Connect with us

Articles

തൊഴില്‍ സംസ്‌കാര ജീര്‍ണതയും ചില മെയ്ദിന സ്മരണകളും

Published

|

Last Updated

എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്ന മുദ്രാവാക്യവുമായി ചിക്കാഗോ നഗരത്തില്‍ പ്രക്ഷോഭം നടത്തിയ തൊഴിലാളികള്‍ക്കു നേരെ നടന്ന വെടിവെപ്പില്‍ മരിച്ചു വീണവരുടെ സ്മരണയെ മുന്‍ നിറുത്തിയാണ് തൊഴിലാളി വര്‍ഗ പാര്‍ട്ടികള്‍ മെയ്ദിനം കൊണ്ടാടുന്നത്. 1899ലെ അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോണ്‍ഗ്രസാണ് മെയ് ഒന്ന് ഈ തരത്തില്‍ കൊണ്ടാടണമെന്നു നിശ്ചയിച്ചത്. ഇതിനു മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്. യൂറോപ്പിലെ പരമ്പരാഗതമായ വസന്തകാല ആഘോഷങ്ങളുടെ ദിവസമായിരുന്നു മെയ് ഒന്ന്. ക്രിസ്തു മതസ്ഥാപനത്തിനു മുമ്പുണ്ടായിരുന്ന കാര്‍ഷിക അനുഷ്ഠാനങ്ങളില്‍ നിന്നാകാം ഇത്തരമൊരാഘോഷത്തിന്റെ ആവിര്‍ഭാവം. കേരളീയരുടെ വിഷു ആഘോഷത്തിന്റെ മറ്റൊരു രൂപമായിരുന്നു യൂറോപ്പിലെ ഈ വസന്തോത്സവം. മരങ്ങള്‍, പച്ച മരച്ചില്ലകള്‍, പുഷ്പഹാരങ്ങള്‍, ഇവ കൂടാതെ ഒരു മെയ് മാസ രാജാവ് മെയ് മാസരാജ്ഞി ഇവരെ അണിയിച്ചൊരുക്കി ഒരു മെയ് ദിന ദണ്ഡും പിടിപ്പിച്ച് ജനങ്ങള്‍ തെരുവില്‍ നടത്തിയിരുന്ന വസന്തോത്സവ ഘോഷയാത്രകളായിരുന്നു ഇന്നത്തെ മെയ്ദിന റാലികളുടെ പൂര്‍വ രൂപം.
എട്ട് മണിക്കൂര്‍ ജോലി എന്ന ആവശ്യം 1886 മെയ് ഒന്നിന് മുമ്പ് അംഗീകരിച്ചു കിട്ടണം എന്ന ആവശ്യം അമേരിക്കന്‍ ലേബര്‍ യൂനിയന്‍ തൊഴിലുടമകള്‍ക്ക് നല്‍കിയ അന്ത്യശാസനമായിരുന്നു. ഇത് അംഗീകരിച്ചു കിട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു 1886 മെയ് ഒന്നിന്റെ പണിമുടക്ക്. ചിക്കാഗോ തെരുവില്‍ നടന്ന വന്‍ റാലി, ലാത്തിച്ചാര്‍ജിലും വെടിവെപ്പിലുമാണ് കലാശിച്ചത്. നാല് തൊഴിലാളികള്‍ മരിച്ചു. മൂന്ന് ദിവസങ്ങള്‍ക്കു ശേഷം രക്തസാക്ഷിത്വം വരിച്ചവരെ അനുസ്മരിക്കാനും പോലീസ് അതിക്രമത്തില്‍ പ്രതിഷേധിക്കാനുമായി ചിക്കാഗോ മാര്‍ക്കറ്റില്‍ ഒത്തുകൂടിയ വന്‍ ജനക്കൂട്ടത്തിന് നേരെ നടന്ന ബോംബേറില്‍ ഏഴ് പോലീസുകാരും നാല് തൊഴിലാളികളും മരിച്ചു. ഇതിന്റെ പേരില്‍ നാല് തൊഴിലാളി നേതാക്കളെ തൂക്കിലേറ്റി. മെയ് ഒന്നിന് ലോക തൊഴിലാളി വര്‍ഗത്തിന്റെ വിമോചന സ്വപ്‌നങ്ങളുടെ ആവിഷ്‌കാരം എന്ന നിലയില്‍ ലോകമെങ്ങും ആഘോഷിക്കപ്പെടണം എന്ന തൊഴിലാളിവര്‍ഗ സ്വപ്‌നം 1990 മെയ് ഒന്ന് മുതല്‍ സാക്ഷാത്കരിക്കപ്പെട്ടു.
എല്ലാ ആഘോഷങ്ങളും, ഒരു നഷ്ട പറുദീസയുടെ വീണ്ടുകിട്ടല്‍ പ്രതീക്ഷയുടെ പശ്ചാത്തലത്തില്‍ ആണല്ലോ. അന്യവത്കരണം എന്ന ആശയം ഇവിടെയാണ് പ്രസക്തമാകുന്നത്. ഇതു പല തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം മാത്രമല്ല താത്കാലിക ലക്ഷ്യവും ആനന്ദം അനുഭവിക്കുക എന്നതാണ് . ആനന്ദവിമുക്തമായ പ്രവൃയാണ് ഒരര്‍ഥത്തില്‍ അന്യവത്കരണം.
വ്യവസായ വിപ്ലവത്തെ തുടര്‍ന്നു തൊഴിലിനെ സംബന്ധിച്ചു മാറി വന്ന കാഴ്ചപ്പാടുകള്‍ എല്ലാ തരം ആധ്യാത്മിക പാരമ്പര്യങ്ങളുടെയും സത്തയെ തൃണവത്ഗണിച്ചു കൊണ്ടുള്ള ഒരു പാഞ്ഞുകയറ്റമായിരുന്നു. ദൈവശാസ്ത്രജ്ഞന്മാരും കലാകാരന്മാരുമായി സംഭവിച്ച വേര്‍പിരിയില്‍ ആയിരുന്നു ആദ്യ ഘട്ടം. ഫലമോ? മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അന്യവത്കരണം. മതം അടിസ്ഥാനപരമായി അതില്‍ തന്നെ ഒരു കവിതയാണെന്ന സത്യം അവഗണിക്കപ്പെട്ടു. കഥയും കവിതയും വാസ്തുശില്‍പ്പശാസ്ത്രവും ഒക്കെ ദൈവശാസ്ത്രത്തിനന്യമായി തീര്‍ന്നു. ആത്മീയദര്‍ശനം നഷ്ടമായ ഒരു മതേതര സമൂഹത്തിന്റെ പിറവി ഇതോടെ പൂര്‍ത്തിയായി. കല മാത്രമല്ല ശാസ്ത്രവും ആത്മീയതക്ക് അന്യമാണെന്ന ധാരണ പ്രബലമായി. ആത്മീയദര്‍ശനം നഷ്ടപ്പെട്ട ഒരു മതേതര സമൂഹം യാതൊരു തരത്തിലുള്ള സര്‍ഗാത്മകതയും ഉത്പാദിപ്പിക്കുന്നില്ല. അത് കേവലം ആത്മാവ് നഷ്ടപ്പെട്ട ജഡവസ്തുക്കളുടെ ഉത്പാദന വിതരണ ഉപഭോഗങ്ങളില്‍ തൃപ്തിപ്പെടുന്നു. സെക്കുലറിസം അഥവാ മതേതരത്വം എന്നത് ഒരു ഉപഭോഗാധിഷ്ഠിത സമൂഹത്തിന്റെ ചെല്ലപ്പേരായി (petname) അധഃപതിച്ചിരിക്കുന്നു. ചരിത്രത്തിന്റെ കര്‍ത്താവായിരിക്കേണ്ട (subject) മനുഷ്യനെ ഇത് ചരിത്രത്തിന്റെ കര്‍മം (object) ആക്കി മാറ്റിയിരിക്കുന്നു. പേരു ചൊല്ലി വിളിക്കപ്പെടുന്ന ഒരു മൃഗം എന്ന മനുഷ്യന്റെ പ്രാഥമികാന്തസ്സ് പോലും ഇന്നു അവന് നഷ്ടമായിരിക്കുന്നു. പണ്ടൊക്കെ പോലീസുകാരും പട്ടാളക്കാരും തടവുകാരും മാത്രമാണ് പേരിനു പകരം നമ്പറുകളില്‍ അറിയപ്പെട്ടിരുന്നതെങ്കില്‍ ഇന്നാ ഗതികേട് സകല മനുഷ്യരുടെ മേലും വന്നുഭവിച്ചിരിക്കുന്നു. നിങ്ങളുടെ പേരിനേക്കാള്‍ പ്രാധാന്യം നിങ്ങളുടെ സെല്‍ഫോണ്‍ നമ്പറിനും നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പറിനും ഒക്കെ കൈവന്നിരിക്കുന്നു. കേവലം ഉച്ചാരണ സുഭഗതയെ കരുതി പാരമ്പര്യമായി നല്‍കപ്പെട്ടിരുന്ന അര്‍ഥവത്തായ പേരുകള്‍ ഉപേക്ഷിക്കുകയും അര്‍ഥശൂന്യമായ ദ്വയാക്ഷര പേരുകള്‍ സ്വന്തം കുട്ടികള്‍ക്കു നല്‍കി തുടങ്ങുകയും ചെയ്ത കേരള ക്രൈസ്തവ സമൂഹം ഇത്തരം ചുവടുമാറ്റങ്ങളുടെ തുടക്കക്കാരായിരുന്നു. ഒരു നല്ല പേരു പോലും സ്വന്തം കുട്ടികള്‍ക്കു നല്‍കാന്‍ കഴിയാത്ത ഭാവനാശൂന്യരെന്നു കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളെ ചൂണ്ടിപ്പറയുന്ന കാലം അധികം വിദൂരത്തല്ല. പഴയ തലമുറക്ക് അവരുടെ സ്വത്വബോധം തൊട്ടുണര്‍ത്തുന്ന ഒരു പേരെങ്കിലും സ്വന്തമായിട്ടുണ്ടായിരുന്നു. വ്യാജ മതേതരത്വത്തിന്റെ ചെളിക്കുണ്ടില്‍ മുട്ടറ്റം താണു കിടക്കുന്ന പുതിയ തലമുറക്ക് അതു പോലും സ്വന്തമായിട്ടില്ല. അക്ഷരങ്ങളുടെ ലോകത്തുനിന്നും നാടുകടത്തപ്പെട്ട ഇവര്‍ ഇന്നു വെറും അക്കങ്ങളുടെ തടവുകാരായി മാറിയിരിക്കുന്നു.
പ്രൊഫഷണലിസത്തില്‍ ഊന്നിയ നമ്മുടെ അക്കാദമിക് വിദ്യാഭ്യാസത്തിനു വിദ്യാര്‍ഥികളുടെയോ അധ്യാപകരുടെയോ സര്‍ഗാത്മകതയെ തട്ടിയുണര്‍ത്താന്‍ കഴിയുന്നില്ലെന്നതാണ് പരമാര്‍ഥം. മുതലാളിത്ത ഉത്പാദന സമ്പ്രദായം സകലത്തെയും ചരക്കാക്കിയിരിക്കുന്നു. (commodity) അശാസ്ത്രീയമായ തൊഴില്‍ വിഭജനവും ചില പ്രത്യേക തൊഴിലിന്റെ പ്രത്യേക ഘടകങ്ങളെ മാത്രം കേന്ദ്രീകരിച്ചു നല്‍കപ്പെടുന്ന വൈദഗ്ധ്യം നേടലും വ്യക്തിയുടെ പദവിയെ ഇടിച്ചു താഴ്ത്തുകയും അവനെ സകല വിധേനയും എന്തിന്റെയൊക്കെയോ അടിമയാക്കുകയും ചെയ്തിരിക്കുന്നു. പഴയ അടിമ ഉടമ ബന്ധത്തില്‍ ഒരു മനുഷ്യനും മറ്റൊരു മനുഷ്യനും തമ്മിലുള്ള ബന്ധം എന്ന സാധ്യത എങ്കിലും പ്രയോജനപ്പെടുത്താമായിരുന്നു. ഉടമയുടെ മാനവികതയെ തൊട്ടുണര്‍ത്താന്‍ അടിമക്കും അപൂര്‍വമായി തിരിച്ചും സാധ്യതയുണ്ടായിരുന്നു. ഇന്നത്തെ ഈ നൂതന അടിമ വ്യവസ്ഥയില്‍ താനടിമയാണെന്ന കാര്യത്തെക്കുറിച്ച് ഒരടിമയും അറിയുന്നില്ലെന്നതാണ് പരമാര്‍ഥം. സര്‍ഗാത്മകതയിലൂന്നിയ സ്വാതന്ത്ര്യത്തിന്റെ സാധ്യതകളെ തിരിച്ചറിയാതെ പോകുന്ന തൊഴില്‍ സംസ്‌കാരം സാര്‍വത്രികമാകുന്നു. കുറേ നാണയ തുട്ടുകള്‍, നീട്ടപ്പെട്ട കരങ്ങളില്‍ വെച്ചു കൊടുത്താല്‍ പരിഹൃതമാകുന്നതേയുള്ളൂ ഇന്നത്തെ സംഘടിത തൊഴിലാളികളുടെ വിലപേശല്‍ ശക്തിയെന്നു ഈ വ്യവസ്ഥിതിയുടെ നടത്തിപ്പുകാര്‍ക്കറിയാം.
ഒരു കൈ കൊണ്ടു വേതനവര്‍ധനവ് നല്‍കുക മറുകൈകൊണ്ട് ജീവിത ചെലവുകള്‍ അനുനിമിഷം വര്‍ധിപ്പിച്ച് നല്‍കിയ വര്‍ധനവുകള്‍ തിരിച്ചു പിടിക്കുക. അതല്ലേ ഇന്നു സംഭവിക്കുന്നത്? അപ്പം പങ്ക് വെക്കാന്‍ കുരങ്ങിനെ മധ്യസ്ഥനാക്കിയ പൂച്ചയുടെ അവസ്ഥയാണ് ഇന്നു സംഘടിത തൊഴിലാളികളുടെത്. ഈ കഥയിലെ കുരങ്ങിന്റെ റോളിലായിട്ടുണ്ട് ട്രെയിഡ് യൂനിയന്‍ നേതാക്കളും അവരെ നയിക്കുന്ന രാഷ്ട്രീയ കക്ഷികളും. അപ്പോള്‍ പിന്നെ അത്രയൊന്നും സംഘടിതരല്ലാത്ത തൊഴിലാളികളുടെ കാര്യം പറയേണ്ടതുണ്ടോ? പുതിയ സ്വാശ്രയ സ്ഥാപനങ്ങളും മറ്റും വ്യാപകമായതോടെ അസംഘടിത മേഖലയിലെ അസംതൃപ്ത തൊഴിലാളികള്‍ അധ്വാനത്തിന്റെ അന്യവത്കരണം ഭീതിദമായ തോതില്‍ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.
തൊഴിലിന്റെ വേതനത്തേക്കാള്‍ ആദ്യം തൊഴിലാളി ചിന്തിച്ചു തുടങ്ങേണ്ടത് താനേര്‍പ്പെട്ടിരിക്കുന്ന തൊഴിലില്‍ നിന്നു തനിക്കു ലഭിക്കാവുന്ന ആനന്ദത്തെക്കുറിച്ചായിരിക്കണം. യഥേഷ്ടം വ്യക്തികളുടെ വ്യത്യസ്തമായ അഭിരുചികള്‍ക്കനുരൂപമായ തരത്തില്‍ തൊഴില്‍ തിരഞ്ഞെടുക്കാന്‍ അവസരം ഇല്ലാത്ത ഒരു സമൂഹത്തില്‍ ഇത്തരം നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്ന തടസ്സവാദത്തെ അംഗീകരിച്ചുകൊണ്ടു തന്നെ ചോദിക്കട്ടെ, ഇത്തരം ഒരു വിദൂര ലക്ഷ്യത്തെ മുന്‍ നിറുത്തികൊണ്ട് നമ്മുടെ വിദ്യാഭ്യാസ രംഗം, തൊഴില്‍ പരിശീലന മേഖല, തൊഴില്‍ സംസ്‌കാരത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍, ഇവയൊക്കെ ഒന്നു പുനഃസംഘടിപ്പിക്കുന്നതിനെന്താണ് തടസ്സം?
പൊതുവിദ്യാഭ്യാസരംഗത്തു വളര്‍ന്നു വരുന്ന സ്വാശ്രയഭ്രാന്ത്, കുടുംബ ബജറ്റിന്റെ സിംഹഭാഗവും കുട്ടികളുടെ വിദ്യാഭ്യാസത്തിനു ചെലവഴിച്ചാല്‍ തങ്ങളുടെ കുട്ടികളുടെ മുമ്പില്‍ കോര്‍പറേറ്റ് സ്വര്‍ഗങ്ങളുടെ വാതിലുകള്‍ തുറക്കപ്പെടും എന്നുള്ള ഇടത്തരക്കാരുടെ വ്യാമോഹം ഇതിനൊക്കെ എങ്ങനെ അറുതിവരുത്താം എന്ന ആലോചനകൂടി നമ്മുടെ സോഷ്യല്‍ എന്‍ജിനീയറിംഗിന്റെ ഭാഗമാകേണ്ടതുണ്ട്.
ഈയിടെ നമ്മുടെ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇന്റര്‍വ്യൂ നടത്തി തയ്യാറാക്കിയ മൂവായിരം ഡോക്ടറന്മാരുടെ ലിസ്റ്റ് സര്‍ക്കാറിലേക്കു സമര്‍പ്പിച്ചുകൊണ്ട് അനുബന്ധമായി നല്‍കിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മാധ്യമങ്ങള്‍ പരസ്യപ്പെടുത്തുകയുണ്ടായല്ലോ. ആ റിപ്പോര്‍ട്ടിലെ രസകരമായ നിഗമന പ്രകാരം ഈ ലിസ്റ്റിലെ ഒറ്റ വ്യക്തിപോലും യഥാര്‍ഥത്തില്‍ നമ്മുടെ ആശുപത്രികളിലെ ഭിഷഗ്വര ജോലിക്കു യോഗ്യരല്ല. മൂക്കില്ലാ നാട്ടില്‍ മുറിമൂക്കന്‍ രാജാവ് എന്ന പോലെ അപേക്ഷ സമര്‍പ്പിച്ചു സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി കൂടിക്കാഴ്ചക്കു സന്നിഹിതരായി ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മുമ്പില്‍ ഹാജരായവരുടെ പ്രകടനത്തെ മുന്‍നിറുത്തി തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റാണ് നമ്മുടെ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റുകള്‍ എന്നു വന്നിരിക്കുന്നു. കേരളത്തിലെ മുഴുവന്‍ ജില്ലകളുടെയും പേര്, തങ്ങളപേക്ഷിച്ച ജോലിയുമായി ബന്ധപ്പെട്ട വകുപ്പ് ഭരിക്കുന്ന കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ ഇവരുടെ ഒന്നും പേരുപോലും അറിയാത്ത ഉദ്യോഗാര്‍ഥികള്‍ കൂടി തയ്യാറാക്കപ്പെട്ട റാങ്ക് ലിസ്റ്റില്‍പ്പെടുന്നു എന്നു പി എസ് സി പറയുന്നു. പത്രവായനയെ പുച്ഛത്തോടെ കാണുന്നവര്‍, തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിലെ സഹജീവികളുടെ യഥാര്‍ഥ ജീവിത പ്രശ്‌നം എന്തെന്ന് ഉപരിപ്ലവപരമായിപ്പോലും മനസ്സിലാക്കാത്തവര്‍, ഇത്തരക്കാര്‍ക്കെങ്ങനെ നല്ല ഡോക്ടറന്മാരായി ജനസേവനം നടത്താന്‍ കഴിയും?
ഡോക്ടറന്മാരുടെ മാത്രമല്ല ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട മറ്റുയര്‍ന്ന ഉദ്യോഗങ്ങളുടെ പോലും അവസ്ഥ ഇതു തന്നെ. ലക്ഷത്തിന്‍ മുട്ടി നില്‍ക്കുന്ന കോളജ് അധ്യാപകരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ഒന്നും തന്നെ, മുമ്പ് അല്‍പ്പ ശമ്പളക്കാരായ പൂര്‍വാധ്യാപകന്മാരുടെതില്‍ നിന്നു വ്യത്യസ്തമായി യാതൊരു സംഭാവനകളും ഇതുവരെയും നല്‍കിയതായി തെളിവുകളില്ല. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന തരത്തിലുള്ള പ്രതിഫലം പറ്റിക്കൊണ്ട് ജോലി ചെയ്തിരുന്നപ്പോള്‍ പോലും കേരളത്തിലെ പല കലാശാലകളും അവിടെ ജോലി ചെയ്യുന്ന അധ്യാപകരുടെ പേരില്‍ പ്രശസ്തി കൈവരിച്ചിരുന്നു. ഇന്നത്തെ അവസ്ഥയെന്താണ്? അവിടെ പഠിപ്പിക്കുന്ന അധ്യാപകരുടെ പേരില്‍ അഭിമാനത്തോടെ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന എത്ര കോളജുകള്‍ ഇന്നു നമുക്കുണ്ട്?
അസ്വാസ്ഥ്യജനകമായ ഇത്തരം ചോദ്യങ്ങള്‍ നമുക്കൊഴിവാക്കാം. തൊഴിലിനോടു ബന്ധപ്പെട്ട് നമ്മുടെ ഗതകാല തലമുറ അനുഭവിച്ചിരുന്ന സര്‍ഗാത്മകത തിരിച്ചുപിടിക്കാന്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും? സര്‍ഗാത്മകത ക്രിയേറ്റിവിറ്റി എന്നൊക്കെ പറയുന്നതിനേക്കാള്‍ ശരാശരി മലയാളിക്കു മനസ്സിലാകുക ആനന്ദം എന്ന പരിഭാഷ തന്നെ ആയിരിക്കും. ഡബഌയു.എച്ച്.ഓഡന്‍ (W. H. Auden) പറയുന്നു. “സാധാരണയായി ആനന്ദം വെറുക്കുന്നവര്‍ അനീതി പ്രവര്‍ത്തിക്കുന്നു.” ഇവിടെ ഓഡന്‍ ഉദ്ദേശിക്കുന്ന ആനന്ദം ഇന്നത്തെ തലമുറ ആനന്ദം എന്നുദ്ദേശിക്കുന്ന ചില വ്യാമോഹങ്ങളെയല്ല. ജഡ വസ്തുക്കളുടെ വന്‍ ശേഖരം നടത്തി അതിന്റെ ഉടമസ്ഥനെന്നു മുദ്രകുത്തപ്പെടുക, അന്യരുടെ ജീവിതത്തിലേക്കൊളിച്ചുനോട്ടം നടത്തി തങ്ങള്‍ക്കില്ലാത്തതും ലഭ്യമാകാത്തതുമായ എന്തൊക്കെയോ അവിടെയുണ്ടെന്ന് ധരിക്കുക. ഒരിക്കല്‍ താന്‍ മറ്റുള്ളവരില്‍ നിന്ന് സഹിച്ച പീഡനങ്ങളുടെ പകരം വീട്ടല്‍ എന്ന നിലയില്‍ തനിക്ക് കീഴില്‍ പണിയെടുക്കുന്നവരെ പീഡിപ്പിച്ചു രസിക്കുക, മദ്യത്തെയും മയക്കുമരുന്നിനെയും കൂട്ട് പിടിച്ച് സ്വന്തം മുമ്പിലുള്ള യാഥാര്‍ഥ്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനുള്ള ഒളി സങ്കേതങ്ങള്‍ തേടുക ഇതൊന്നും ആനന്ദമല്ലെന്നും ആനന്ദത്തെക്കുറിച്ചുള്ള കേവല വ്യാമോഹങ്ങള്‍ മാത്രമാണെന്നും യുവ തലമുറയെ ബോധവത്കരിക്കേണ്ടതുണ്ട്.

 

ഫോണ്‍- 9446268581

Latest