ക്രിസ്റ്റ്യാനോയെ റയല്‍ വിടില്ല

Posted on: April 23, 2013 6:01 am | Last updated: April 23, 2013 at 1:33 am

CHRISTIANO.1മാഡ്രിഡ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് പുതിയ കരാര്‍ നല്‍കാന്‍ സ്പാനിഷ് ക്ലബ്ബ് റയല്‍മാഡ്രിഡ് ഒരുങ്ങുന്നു. നിലവിലെ കരാര്‍ പ്രകാരം 2015 ല്‍ അവസാനിക്കും. സീസണിന്റെ തുടക്കത്തില്‍ തന്നെ റയലില്‍ താന്‍ അസംതൃപ്തനാണെന്ന് ക്രിസ്റ്റ്യാനോ വ്യക്തമാക്കിയിരുന്നു. മുന്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് മടങ്ങുന്നതിനെ കുറിച്ച് റൊണാള്‍ഡോ ആലോചിച്ചു വരികയാണ്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് അലക്‌സ് ഫെര്‍ഗൂസന്‍ ക്രിസ്റ്റ്യാനോയെ സ്വാഗതം ചെയ്തത് ശ്രദ്ധേയമായിരുന്നു. ലയണല്‍ മെസിക്ക് ബാഴ്‌സലോണ നല്‍കുന്ന പരിഗണന അസൂയപ്പെടുത്തുന്നതാണെന്നും തനിക്ക് റയലില്‍ പ്രത്യേക പരിഗണനയൊന്നും ലഭിക്കുന്നില്ലെന്നും ക്രിസ്റ്റ്യാനോ തുറന്നടിച്ചിരുന്നു.
റയല്‍മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറിന്റീനോ പെരെസ് പറഞ്ഞത് ക്രിസ്റ്റ്യാനോക്ക് ആകര്‍ഷകമായ ശമ്പളവര്‍ധനവോടെ പുതിയ കരാര്‍ നല്‍കുമെന്നാണ്. കോച്ച് ജോസ് മൗറിഞ്ഞോ സീസണോടെ ക്ലബ്ബ് വിടുമെന്നിരിക്കെ ക്രിസ്റ്റ്യാനോ കൂടി കളം മാറ്റുന്നത് റയലിന് വലിയ ക്ഷീണം ചെയ്യുമെന്ന് ക്ലബ്ബ് മാനേജ്‌മെന്റ് വിലയിരുത്തുന്നു.
സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണക്ക് പിറകിലായെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളടിയാണ് തുടക്കത്തിലെ തിരിച്ചടി അതിജീവിക്കാന്‍ റയലിന് തുണയായത്. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെയുള്ള പ്രകടനം ഉള്‍പ്പടെ ക്രിസ്റ്റ്യാനോ റയലിന് രക്ഷകനായിരുന്നു.