Connect with us

Gulf

പ്രവാസി യുവജന സമ്മേളനങ്ങള്‍ ഒമാനിലെ എട്ടു സോണുകളില്‍

Published

|

Last Updated

മസ്‌കത്ത്: “സമരമാണ് ജീവിതം” എന്ന സന്ദേശത്തില്‍ രാജ്യത്തെ എട്ടു സോണുകളില്‍ പ്രവാസി യുവജന സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ് സമ്മേളനം മുന്നോട്ടു വെക്കുന്ന പ്രമേയത്തിന്റെ പ്രവാസലോകത്തെ വായനക്കായി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം നടക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായാണ് ഒമാനിലും സമ്മേളനം നടക്കുന്നത്.
പ്രതികരണ ശേഷി നഷ്ടപ്പെട്ടവരോ അതി തീവ്രതയുടെ വക്താക്കളോ ആയി യുവാക്കള്‍ മാറുന്നത് അപകടകരമാണ് സമരം ചെയ്യേണ്ടത് ജീര്‍ണമായ വ്യവസ്ഥകളോടും സ്വന്തത്തോടുമാകണമെന്ന സന്ദേശം യുവാക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ സമ്മേളന കാലത്ത് വിവിധ പരപാടികളും പ്രാചരണങ്ങളും ആവിഷ്‌കരിക്കും. സമരവാരാചരണത്തിലൂടെ ഗൃഹ സന്ദര്‍ശനം, സൗഹൃദസംഗമങ്ങള്‍, ടേബിള്‍ ടോക്ക്, ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികള്‍ നടത്തും. സമൂഹത്തിന്റെയും നാടിന്റെയും നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങളിലേക്ക് യുവാക്കളുടെ ക്രയശേഷിയെ വഴിതിരിച്ചു വിടുന്നതിനുള്ള സന്ദേശങ്ങള്‍ മുന്നോട്ടു വെക്കാന്‍ ഇത്തരം സമ്മേളനങ്ങള്‍ക്ക് കഴിയും. സംഘടനയുടെ സന്നദ്ധ സേവന വിഭാഗമായ ഐ ടീമിനെ സമ്മേളനങ്ങളിലൂടെ സമൂഹത്തിനു സമര്‍പ്പിക്കും.
ഐ ടീം സമ്മേളനം, സാംസ്‌കാരിക സംവാദം, പൊതു സമ്മേളനം എന്നീ പരിപാടികളാണ് യുവജന സമ്മേളനത്തില്‍ ഉണ്ടാവുക. സലാല, നിസ്‌വ, സൊഹാര്‍, ജഅലാന്‍, ബിദായ, സീബ്, മസ്‌കത്ത് എന്നീ എട്ടു സോണുകളിലാണ് സമ്മേളനം നടക്കുക. യുവാക്കള്‍ക്കു പുറമേ ബഹുജനങ്ങളും സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. എസ് എസ് എഫ് സമ്മേളനത്തോടനുബന്ധിച്ച് യൂണിറ്റ് തലത്തില്‍ മുന്‍കാല എസ് എസ് എഫുകാരുടെ സംഗമം, പാദമുദ്രകള്‍ തുടങ്ങിയ പരിപാടികളും നടക്കുമെന്ന് സ്വാഗത സംഘം ജന. കണ്‍വീനര്‍ എന്‍ജി. അബ്ദുല്‍ ഹമീദ്, നാഷണല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ നിശാദ് അഹ്‌സനി, ജന. കണ്‍വീനര്‍ ഫിറോസ് അബ്ദുര്‍റഹ്മാന്‍, കണ്‍വീനര്‍മാരായ ജാബിര്‍ ജലാലി, ബഷീര്‍ തൃപ്രയാര്‍, മജീദ് വയനാട് എന്നിവര്‍ അറിയിച്ചു.

Latest