Connect with us

Kerala

വൈദ്യുതി നിരക്ക് വര്‍ധന ഇന്ന്; നാളെ മുതല്‍ പ്രാബല്യം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് ഇന്നുണ്ടാകും. ചെയര്‍മാന്‍ ടി എം മനോഹരന്റെ അധ്യക്ഷതയില്‍ കമ്മീഷന്‍ അംഗങ്ങള്‍ ഇന്നലെ യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുത്തു. പ്രതിമാസം 40 യൂനിറ്റ് വരെ ഉപയോഗമുള്ളവരെ നിരക്ക് വര്‍ധനയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കും. പ്രതിമാസം 300 യൂനിറ്റിലേറെ ഉപയോഗിക്കുന്നവര്‍ക്ക് സ്ലാബ് സമ്പ്രദായം ഉണ്ടാകുകയില്ല. ഇവര്‍ ഉപയോഗിക്കുന്ന ഒന്നാം യൂനിറ്റ് മുതല്‍ ഉയര്‍ന്ന നിരക്ക് ഈടാക്കും. 300 യൂനിറ്റിന് മുകളില്‍, 500 യൂനിറ്റിന് മുകളില്‍ എന്നിങ്ങനെ രണ്ട് തട്ടുകളിലാക്കിയാണ് വന്‍കിടക്കാരുടെ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്

ഏറ്റവുമധികം ഗാര്‍ഹിക ഉപയോക്താക്കള്‍ ഉള്‍പ്പെടുന്ന 41 മുതല്‍ 300 യൂനിറ്റ് വരെയുള്ള ശൃംഖലയില്‍ ആറ് ശതമാനത്തിന്റെ വര്‍ധനയുണ്ടാകും. ഇവര്‍ക്കുള്ള ഓരോ സ്ലാബിലെയും നിലവിലുള്ള നിരക്ക് വര്‍ധിപ്പിക്കും. 2014 മാര്‍ച്ച് 31 വരെയാണ് നിരക്ക് വര്‍ധനക്ക് പ്രാബല്യമുണ്ടാകുക. 40 യൂനിറ്റ് വരെയുള്ളവരെ ഒഴിവാക്കുന്നതിലൂടെ 32 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ നിരക്ക് വര്‍ധനയില്‍ നിന്ന് പുറത്താകും. 300 യൂനിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിനുശേഷം ഉപയോഗിക്കുന്ന ഓരോ യൂനിറ്റിനും ഒറ്റ നിരക്ക് നല്‍കേണ്ടിവരും.
300 യൂനിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് 25 ശതമാനം വരെ വര്‍ധന വരും. 20 പൈസ മുതല്‍ ഒരു രൂപ വരെയാണ് യൂനിറ്റിന് വര്‍ധന വരുന്നത്. വ്യവസായ വിഭാഗത്തില്‍ നിന്നും ഐ ടിയെ ഒഴിവാക്കി. ഇനി മുതല്‍ ഐ ടി വിഭാഗത്തില്‍പ്പെട്ട എല്‍ .ടി, എച്ച് ടി വിഭാഗക്കാരെ പ്രത്യേക വിഭാഗമായി പരിഗണിക്കും. ഐ ടി മേഖല പരമ്പരാഗത വ്യവസായമല്ലാത്തതിനാലാണ് ഈ നടപടി.
വൈദ്യുതി ബോര്‍ഡിന്റെ അധിക ചെലവുകള്‍ നിയന്ത്രിക്കാനുള്ള നടപടികളും ഉത്തരവിലുണ്ടാകും. ജീവനക്കാരുടെ അനാവശ്യ ചെലവുകള്‍ വെട്ടിച്ചുരുക്കണമെന്നും ഇല്ലെങ്കില്‍ ചെലവ് ചുരുക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തേണ്ടിവരുമെന്നും കമ്മീഷന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ചെലവ് ചുരുക്കാന്‍ സ്വീകരിച്ച നടപടികള്‍ മൂന്ന് മാസത്തിനകം അറിയിക്കണം. സൗരോര്‍ജ പദ്ധതികള്‍ നടപ്പാക്കാന്‍ മൂന്ന് മാസത്തിനകം നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
ബോര്‍ഡിന്റെ വാര്‍ഷിക വരവ് ചെലവ് കണക്കുകള്‍ കമ്മീഷന്‍ അംഗീകരിച്ചില്ല. മൊത്തം റവന്യൂ കമ്മിയായ 2,759 കോടിയില്‍ 1,574 കോടി രൂപ ചാര്‍ജ് വര്‍ധനയിലൂടെ നികത്തണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍ ആയിരം കോടിയോളം രൂപ മാത്രമേ ബോര്‍ഡ് കമ്മിയായി അംഗീകരിച്ചുള്ളൂ. ഇതില്‍ തന്നെ 600 കോടിയോളം രൂപയാണ് നിരക്കുവര്‍ധനയിലൂടെ കണ്ടെത്താനാണ് കമ്മീഷന്‍ അനുമതി നല്‍കിയിരിക്കുന്നത്.