കുട്ടികള്‍ ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങുന്നതെങ്ങെനെയെന്ന് കോടതി

Posted on: April 26, 2013 10:28 am | Last updated: April 26, 2013 at 2:41 pm

ന്യൂഡല്‍ഹി: പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ളവര്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ അക്കൗണ്ട് നേടിയത് എങ്ങനെയാണെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. ഇക്കാര്യത്തില്‍ 10 ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കാനാണ് കോടതി സര്‍ക്കാറിനോടാവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ നിയമം അനുവദിക്കാതിരുന്നിട്ടും എങ്ങനെ പതിമൂന്നുകാരന് പോലും ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാനായി എന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന് പുറമെ ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം. ജസ്റ്റിസ്മാരായ ബി.ഡി അഹമ്മദ് വിഭു ബക്രു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ബി.ജെ.പിയുടെ മുന്‍ താത്വികാചാര്യനായ കെ.എന്‍ ഗോവിന്ദാചാര്യ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. 18 വയസ്സിന് താഴെയുള്ളവര്‍ ഏതെങ്കിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുമായി അക്കൗണ്ട് തുറക്കുന്നതിനായി കരാറില്‍ ഏര്‍പ്പെടുന്നത് ഇന്ത്യന്‍ കരാര്‍ നിയമപ്രകാരവും ഐ.ടി നിയമം അനുസരിച്ചും നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ഗോവിന്ദാചാര്യ ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഇപ്രകാരം കരാറില്‍ ഏര്‍പ്പെടാന്‍ അനുവാദം നല്‍കിയത് ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.