദ്രരാജ്യങ്ങള്‍ സാംക്രമിക രോഗങ്ങളുടെ പിടിയിലമരുന്നതിന്റെ മുഖ്യകാരണം ശുദ്ധജല ദൗര്‍ലഭ്യമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം അഞ്ച് കോടിയോളം പേര്‍ ജലജന്യ രോഗങ്ങളാല്‍ മരിക്കുന്നു. യുനിസെഫിന്റെ മറ്റൊരു കണക്കനുസരിച്ച് മലിനജലം ഉപയോഗിക്കേണ്ടിവരുന്നതുമൂലം 16 ലക്ഷം കുട്ടികളാണ് പ്രതിവര്‍ഷം മരണപ്പെടുന്നത്. യുദ്ധങ്ങള്‍ ഉള്‍പ്പെടെയുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ മലിനജലം ഉപയോഗിക്കേണ്ടിവരുന്നതുമൂലം മരണപ്പെടുന്നതായി ഐക്യരാഷ്ട്രസഭയുടെ പാരിസ്ഥിതിക പരിപാടി റിപ്പോര്‍ട്ട് പറയുന്നു.
ഭൂഗര്‍ഭജലം പോലും നൈട്രേറ്റുകളാല്‍ വലിയ തോതില്‍ മലിനപ്പെടുന്നതായി സമീപകാല പഠനങ്ങള്‍ പറയുന്നു. ഔദ്യോഗിക രേഖകളനുസരിച്ചു തന്നെ ഇന്ത്യയിലെ രണ്ട് ലക്ഷത്തിലധികം ഗ്രാമീണ വീടുകളില്‍ മാലിന്യം കലര്‍ന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. നമ്മുടെ രാജ്യത്ത് 1974ല്‍ ജലമലിനീകരണ നിരോധ നിയന്ത്രണ നിയമം നിലവില്വന്നതോടെ ജലം മലിനപ്പെടുത്തുന്നത് കുറ്റകരമാണ്. പലതിനും പകരം വെക്കാവുന്ന വസ്തുക്കളുണ്ട്. എന്നാല്‍, ജലത്തിനു പകരം ജലം മാത്രമേയുള്ളൂ. അത് ഓരോ തുള്ളിയും അമൂല്യമാണ്. നാം പാഴാക്കുന്ന ഓരോ തുള്ളിയും മറ്റുള്ളവരുടെ ദാഹജലം ലഭിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണ്.
* ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് ഒറ്റക്കും കൂട്ടായും ശാസ്ത്രീയമായ പദ്ധതികള്‍ നടപ്പാക്കുക.
* ജലസംരക്ഷണത്തിന് മറ്റുള്ളവരെ ബോധവത്കരിക്കുക.
* പറമ്പില്‍ ചെറുതും വലുതുമായ മഴക്കുഴികള്‍ നിര്‍മിക്കുക.
* മഴവെള്ള ശേഖരണം കാര്യക്ഷമമാക്കുക.
* പാടശേഖരങ്ങള്‍ മണ്ണിട്ടുനികത്താതിരിക്കുക.
* പൊതു ഇടങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുക.
* ജലം പാഴായിപ്പോകാന്‍ ഒരു കാരണവശാലും
അനുവദിക്കാതിരിക്കുക.
* നിലവിലുള്ള ജലസമ്പത്ത് സംരക്ഷിച്ച് മിതമായി ഉപയോഗിക്കുക.
* പൊതുകിണറുകളും കുളങ്ങളും വൃത്തിയായി ഉപയോഗിക്കുക.
* തടയണകളും നീര്‍ക്കുഴികളുമൊരുക്കി മഴ വെള്ളത്തിന് മണ്ണിലിറങ്ങാന്‍ വഴിയൊരുക്കുക.
* കുഴല്‍ക്കിണര്‍ കുഴിക്കാതിരിക്കുക.
* വനവത്കരണം, തടയണ നിര്‍മാണം എന്നിവ കാര്യക്ഷമമായി നടപ്പാക്കുക.
* കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെയും റോഡുകളുടെയും ആധിക്യം കുറക്കുക.
* പറമ്പുകളിലും പൊതു ഇടങ്ങളിലും മരങ്ങള്‍ നടുകയും
സംരക്ഷിക്കുകയും ചെയ്യുക.
* അശ്രദ്ധമായി ടാപ്പുകള്‍ തുറന്നിടാതിരിക്കുക. ഉപയോഗിച്ചശേഷം പൂര്‍ണമായി അടക്കുക.
* ടാപ്പില്‍നിന്ന് നേരിട്ട് എടുക്കാതെ പാത്രത്തില്‍ ശേഖരിച്ച ശേഷം ഉപയോഗിക്കുക.
* സാധിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഒരിക്കല്‍ ഉപയോഗിച്ച ജലം വീണ്ടും ഉപയോഗിക്കുക. (ഉദാ. അടുക്കളയില്‍ പാത്രം കഴുകിയ വെള്ളം ചെടികള്‍ നനക്കാന്‍ ഉപയോഗിക്കുക).
* മാലിന്യങ്ങള്‍ ജലസ്രോതസ്സുകളില്‍ നിക്ഷേപിക്കാതിരിക്കുക.
* ജലം പങ്കിടുന്ന കാര്യത്തില്‍ സാഹോദര്യം, തുല്യത, നീതി എന്നിവ പുലര്‍ത്തുക.