Connect with us

Editorial

റേഷന്‍ വിഹിതത്തിലെ വെട്ടിക്കുറവ്

Published

|

Last Updated

കേരളത്തിന്റെ റേഷന്‍ വിഹിതം കേന്ദ്രം വന്‍തോതില്‍ വെട്ടിക്കുറച്ചിരിക്കുന്നു. ബി പി എല്‍ വിഭാഗത്തിനുള്ള അരിയില്‍ 2.17 ലക്ഷം ടണ്ണും എ പി എല്‍ വിഭാഗത്തില്‍ 1.85 ലക്ഷം ടണ്ണുഭുമാണ് വെട്ടിക്കുറച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബി പി എല്‍ വിഹിതമായി 5.36 ലക്ഷം ടണ്ണും, എ പി എല്‍ വിഹിതമായി 6.18 ലക്ഷം ടണ്ണും അരി അനുവദിച്ച സ്ഥാനത്ത് ഈ വര്‍ഷം 3.19 ലക്ഷം ടണ്ണും 4.33 ലക്ഷം ടണ്ണുമാണ് അനുവദിച്ചത്. ഇതനുസരിച്ചു മാസാന്ത റേഷന്‍ വിഹിതത്തില്‍ യഥാക്രമം ആറ് കിലോയുടെയും നാല് കിലോയുടെയും കുറവ് വരും.
സംസ്ഥാനത്ത് ഈയിടെയായി അരിയുടെ വില ക്രമാതീതമായി വര്‍ധിച്ചിരിക്കയാണ്. ആറ് മാസത്തിനകം പത്ത് മുതല്‍ പതിനഞ്ച് രുപയുടെ വരെ വര്‍ധനവാണ് അനുഭവപ്പെട്ടത്. പെട്രോള്‍, ഡീസല്‍ വിലയിലും തീവണ്ടി നരക്കിലുമുണ്ടായ വര്‍ധന മുലം കടത്ത് കൂലി ഉയര്‍ന്നതും കേരളീയര്‍ അരിക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും ആശ്രയിക്കുന്ന അന്യസംസ്ഥാനങ്ങളിലെ വ്യാപാര ലോബിയുടെ കളിയും സംസ്ഥാനത്തെ വ്യാപ്യാര കുത്തകകള്‍ സൃഷ്ടിക്കുന്ന കൃത്രിമ ക്ഷാമവുമൊക്കെയാണ് ഇതിന് കാരണം. ഈ ദുസ്സഹാവസ്ഥ തരണം ചെയ്യുന്നതില്‍ റേഷനരിയും സപ്ലൈകോ സ്റ്റോറുകള്‍ വഴി വിതരണം ചെയ്തിരുന്ന സബിസിഡി നിരക്കിലുള്ള സാധനങ്ങളും സാധാരണക്കാര്‍ക്ക് ഏറെ സഹായകരമായിരുന്നു. എന്നാല്‍ സപ്ലൈകോ സ്റ്റോറുകളിലെ സബ്‌സിഡി സാധനങ്ങളുടെ എണ്ണം ഒന്നൊന്നായി വെട്ടിക്കുറച്ചു ഇപ്പോള്‍ അര ഡസന്‍ സാധനങ്ങളില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. അവ തന്നെ അപൂര്‍വമായേ സ്‌റ്റോക്കുണ്ടാകാറുള്ളു. ഇനി റേഷന്‍ വിഹിതം കൂടി കുത്തനെ വെട്ടിക്കുറക്കുമ്പോള്‍ പൊതുമാര്‍ക്കറ്റിലെ അരി വില വീണ്ടും കുതിച്ചുയരുകയും ജനജീവിതം കുടുതല്‍ ദുരിതപൂണമാകുകയും ചെയ്യും.
ഭക്ഷ്യോത്പാദനം പ്രതീക്ഷിത അളവ് എത്തായ്കയോ, റേഷന്‍ വിഹിതം വെട്ടിക്കുറക്കേണ്ട മറ്റെന്തെങ്കിലും സാഹചര്യങ്ങളോ രാജ്യത്ത് ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഭക്ഷ്യോത്പാദനത്തില്‍ റിക്കോര്‍ഡ് നേട്ടം കൈവരിച്ചതായി കേന്ദ്ര വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയതാണ്. പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായുള്ള സബ്‌സിഡി പരമാവധി വെട്ടിക്കുറക്കുക എന്ന അജന്‍ഡ മാത്രമാണ് ഈ തീരുമാനത്തിന് പിന്നില്‍. അമേരിക്ക, യൂറോപ്പ് പോലുള്ള പരിഷ്‌കൃത നാടുകളിലേക്ക് കണ്ണയച്ചു വികസന നയങ്ങള്‍ ആവിഷ്‌കരിക്കുന്ന മന്‍മോഹന്‍സിംഗിന് രാജ്യത്തെ ബഹുഭൂരിഭാഗം വരുന്ന ദരിദ്ര ജനകോടികളുടെ ദൈന്യ മുഖം കാണാന്‍ അവസരം ലഭിക്കാത്തത് കൊണ്ടായിരിക്കാം സബ്‌സിഡി സമ്പ്രദായത്തോട് ഇത്ര അലര്‍ജി.
അരിവിഹിതം കേന്ദ്രം വെട്ടിക്കുറച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത് സംസ്ഥാന ഭക്ഷ്യമന്ത്രി അനുപ് ജേക്കബ് ആണ്. ഇത് പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ചെലുത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ കേരളീയനായ കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ വി തോമസിന്റെ ഭാഷ്യം മറ്റൊന്നാണ് .കഴിഞ്ഞ വര്‍ഷം അനുവദിച്ച റേഷന്‍ വിഹിതത്തില്‍ 57 ശതമാനം മാത്രമേ കേരളം സ്വീകരിച്ചിട്ടുള്ളുവെന്നതിനാല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണത്തിന് അത്രയും അരിയേ ആവശ്യമുള്ളുവെന്നാണ് കേന്ദ്രം മനസ്സിലാക്കുന്നത്. ആ അളവില്‍ ഇത്തവണയും അനുവദിച്ചിട്ടുണ്ട്. കേരളത്തിന് ആവശ്യമില്ലാത്ത അളവ് മാത്രമേ കുറവ് വരുത്തിയുള്ളുവെന്നര്‍ഥം.
ഈ കണക്കുകള്‍ വസ്തുതാപരമല്ലെന്നും 77.7 ശതമാനം അരി കേരളം എടുത്തിട്ടുണ്ടെന്നുമാണ് കെ വി തോമസിന്റെ പ്രസ്താവനയോടുള്ള അനൂപ് ജേക്കബിന്റെ പ്രതികരണം. ഫെബ്രുവരി വരെ എടുത്ത അരിയുടെ കണക്കുകള്‍ വെച്ചാണ് കേന്ദ്ര മന്ത്രി സംസാരിച്ചതെന്നും മാര്‍ച്ചില്‍ എടുത്ത വിഹിതം അതില്‍ പെടുന്നില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. ആരെ വിശ്വസിക്കണം? ആരെ അവിശ്വസിക്കണം? ഏതായാലും കഴിഞ്ഞ വര്‍ഷം അനുവദിച്ച വിഹിതം പൂര്‍ണമായി എടുക്കുന്നതില്‍ സംസ്ഥാനം വീഴ്ച കാണിച്ചുവെന്ന് വ്യക്തം. ഇതു വഴി അരിവിഹിതം വെട്ടിക്കുറക്കാന്‍ കേന്ദ്രത്തിന് അവസരം നല്‍കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍.
റേഷന്‍ വിഹിതത്തില്‍ പല തവണ വെട്ടിക്കുറവ് നടത്തിയതിന്റെ ഫലമായി ചെറിയ ഒരളവില്‍ മാത്രമാണ് സംസ്ഥാനത്തിന് നിലവില്‍ റേഷനരി ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും അത് വെട്ടിക്കുറച്ചാല്‍ റേഷന്‍ വിഹിതം ജനങ്ങള്‍ക്കുപകരിക്കാത്ത കേവലമൊരു ചടങ്ങായി മാറും. കഴിഞ്ഞ വര്‍ഷത്തെ അളവില്‍ ഇത്തവണയും അരി അനുവദിക്കുന്നതിന് കേന്ദ്രത്തില്‍ കടുത്ത സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്. ഉപഭോഗ സംസ്ഥാനമായ കേരളത്തിന്റെ അരിപ്രശ്‌നം നന്നായറിയാവുന്ന കെ വി തോമസ് കേന്ദ്ര നടപടിയെ അപ്പടി ന്യായീകരിക്കാന്‍ മിനക്കെടാതെ കേരളത്തിന് കൂടുതല്‍ വിഹിതം ലഭ്യമാക്കാനുളള ശ്രമങ്ങള്‍ നടത്തുകയാണ് വേണ്ടത്. കേന്ദ്ര പൊതുബജറ്റിലും റെയില്‍വേ ബജറ്റിലും കേരളത്തിനുണ്ടായ കയ്‌പ്പേറിയ അനുഭവം ഈ വിഷയത്തിലും ആവര്‍ത്തിക്കാന്‍ ഉമ്മന്‍ ചാണ്ടിയും സഹപ്രവര്‍ത്തകരും ഇടം നല്‍കരുത്.

Latest