ഷാമിലിന് വേണം ഒരു കൈ സഹായം

Posted on: April 29, 2013 2:23 pm | Last updated: April 29, 2013 at 2:23 pm

പെരിന്തല്‍മണ്ണ: ഷാമിലിന് ഇനി കേള്‍ക്കണമെങ്കില്‍ സുമനസ്സുകള്‍ കനിയണം. വിധിയുടെ ക്രൂരത മസ്തിഷ്‌കജ്വരമായെത്തിയപ്പോള്‍ എട്ടുവയസുകാരന്‍ മുഹമ്മദ് ഷാമിലിന് നഷ്ടമായത് കേള്‍വിയും സംസാരശേഷിയും.
അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് കൈവല്യഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി അരലക്ഷം രൂപ ചെലവ് വരുന്ന ശ്രവണ സഹായി ഏതാനും മാസം മുമ്പ് നല്‍കിയിരുന്നു. ശ്രവണ സഹായി ഉപയോഗിച്ചപ്പോള്‍ തന്നെ ഷാമിലിന്റെ സംസാരശേഷിയിലും പുരോഗതിയുണ്ടായി. കൈവല്യ ഗ്രാമത്തിന്റെ ഭാഗമായി അങ്ങാടിപ്പുറം റിച്ചില്‍ സൗജന്യ ശ്രവണ പരിശീലനവും കുട്ടിക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ഇനി പരിഹാരമാകില്ല. അടിയന്തരമായി കോക്ലിയാര്‍ ഇപ്ലാംന്റേഷന്‍ നടത്തിയാലേ ഷാമിലിന്റെ കേള്‍വി ശക്തി നിലനിര്‍ത്താനാകൂ എന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം. ഇതിനായി ഏഴരലക്ഷം രൂപ ചെലവ് വരും. സാമ്പത്തിക പരാധീനതകളില്‍ പെട്ട് ഉഴലുന്ന പരിയാപുരം-തട്ടാരക്കാട് സ്വദേശി ആറങ്ങോടന്‍ ശിഹാബുദ്ദീനും ഭാര്യ സബിതക്കും മകന്റെ ഓപ്പറേഷനു വേണ്ടി ഇത്രയും തുക കണ്ടെത്താന്‍ ഒരു നിര്‍വാഹവുമില്ല.
ഷാമിലിന്റെ ചികിത്സാ സഹായത്തിനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ നാട്ടുകാര്‍ ഒത്ത് ചേര്‍ന്ന് കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കോറാടന്‍ റംല അധ്യക്ഷത വഹിച്ചു. അങ്ങാടിപ്പുറം സര്‍വീസ് സഹകരണ ബേങ്കില്‍ അക്കൗണ്ട് നമ്പര്‍ 2765 ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 9645091030. ഉദാരമതികളുടെ അകമഴിഞ്ഞ സഹായം പ്രതീക്ഷിക്കുകയാണ് നാലാം ക്ലാസുകാരനായ ഷാമിലും കുടുംബവും.