നാവിക സേന ആസ്ഥാനത്തെ പീഡനം:വധ ഭീഷണിയുണ്ടെന്ന് സുജാത

Posted on: April 10, 2013 8:46 pm | Last updated: April 10, 2013 at 8:47 pm

rapps_1_0കൊച്ചി: ദക്ഷിണമേഖലാ നാവിക ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി നല്‍കിയ സുജാത തനിക്ക് വധഭീഷണിയുണ്ടെന്ന ആരോപണവുമായി രംഗത്ത്. നാവിക സേനാ ഉദ്യോഗസ്ഥര്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും താന്‍ നല്‍കിയ പരാതി ശരിയായ രീതിയില്‍ പോലീസ് പരിഗണിക്കുന്നില്ലെന്നും സുജാത ആരോപിച്ചു.ഒഡീഷ സ്വദേശിയായ സുജാത കൊച്ചി ദക്ഷിണ മേഖലാ നാവിക ആസ്ഥാനത്തെ ലഫ്റ്റനന്റ് രവി കിരണിന്റെ ഭാര്യയാണ്. ഭര്‍ത്താവും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് സുജാത പോലീസില്‍ നല്‍കിയ പരാതി.സ്ഥാനനക്കയറ്റത്തിനു വേണ്ടി പല തവണ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കീഴ്‌പ്പെടണമെന്ന് ആവശ്യപ്പെട്ടു. പല തവണ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടതായി പരാതിയില്‍ പറയുന്നു.കഴിഞ്ഞ നാലിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പരാതി കുടുംബ വഴക്കിന്റെ ഭാഗമായാണെന്ന് നാവിക സേന വിശദീകരിച്ചു. ഭര്‍ത്താവുമായുള്ള കുടുംബ വഴക്കില്‍ നാവികസേനയെ വലിച്ചിഴക്കുകയാണെന്നും നാവിക സേന ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ വിശദീകരിച്ചു.മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വശംവദയാകാനും രാത്രികാലങ്ങളില്‍ നടക്കുന്ന പാര്‍ട്ടികളില്‍ പങ്കെടുത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം ചെലവഴിക്കാനും ഭര്‍ത്താവ് നിര്‍ബന്ധിച്ചുവെന്ന് ആരോപിക്കുന്ന സുജാത ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് പരാതി നല്‍കിയത്. ഇതിനു വിസമ്മതിച്ച തന്നെ മുറിയില്‍ പൂട്ടിയിട്ടതായും മാനസീകമായും ശാരീരികമായും പീഡിപ്പിച്ചതായും സുജാത പരാതിയില്‍ പറയുന്നു.പരാതിയുമായി പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ ഓഫീസിലേക്ക് ബന്ധപ്പെട്ടപ്പോള്‍ നാവികസേനാ ആസ്ഥാനത്ത് പരാതി നല്‍കാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് പരാതി നല്‍കാനെത്തിയ തനിക്ക് അപമാനമായിരുന്നു നേരിടേണ്ടിവന്നതെന്ന്് സുജാത പറയുന്നു.