പ്രകടന പത്രിക പ്രകാശന ചടങ്ങില്‍ നിന്ന് എസ് എം കൃഷ്ണ വിട്ടുനിന്നു

Posted on: April 25, 2013 6:00 am | Last updated: April 25, 2013 at 7:20 am

karnadaka1ബംഗളൂരു: കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ നിന്ന് മുതിര്‍ന്ന നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ എസ് എം കൃഷ്ണ വിട്ടുനിന്നു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിലും മറ്റും കൃഷ്ണയെ പങ്കെടുപ്പിക്കാതിരുന്നതില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ കൃഷ്ണ പ്രചാരണരംഗത്ത് സജീവമാകുമെന്നായിരുന്നു കേന്ദ്ര നേതൃത്വം അറിയിച്ചത്. ഈ സാഹചര്യത്തില്‍ പ്രകടന പത്രിക പുറത്തിറക്കല്‍ ചടങ്ങിലെ അദ്ദേഹത്തിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. സംസ്ഥാനത്തു നിന്നുള്ള കേന്ദ്ര മന്ത്രിമാരായ മല്ലികാര്‍ജുന ഖാര്‍ഗേ, എം വീരപ്പ മൊയ്‌ലി, റഹ്മാന്‍ ഖാന്‍, കെ എച്ച് മുനിയപ്പ കേന്ദ്ര നേതാക്കളായ അംബികാ സോണി, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, മുന്‍ മുഖ്യമന്ത്രി എന്‍ ധരം സിംഗ്, പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി പരമേശ്വര, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
അതേസമയം, കര്‍ഷകരുടെ വായ്പ എഴുതിത്തള്ളല്‍, കൊളജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ്, ബി പി എല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപ നിരക്കില്‍ 30 കിലോ അരി തുടങ്ങിയവയാണ് പ്രതിരോധ മന്ത്രി എ കെ ആന്റണി ഇറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.
തന്റെ സ്വന്തം ജില്ലയായ മാണ്ഡ്യയില്‍ ജനവിധി തേടുന്ന അംബരീഷിന് വേണ്ടി കൃഷ്ണ രംഗത്തിറങ്ങുമോയെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. കൃഷ്ണയുമായി ചര്‍ച്ച നടത്താനുള്ള തന്റെ ശ്രമം വിജയിച്ചില്ലെന്ന് സിനിമാ നടന്‍ കൂടിയായ അംബരീഷ് കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. ഇവിടെ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എം എസ് ആത്മാനന്ദയുടെ നേതൃത്വത്തില്‍ വിമത ക്യാമ്പ് സജീവമാണ്.