Connect with us

Kerala

അന്യസംസ്ഥാന തൊഴിലാളികളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുന്നു

Published

|

Last Updated

കണ്ണൂര്‍:അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ക്രിമിനല്‍ കേസുകളുടെ എണ്ണം വലിയ തോതില്‍ കൂടുന്നു. കൊലപാതകം, പീഡനം, കവര്‍ച്ച തുടങ്ങി നിരവധി സംഭവങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ മുഖ്യപ്രതികളാകുന്ന കേസുകളുടെ എണ്ണത്തിലാണ് വര്‍ധനയുണ്ടായിട്ടുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളിലാണ് ഈ വര്‍ധന. 2011ല്‍ മാത്രം 171 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2012ലും ഇത്രത്തോളം തന്നെ കേസുകള്‍ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളിലുണ്ടായതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകമുള്‍പ്പെടെയുള്ള ഒട്ടേറെ കേസുകളും ഇതില്‍പ്പെടും.

അന്യസംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള എറണാകുളം ജില്ലയിലാണ് കേസുകളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്. 2011ല്‍ എറണാകുളം നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി 49 ക്രിമിനല്‍ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയത്ത് 17, മലപ്പുറത്ത് 16, കണ്ണൂരില്‍ ഒമ്പത് എന്നിങ്ങനെയാണ് മറ്റ് കേസുകള്‍. 2012ലും ഇതില്‍ വലിയ വ്യത്യാസമില്ല. ലഭ്യമായ കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന തൊഴിലാളികള്‍ ക്രിമിനല്‍ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഏര്‍പ്പെട്ടുവരുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പ് തന്നെ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികളുടെ വിവര ശേഖരണത്തിന് സര്‍ക്കാര്‍ അടിയന്തര പ്രാധാന്യം നല്‍കിയെങ്കിലും അത് എവിടെയും എത്തിയിട്ടില്ല.
നിര്‍മാണ മേഖല, ഹോട്ടലുകള്‍, കടകള്‍, ബേക്കറികള്‍, പ്ലൈവുഡ്-ഇരുമ്പുരുക്ക് കമ്പനികള്‍, ചെങ്കല്‍ച്ചൂളകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഇവരുടെ വ്യക്തമായ കണക്കോ രേഖകളോ മേല്‍വിലാസമോ പോലീസിനോ മറ്റു വകുപ്പുകള്‍ക്കോ ലഭ്യമല്ല. ഏതാനും ജില്ലകളിലെ പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഇവരുടെ പക്കലുള്ളത്. ബംഗാള്‍, ഒഡീഷ, അസം, തമിഴ്‌നാട്, ബീഹാര്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം നേപ്പാളില്‍ നിന്നും തൊഴിലാളികള്‍ കേരളത്തിലെത്തുന്നുണ്ട്്. എന്നാല്‍, കൃത്യമായ കണക്കുകള്‍ രേഖപ്പെടുത്തേണ്ട തൊഴില്‍ വകുപ്പ് ഇക്കാര്യത്തില്‍ അനാസ്ഥ കാണിക്കുകയാണ്. തൊഴിലിനായി കുടിയേറുന്നവര്‍ തങ്ങളുടെ വിവരങ്ങള്‍ ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് 1979ല്‍ പാസാക്കിയ അന്യസംസ്ഥാന കുടിയേറ്റ നിയമം അനുശാസിക്കുന്നത്. ഇതുപ്രകാരം ലൈസന്‍സുള്ള കരാറുകാരനോ തൊഴിലുടമയോ തൊഴിലാളികളെ എത്തിച്ചാല്‍ അവരുടെ പൂര്‍ണ വിവരങ്ങള്‍ നിശ്ചിത തുകയടച്ച് രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍, ഇതൊന്നും പലയിടത്തും പാലിക്കാറില്ല. കരാറുകാരനൊപ്പം ലേബര്‍ ഓഫീസില്‍ എത്തിയാലേ രജിസ്റ്റര്‍ ചെയ്യാനാകൂ എന്നിരിക്കെ തൊഴിലാളികളില്‍ പലരും സ്വമേധയാ ആണെത്തുന്നത്. തങ്ങളുടെ കീഴില്‍ ജോലിയെടുക്കുന്നവരുടെ വിവരം പോലീസിനോ ലേബര്‍ ഓഫീസിനോ കൈമാറിയാല്‍ ഇവരുടെ സംരക്ഷണച്ചുമതലയും ആനുകൂല്യങ്ങളും മറ്റ് ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കേണ്ടിവരുമെന്ന ഭയത്താലാണ് വിവരങ്ങള്‍ നല്‍കാന്‍ കരാറുകാര്‍ മടിക്കുന്നത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് അധികൃതരും.
നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കീഴീല്‍ ഇത്തരക്കാര്‍ക്കായി ക്ഷേമനിധി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും അംഗത്വമുള്ളത് വളരെ കുറച്ചുപേര്‍ക്കു മാത്രം. ഇതേക്കുറിച്ച് തൊഴിലാളികളില്‍ പലരും ബോധവാന്മാരല്ല. ജില്ലാ ലേബര്‍ ഓഫീസുകള്‍ മുഖേന ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും വേണ്ടത്ര ഫലമുണ്ടാകാറില്ല. തൊഴിലിടങ്ങളിലെ ചൂഷണങ്ങളെക്കുറിച്ചും ഇവര്‍ ആരോടും പ്രതികരിക്കാറില്ല. ഇക്കാര്യം ലേബര്‍ വകുപ്പോ സാമൂഹികക്ഷേമ വകുപ്പോ അന്വേഷിക്കാറുമില്ല. പലരുമെടുക്കുന്നത് കഠിനാധ്വാനം വേണ്ടിവരുന്ന ജോലികളും. ഇതാകട്ടെ, യാതൊരു സുരക്ഷയില്ലാതെയും.
ആരോഗ്യസുരക്ഷയിലും ശുചിത്വത്തിലും ഏറെ പിന്നിലുള്ള ഇവരില്‍ പലരും മദ്യത്തിനും മറ്റു ലഹരിപദാര്‍ഥങ്ങള്‍ക്കും അടിമകളാണ്. മന്ത്, മലമ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ തദ്ദേശീയരിലേക്ക് വ്യാപിക്കുന്നത് ഇവരിലൂടെയാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കണമെന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍മാര്‍ അവരുടെ പരിധിയിലുള്ള എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ട് വര്‍ഷം പലതായി. റസിഡന്റ്‌സ് അസോസിയേഷനുകള്‍ മുഖേന വിവരങ്ങള്‍ തിരക്കുന്നതല്ലാതെ മറ്റിടങ്ങളിലെ അന്വേഷണങ്ങള്‍ നടക്കാറില്ല.