Connect with us

Kollam

നവോത്ഥാന സമര സ്മരണകളുടെ ആവേശമേറ്റുവാങ്ങി പതാക ജാഥകളുടെ പ്രയാണം

Published

|

Last Updated

കൊല്ലം/മലപ്പുറം: മുസ്‌ലിം നവോത്ഥാന സമര നായകരുടെ സ്മരണകള്‍ ഉയര്‍ത്തുന്ന ഭൂമികകളില്‍നിന്ന് ധര്‍മസമരത്തിന്റെ കാഹളം മുഴക്കി എസ് എസ് എഫ് സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാക പ്രയാണം തുടരുന്നു. ആത്മീയ സമരങ്ങള്‍ കൊണ്ട് അധിനിവേശത്തിനും തിന്മകള്‍ക്കുമെതിരെ ധര്‍മ സമരം നയിച്ച മമ്പുറം തങ്ങള്‍, ആലി മുസ്‌ലിയാര്‍ എന്നിവരുടെ സ്മരണകള്‍ തിളങ്ങുന്ന മണ്ണില്‍നിന്നാണ് ജാഥ മലപ്പുറത്തു പര്യടനം നടത്തിയത്. അതേ സമയം തെക്കന്‍ മേഖലാ ജാഥ ആദര്‍ശ പടയോട്ടത്തിന്റെ അമരക്കാരനായിരുന്ന പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അന്ത്യവിശ്രമ കേന്ദ്രത്തില്‍നിന്നും പതാക സ്വീകരിച്ചു.

മമ്പുറം മഖാമില്‍നിന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉമല കേന്ദ്ര മുശാവറ അംഗം കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാരും ആലി മുസ്‌ലിയാര്‍ സ്മാരകത്തില്‍നിന്ന് സമസ്ത മുശാവറ അംഗം തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുമാണ് പതാകകള്‍ കൈമാറിയത്. ഓച്ചിറയിലെ പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മഖാമില്‍ നിന്നുള്ള പതാക സമസ്ത മുശാവറ അംഗം പി എ ഹൈദ്രോസ് മുസ്‌ലിയാരും ജാഥാ നായകരുടെ കൈകളിലേല്‍പ്പിച്ചു. സമ്മേളനാവേശം ഏറ്റെടുത്ത എസ് എസ് എഫ് പ്രവര്‍ത്തകര്‍ കാല്‍നടയായി നയിക്കുന്ന പതാക ജാഥകള്‍ വഴി നീളെ കേരളീയ സമൂഹത്തിന്റെ ആശീര്‍വാദങ്ങളേറ്റു വാങ്ങിയാണ് മുന്നേറുന്നത്. പാലക്കാട് മഞ്ഞക്കുളം മഖാമില്‍നിന്നും ആരംഭിച്ച പതാക ജാഥ ഇന്നലെ വൈകുന്നേരം എടപ്പാളില്‍ വടക്കന്‍ മേഖലാ ജാഥയുമായി സംഗമിച്ച് പതാക കൈമാറി. മലപ്പുറം ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കിയ ജാഥ ഇന്ന് തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കും. ജില്ലയിലെ പ്രമുഖ മഖാമുകളില്‍നിന്നും സമ്മേളന നഗരിയിലേക്കുള്ള പതാകള്‍ ഏറ്റുവാങ്ങും. സംസ്ഥാന സമിതി അംഗങ്ങളായ സി കെ ശക്കീര്‍, സൈനുദ്ദീന്‍ സഖാഫി, മലപ്പുറം ജില്ലാ നേതാക്കളായ പി കെ ശാഫി, ശിഹാബുദ്ദീന്‍ സഖാഫി പെരുമുക്ക്, സുല്‍ഫിക്കര്‍ സഖാഫി മലപ്പുറം എന്നിവരാണ് ജാഥ നയിച്ചത്.
തെക്കന്‍ മേഖലാ ജാഥ ആലപ്പുഴ പ്രവേശിച്ച് വൈകുന്നേരം കായംകുളത്ത് ഉജ്വല സമ്മേളനത്തോടെ സമാപിച്ചു. സംസ്ഥാന കാമ്പസ് സെക്രട്ടറി എ എ റഹീം, നിസാം മുസ്‌ലിയാര്‍ കൊല്ലം, എസ് ആര്‍ ഫൈസല്‍ പള്ളിമുക്ക്, ശമീര്‍ സഖാഫി ആലപ്പുഴ, അനസ് കായംകുളം നേതൃത്വം നല്‍കി. എറണാകുളത്തെത്തുന്ന പതാകകള്‍ ഈ മാസം 20ന് നടക്കുന്ന പ്രൗഢമായ ചടങ്ങില്‍ സമ്മേളന നഗരിയില്‍ ഉയര്‍ത്തും

 

---- facebook comment plugin here -----

Latest