Connect with us

Editorial

സ്വര്‍ണത്തിന്റെ വിലത്തകര്‍ച്ച

Published

|

Last Updated

സാധാരണക്കാര്‍ക്ക് ആശ്വാസമേകി സ്വര്‍ണത്തിന്റെ വിലയിടിവ് തുടരുകയാണ്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് സ്വര്‍ണ മാര്‍ക്കറ്റില്‍ അനുഭവപ്പെട്ടത്. പവന് ഒറ്റയടിക്ക് 1000 രൂപയുടെ കുറവ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 19,800 രൂപയിലെത്തി. കഴിഞ്ഞ നവംബറില്‍ വില 24,540 രൂപ വരെ ഉയര്‍ന്നിരുന്നു. അന്നത്തെ അപേക്ഷിച്ചു ഇപ്പോള്‍ 4,740 രൂപ കുറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം 2240 രൂപയുടെ ഇടിവുണ്ടായി. അമേരിക്ക സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയും കടക്കെണിയില്‍ നിന്ന് കരകയറാന്‍ സൈപ്രസ് സ്വര്‍ണം വിറ്റഴിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വില ഇനിയും കുറയുമെന്നാണ് ആഗോള ധനകാര്യ സ്ഥാപനങ്ങളുടെയും വ്യാപാര കേന്ദ്രങ്ങളുടെയും അനുമാനം.
അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം ഡോളറിന്റെ വിലയില്‍ ഇടിവ് സൃഷ്ടിച്ചതോടെ സ്വര്‍ണത്തെ കൂടുതല്‍ സുരക്ഷിത നിക്ഷേപമായി കാണുകയും ഓഹരി വിപണിയെ കൈയൊഴിഞ്ഞ് ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയും ചെയ്തതാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്വര്‍ണവിലയില്‍ കുതിപ്പ് അനുഭവപ്പെടാന്‍ ഇടയാക്കിയത്. ഇത് സാധാരണക്കാര്‍ക്കൊപ്പം ഇന്ത്യയെപ്പോലെ വര്‍ധിതമായ തോതില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ സാമ്പത്തിക മേഖലയെയും പ്രതികൂലമായി ബാധിച്ചു. ഇന്ത്യയാണ് സ്വര്‍ണ ഇറക്കുമതിയില്‍ ഒന്നാം സ്ഥാനത്ത്. ലോകത്ത് മൊത്തം ഉത്പാദിപ്പിക്കുന്ന സ്വര്‍ണത്തിന്റെ കാല്‍ ഭാഗത്തോളം ഇന്ത്യക്കാരാണ് വാങ്ങിക്കൂട്ടുന്നത്. ആഗോള തലത്തില്‍ 4000 ടണ്ണാണ് സ്വര്‍ണ ഉത്പാദനം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയ സ്വര്‍ണത്തിന്റെ അളവ് 864.2 ടണ്‍ വരും. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 960 ടണ്ണിലെത്തിയിരുന്നു. 6150 കോടി ഡോളര്‍ (3,32,100 കോടി രൂപയോളം ) വര്‍ഷത്തില്‍ സ്വര്‍ണം വാങ്ങാന്‍ “ദരിദ്രനാരായണന്മാരു”ടെ ഇന്ത്യ വിനിയോഗിക്കുന്നുവെന്ന് സാരം. സാമ്പത്തികമായി ഏറ്റവും മികച്ചു നില്‍ക്കുന്ന അമേരിക്കക്കാര്‍ വാങ്ങുന്നത് നാം വാങ്ങുന്നതിന്റ അഞ്ചിലൊന്ന് മാത്രമാണ്. അതേസമയം ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത് ആകെ രണ്ട് ടണ്‍ സ്വര്‍ണവും. വന്‍തോതിലുളള ഈ സ്വര്‍ണ ഇറക്കുമതി ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി (കയറ്റുമതിയും ഇറക്കുമതിയും തമ്മിലെ അന്തരം) വന്‍തോതില്‍ വര്‍ധിപ്പിക്കുകയും വിദേശ നാണയങ്ങളുമായുള്ള രൂപയുടെ മൂല്യം കുറയാന്‍ ഇടയാക്കുയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ജനുവരിയില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. തീരുവ കൂടുമ്പോള്‍ സ്വര്‍ണത്തിന് വില വര്‍ധിക്കുകയും വാങ്ങിക്കൂട്ടാനുള്ള വ്യഗ്രത കുറയുകയും ചെയ്യുമെന്ന നിഗമനത്തിലായിരുന്നു ഈ നടപടി. അത് കുറേയൊക്കെ ഫലം ചെയ്തുവെന്നാണ് കഴിഞ്ഞ മൂന്ന് മാസത്തെ കണക്കുകള്‍ കാണിക്കുന്നത്. 2013 ജനുവരി-മാര്‍ച്ച് കാലവയളവിലെ രാജ്യത്തെ സ്വര്‍ണത്തിന്റെ ഇറക്കുമതി 202 ടണ്ണാണ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 24 ശതമാനം കുറവാണിത്.
വിലയിടിവ് സ്വര്‍ണം വാങ്ങിക്കൂട്ടുന്ന പ്രവണത വര്‍ധിപ്പിക്കാനിടയുണ്ടെങ്കിലും സ്വര്‍ണത്തോടൊപ്പം പെട്രോളിന്റെയും വില കുറഞ്ഞത് രാജ്യത്തിന്റെ വിദേശ വ്യാപാരക്കമ്മിയില്‍ കുറവ് വരുത്തുമെന്നതിനാല്‍ സര്‍ക്കാര്‍ ആശ്വാസത്തിലാണ്. നാണയപ്പെരുപ്പ നിരക്ക് ഫെബ്രുവരിയിലെ 6.84 ശതമാനത്തില്‍ നിന്ന് 5.96 ശതമാനമായി ഇതിനകം കുറഞ്ഞിട്ടുണ്ട്. കല്യാണ സീസണ്‍ സജീവമായ വേളയായതിനാല്‍ സാധാരണക്കാരാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്. വധുവിന് 20 പവന്‍ വാങ്ങുന്ന വീട്ടുകാര്‍ക്ക് കഴിഞ്ഞ നവംബറിലെ വിലയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഒരു ലക്ഷത്തോളം രൂപയുടെ കുറവാണിപ്പോള്‍ വന്നിരിക്കുന്നത്.
സ്വര്‍ണപ്പണയത്തിന്മേല്‍ വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപന ഉടമകളുടെ ചങ്കിടിപ്പ് വര്‍ധിച്ചിരിക്കയാണ്. പലിശയും പിഴപ്പലിശയും അധികപ്പലിശയുമൊക്കെയായി ഇടപാടുകാരെ ഊറ്റിക്കുടിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് സ്വര്‍ണത്തിന്റെ നിനക്കാതെയുള്ള വിലത്തകര്‍ച്ച കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മറ്റു സ്ഥാപനങ്ങളുമായുള്ള കിടമത്സരം മൂലം പവന് ഇരുപതിനായിരത്തിന് മുകളില്‍ വായ്പ നല്‍കി വന്ന സ്ഥാപനങ്ങളുണ്ട്. സ്വര്‍ണവില ഇരുപതിനായിരത്തേക്കാള്‍ താഴ്ന്ന സാഹചര്യത്തില്‍ ആ സ്ഥാപനങ്ങളിലെ ഇടപാടുകാര്‍ വായ്പത്തുക മടക്കി നല്‍കി ഈടുസ്വര്‍ണം തിരിച്ചെടുക്കാന്‍ വിമുഖത കാണിക്കും. ഇപ്പോഴത്തെ വിലത്തകര്‍ച്ചയോടെ എക്കാലത്തെയും സുരക്ഷിത നിക്ഷേപം എന്ന പദവി സ്വര്‍ണത്തിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കയാണ്. ഓഹരിക്കമ്പോളങ്ങളില്‍ നിന്നും റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിഞ്ഞു സ്വര്‍ണം വങ്ങി സൂക്ഷിച്ചിരുന്നവരെ പഴയ ബിസിനസ്സുകളിലേക്ക് തന്നെ മടങ്ങാന്‍ പുതിയ സാഹചര്യം നിര്‍ബന്ധിതമാക്കും. എന്നാലും ഇന്ത്യക്കാരുടെ സ്വര്‍ണാഭരണത്തോടുള്ള ഭ്രമത്തിന് കോട്ടം തട്ടാത്ത കാലത്തോളം രാജ്യത്തെ സ്വര്‍ണ വ്യാപാര മേഖലക്ക് ഭയപ്പെടാനേതുമില്ല. നിലവിലെ വിലത്തകര്‍ച്ച താത്കാലികമാണെന്നും താമസിയാതെ സ്വര്‍ണം പഴയ പ്രതാപം വീണ്ടെടുക്കുമെന്നുമുള്ള പ്രതീക്ഷയിലാണവര്‍.

---- facebook comment plugin here -----

Latest