Connect with us

International

മധ്യദൂര മിസൈലുകള്‍ ഉത്തര കൊറിയ പരീക്ഷിക്കുന്നു

Published

|

Last Updated

സിയോള്‍: കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാക്കി ഉത്തര കൊറിയ മധ്യദൂര മിസൈലുകള്‍ പരീക്ഷിക്കാനൊരുങ്ങുന്നു. മിസൈല്‍ സംവിധാനങ്ങള്‍ കിഴക്കന്‍ തീരത്തേക്ക് ഉത്തര കൊറിയ മാറ്റിത്തുടങ്ങിയതായി ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള മിസൈലുകളും ഉത്തര കൊറിയ പരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, ഇക്കാര്യം ദക്ഷിണ കൊറിയ നിഷേധിച്ചിട്ടുണ്ട്. അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ ഉത്തര കൊറിയ തയ്യാറെടുത്തിട്ടില്ലെന്ന് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രി കിം ക്വാന്‍ ജിന്‍ പറഞ്ഞു.
അതേസമയം, യു എസ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കിത്തുടങ്ങി. അമേരിക്കക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന ഉത്തര കൊറിയയുടെ ഭീഷണിക്ക് പിന്നാലെയാണ് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ യു എസ് വിന്യസിക്കുന്നത്. പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് സിസ്റ്റം (ടി എച്ച് എ എ ഡി) പസഫിക്കിലെ ഗുവാമില്‍ വിന്യസിക്കുന്നത്.
യു എസ് മിസൈല്‍ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തിയതോടെ മേഖലയില്‍ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമായതായി ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. ഉത്തര കൊറിയയുടെ വാക്‌പോര് യു എസിനും പസഫിക്കിലെ സഖ്യകക്ഷികള്‍ക്കും ഭീഷണിയാണെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ചക് ഹേഗല്‍ പറഞ്ഞു. ഉത്തര കൊറിയയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബേ പറഞ്ഞു.
ദക്ഷിണ കൊറിയക്കു മേല്‍ സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരു കൊറിയകളും സംയുക്തമായി നടത്തുന്ന കേസോംഗ് വ്യവസായ കോംപ്ലക്‌സില്‍ നിന്ന് ദക്ഷിണ കൊറിയക്കാരെ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു.
കേസോംഗിലെ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന എണ്ണൂറോളം ദക്ഷിണ കൊറിയന്‍ പൗരന്‍മാര്‍ക്കാണ് ഉത്തര കൊറിയന്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്.