മധ്യവയസ്‌കന് നടുറോഡില്‍ ക്രൂരമര്‍ദനം; പ്രതി ഒളിവില്‍

Posted on: April 25, 2013 6:00 am | Last updated: April 25, 2013 at 1:52 am

മുക്കം: റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ യുവാവ് നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചു. അമിത വേഗതയില്‍ വന്ന കാര്‍ യാത്രികനാണ് കാല്‍നടയാത്രക്കാരനെ അടിച്ച് വീഴ്ത്തിയത്. സംഭവത്തില്‍ സാരമായി പരുക്കേറ്റ കാരമൂല കളരിക്കണ്ടി മംഗലാട്ടു പുറത്ത് എ ടി ബീരാന്‍കുട്ടി (64)യെ മാമ്പറ്റ കെ എം സി ടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഐ സി യുവില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന് അടിയുടെ ആഘാതത്തില്‍ തലച്ചോറില്‍ രക്തം കയറിയിട്ടുണ്ട്. മുക്കം പി സി ജംഗ്ഷന് സമീപമുള്ള ബസ് സ്റ്റോപ്പിന് മുന്നില്‍ നിന്ന് റോഡ് മുറിച്ച് കടക്കുമ്പോള്‍ കാര്‍ അമിത വേഗതയില്‍ വന്നതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. കാറുകാരന്‍ വാഹനം മുന്നോട്ടു നിര്‍ത്തിയ ശേഷമാണ് മധ്യവയസ്‌കനെ ആക്രമിക്കാന്‍ വന്നത്. കല്ലുകൊണ്ടേറ്റ അടിയില്‍ തലക്ക് വലിയ മുറിവ് പറ്റിയിട്ടുണ്ട്. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസ് അന്വേഷിച്ച് വരികയാണെന്നും പ്രതി ഒളിവിലാണെന്നും മുക്കം എസ് ഐ. ബി കെ സിജു പറഞ്ഞു.
പ്രതി മണല്‍ മാഫിയയുമായി ബന്ധമുള്ളയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.