പ്രവാസി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക ഐ.സി.എഫ്

Posted on: April 4, 2013 2:36 pm | Last updated: April 4, 2013 at 2:36 pm

മക്ക : സൗദി, കുവൈത്ത് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് പ്രയാസമനുഭവിക്കുന്നവര്‍ക്കായി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടപ്പിലാക്കണമെന്ന് ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) സൗദി നാഷണല്‍ കമ്മിറ്റി ഇന്ത്യന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. സൗദിയില്‍ പുതിയതായി നടപ്പിലാക്കിയ നിതാകാത്ത്, ലെവി തുടങ്ങിയ നിയമങ്ങള്‍ മൂലം വിസ പുതുക്കാനും നിയമാനുസൃതം നാട്ടില്‍ പോവാനുമാവാതെ നിരവധി ഇന്ത്യക്കാര്‍ പ്രയാസത്തിലാണ്. പുതിയ സ്‌പോണ്‍സറെയും ജോലിയും അന്യേഷിച്ചു കൊണ്ടിരിക്കുന്ന പലരും നിയമലംഘകരെ തേടിയുള്ള ഉദ്യോഗസ്ഥരുടെ പിടിയലകപ്പെടുമെന്ന ഭയത്താല്‍ ഒളിവില്‍ കഴിയുകയാണ്. കോണ്‍സുലേറ്റ് ഇടപെട്ട് ഇത്തരക്കാര്‍ക്ക് രജിസ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തി പുതിയ സ്‌പോണ്‍സറെയും ജോലിയും കണ്ടെത്താന്‍ നിശ്ചിത സമയപരിധി നല്‍കാന്‍ സംവിധാനം ഉണ്ടാക്കേണ്ടതുണ്ട്.
വിസ പുതുക്കാന്‍ നിയമതടസ്സങ്ങള്‍ ഉണ്ടാവുകയും നിലവിലുള്ള സ്‌പോണ്‍സര്‍ കയ്യൊഴിയുകയും ചെയ്തതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാതെ കഷ്ടപ്പെടുകയാണ് പലരും. നിയമലംഘനത്തിന്റെ പേരില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരുമായി നിരന്തരം ബന്ധപ്പെടാനും ആവശ്യമായ സഹായങ്ങള്‍ നല്‍കാനും എംബസി, കോണ്‍സുലേറ്റ് അധികൃതര്‍ തയ്യാറാവണം. സ്ഥാപനങ്ങളില്‍ ആവശ്യമായ സൗദികളെ നിയമിക്കേണ്ടതും ലെവി പോലുള്ള ഫീസുകള്‍ അടക്കേണ്ടതും സ്ഥാപന ഉടമകളായ സൗദികളാണെന്നിരിക്കെ അതിന്റെ പേരില്‍ വിസ പുതുക്കാനാവാതെ പിടിക്കപ്പെടുന്ന ഇന്ത്യക്കാരോട് നിയമം ലംഘിച്ചിട്ടല്ലേ എന്ന നിരുത്തരവാദപ്പെട്ട നിലപാട് സ്വീകരിക്കുന്ന സമീപനം ഇന്ത്യന്‍ ഭരണകര്‍ത്താക്കളില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണ്.
പിടിക്കപ്പെട്ടവരുടെ പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍ തിരിച്ചേല്‍പ്പിക്കാതിരിക്കുകയും ജയില്‍വാസം നീളുകയും ചെയ്യുന്നവര്‍ക്ക് ഔട്ട് പാസ് നല്‍കാനും വിമാന ടിക്കറ്റ് നല്‍കി അവരെ നാട്ടിലെത്തിക്കാനും സംവിധാനം ചെയ്യേണ്ടതാണ്. ഗള്‍ഫിലെവിടേക്കും പ്രവേശിക്കാനാവാത്ത വിധം കുറ്റവാളികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന ഡിപ്പോര്‍ട്ട് ഒഴിവാക്കാനും അധികൃതര്‍ ശ്രമിക്കേണ്ടതാണ്. എയര്‍പോര്‍ട്ടറുകളില്‍ പ്രത്യേക കൗണ്ടര്‍ തുറക്കുകയും തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുവരെ രജിസ്ടര്‍ ചെയ്ത് പുനരധിവാസ പദ്ധതികളില്‍ പങ്കാളികളാക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തില്‍ രജിസ്ടര്‍ ചെയ്ത് നാട്ടില്‍ ഗവണ്‍മെന്റ് തസ്തികകളില്‍ ജോലി അപേക്ഷിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണനയും മുന്‍ഗണനയും നല്‍കുകയും സ്ഥാപനങ്ങളും ചെറുകിട സംരഭങ്ങളും തുടങ്ങുന്നവര്‍ക്ക് നിയമ സഹായം നല്‍കാനും പലിശരഹിത ലോണ്‍ നല്‍കാനും ഭരണകൂടം മുന്‍കയ്യെടുക്കേണ്ടതാണ്.
ഇന്ത്യയുടെ വിശിഷ്യാ കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക വളര്‍ച്ചക്ക് വന്‍സംഭാവനകളര്‍പ്പിച്ച പ്രവാസി സമൂഹം നേരിടുന്ന പ്രതിസന്ധികളില്‍ അവരെ സഹായിക്കുന്നതിന് പകരം അവഗണിക്കുന്ന നിലപാട് ഒഴിവാക്കണമെന്നും പ്രസ്താവനയില്‍ ഐ.സി.എഫ് ആവശ്യപ്പെട്ടു. ഗള്‍ഫ് മേഖലയിലെ തൊഴില്‍ പ്രതിസന്ധി മുതലെടുത്ത് എക്കാലത്തും സഹായികളായിരുന്ന അറേബ്യന്‍ സമൂഹത്തേയും ഭരണകര്‍ത്താക്കളേയും താറടിച്ചു കൊണ്ടും ഊഹാപോഹങ്ങള്‍ പരത്തിക്കൊണ്ടുമുള്ള അനാവശ്യ മാധ്യമ ചര്‍ച്ചകളും നിലപാടുകളും ഉത്തരവാദപ്പെട്ടവര്‍ ഒഴിവാക്കണമെന്നും പ്രവാസി സമൂഹത്തെ ഒന്നടങ്കം വിലയിടിച്ചു കാണിച്ചു കൊണ്ടുള്ള മാധ്യമ ചര്‍ച്ചകള്‍ ദോഷഫലങ്ങളേ ഉണ്ടാക്കുകയുള്ളൂ എന്നും സമൂഹത്തിന്റെ നന്മക്കായി ഗള്‍ഫ് മേഖലയിലെ തൊഴില്‍ വരുമാനം വിനിയോഗിക്കണമെന്നും നേതാക്കളായ സയ്യിദ് ഹബീബുല്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍, അബൂബക്കര്‍ അന്‍വരി, മുജീബ് റഹ്മാന്‍ ഏ. ആര്‍ നഗര്‍, അബ്ദുല്‍ റഹീം പാപ്പിനിശ്ശേരി എന്നിവര്‍ പറഞ്ഞു