ലുലു ഗ്രൂപ്പും ശൈഖ് സായിദ് ഹയര്‍ ഓര്‍ഗനൈസേഷനും കൈകോര്‍ക്കുന്നു

Posted on: April 23, 2013 8:40 pm | Last updated: April 23, 2013 at 8:48 pm

അബുദാബി:പ്രാദേശിക കാര്‍ഷിക തോട്ടങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ലുലു ഗ്രൂപ്പും ശൈഖ് സായിദ് ഹയര്‍ ഓര്‍ഗനൈസേഷനും കരാറില്‍ ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായി സായിദ് അഗ്രികള്‍ച്ചറല്‍ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററിനു കീഴിലുള്ള തോട്ടങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കുന്നതും പ്രത്യേകം പരിചരണം ആവശ്യമുള്ള വിഭാഗത്തില്‍പ്പെട്ട ആള്‍ക്കാര്‍ ഉണ്ടാക്കുന്നതുമായ വെള്ളരിക്ക, കാബേജ്, കപ്പല്‍ മുളക്, ചീര, മധുരക്കിഴങ്ങ്, കോഴിമുട്ട തുടങ്ങിയ ജൈവ ഉത്പന്നങ്ങള്‍ പ്രത്യേക കൗണ്ടറുകളില്‍ വില്‍ക്കപ്പെടും. ഞങ്ങളുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമെന്ന നിലയില്‍ ഒട്ടുമിക്ക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും എപ്പോഴും സഹായസഹകരണങ്ങള്‍ നല്‍കുന്നുണ്ട്. പ്രത്യേകം പരിചരണം ആവശ്യമുള്ള വിഭാഗം എന്ന നിലയിലും ഇവിടുത്തെ പ്രാദേശിക കാര്‍ഷിക തോട്ടത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്നതുകൊണ്ടും മലിനീകരണം കുറക്കാന്‍ സാധിക്കുന്നതിനാലുമാണ് ഈ സംരംഭവുമായി കൈകോര്‍ക്കുന്നത്-ലുലു ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി പറഞ്ഞു. ആദ്യപടിയായി ഇവര്‍ ഉത്പാദിപ്പിച്ച 3,500 കിലോഗ്രാം പച്ചക്കറികള്‍ ശേഖരിച്ച് യു എ ഇയിലെ വിവിധ ലുലു ഔട്ട്‌ലെറ്റുകളില്‍ വില്‍പ്പനക്കായി എത്തിക്കും. കൂടാതെ ഇവര്‍ക്ക് പച്ചക്കറികള്‍ പ്രത്യേകം പാക്ക് ചെയ്യാനും നല്ല നിലവാരത്തില്‍ ഉത്പാദനം കൂട്ടാന്‍ ആവശ്യമായ സാങ്കേതിക വിവരം നല്‍കാന്‍ വിദഗ്ധ പരിശീലനവും നല്‍കി ഭാവിയില്‍ ഇവ വിദേശങ്ങളിലേക്ക് കയറ്റി അയക്കാനുള്ള നിലവാരത്തിലെത്തിക്കും-അദ്ദേഹം പറഞ്ഞു. കരാറില്‍ എം എ യൂസുഫലിയും സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മുഹമ്മദ് ഫാദല്‍ അല്‍ ഹാമിലിയും ഒപ്പുവെച്ചു. നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.