മങ്കട സി എച്ച് സിയില്‍ മതിയായ സൗകര്യമില്ല; രോഗികള്‍ ദുരിതത്തില്‍

Posted on: April 4, 2013 7:43 am | Last updated: April 4, 2013 at 7:43 am

മങ്കട:മങ്കടയിലെ പ്രാഥമികാരോഗ്യ കേന്ദം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയെങ്കിലും മതിയായ സൗകര്യമില്ലാത്തതിനാല്‍ രോഗികള്‍ ദുരിതത്തില്‍. 1961ല്‍ മങ്കട കോവിലകത്തെ ശ്രീദേവി അമ്മു സൗജന്യമായി നല്‍കിയ രണ്ട് ഏക്കര്‍ പത്ത് സെന്റ് സ്ഥലത്താണ് പ്രാഥമികാരോഗ്യകേന്ദ്രം ആരംഭിച്ചത്.

84ല്‍ ഇന്ത്യന്‍ പോപ്പുലേഷന്‍ പ്രൊജക്ടിലൂടെ കിട്ടിയ ചെറിയ ഒരു കെട്ടിടമല്ലാതെ ഇവിടെ കിടത്തി ചികിത്സക്ക് കാര്യമായ നിര്‍മാണ പ്രവൃത്തികള്‍ ഒന്നും നടന്നില്ല. ജീര്‍ണിച്ച പഴയ കെട്ടിടത്തിലാണ് ഇപ്പോഴും ഇവിടെ ഒ പി പ്രവര്‍ത്തിക്കുന്നത്. 2008ല്‍ സി എച്ച് സിയായി ഉയര്‍ത്തിയ ഇവിടെ നിത്യേന 400ലധികം രോഗികള്‍ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ കിടത്തിചികിത്സക്ക് വെറും 26 ബെഡുകള്‍ മാത്രമാണ് ഇവിടെയുള്ളത്. ഇതിനായി സ്റ്റാഫ് പാറ്റേണ്‍ അനുവദിച്ച് കിട്ടിയിട്ടില്ല.
ജില്ലയില്‍ തന്നെ ഇതിന് ശേഷം വന്ന പല പ്രാഥമികാരോഗ്യകേന്ദ്രങ്ങളും ഏറെ സൗകര്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മഴക്കാല സീസണുകളില്‍ ഇവിടെ കിടത്തിചികിത്സിക്ക് ഏറെ പ്രയാസം നേരിടുന്നുണ്ട്. എട്ട് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഇവിടെ വെറും മൂന്ന് ഡോക്ടര്‍മാര്‍ മാത്രമാണ് സേവനത്തിലുള്ളത്. പത്ത് നഴ്‌സുമാര്‍ വേണ്ടിടത്ത് നാലും നഴ്‌സിംഗ് അസിസ്റ്റന്‍ഡുമാര്‍ നാല് പേര്‍ വേണ്ടിടത്ത് രണ്ട് പേരും, ഫാര്‍മസിസ്റ്റ് രണ്ടിന് ഒന്നും ലാബ്‌ടെക്‌നീഷ്യന്‍ രണ്ടിന് ഒന്നുമാണ് നിലവിലുള്ളത്.
മഞ്ചേരി-പെരിന്തല്‍മണ്ണ സംസ്ഥാനപാതയില്‍ ഏക ആതുരാലയം ഇതാണെങ്കിലും മുഴുവന്‍സമയ സേവനം ഇവിടെ ലഭിക്കുന്നില്ല. സേവനം ലഭിക്കുന്ന ഡോക്ടര്‍മാരാകട്ടെ എന്‍ ആര്‍ എച്ച് എം സ്‌കീമില്‍ താത്കാലികമായി നിയമിക്കപ്പെട്ട ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. മങ്കട ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകള്‍ക്ക് പുറമെ മലപ്പുറം ബ്ലോക്കിലെ കോഡൂരും പെരിന്തല്‍മണ്ണ ബ്ലോക്കിലെ അങ്ങാടിപ്പുറവും പുലാമന്തോളും മങ്കട കമ്മ്യൂണിറ്റി ഹെല്‍ത്ത്‌സെന്ററിനു കീഴിലാണ് ഇപ്പോഴുമുള്ളത്. ഇത്രയും പഞ്ചായത്തുകളില്‍ സേവനം നടത്തുന്നതിന് ഇവിടെയുള്ള ജീപ്പാകട്ടെ 25 വര്‍ഷത്തിലധികം പഴക്കമുള്ളതാണ്. പ്രതിമാസം ഡീസല്‍ ഇനത്തിലും അറ്റകുറ്റപ്പണികള്‍ക്കുമായി വലിയ ഒരു തുക ബ്ലോക്ക് പഞ്ചായത്തിന് ഈ വാഹനത്തിന് ചെലവ് വരുന്നുണ്ടെന്നും ഈ വാഹനം മാറ്റുന്നതിന് അധികൃതരില്‍ നിന്ന് നടപടിയുണ്ടായില്ലെന്ന് ബ്ലോക്ക് പ്രസിഡന്റ് പി ഉസ്മാന്‍ പറഞ്ഞു.
പഴയ ഒ പി കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് മാറ്റിയാണ് പുതിയ ഒ പി ബോക്കിന് ഇന്ന് ആരോഗ്യ മന്ത്രി തറക്കല്ലിടുന്നത്. ഇതിന്റെ പ്രവൃത്തി ഉടന്‍ തീര്‍ന്നില്ലെങ്കില്‍ സി എച്ച് സിയുടെ പ്രവ്രര്‍ത്തനം കൂടുതല്‍ താളം തെറ്റുമെന്നുറപ്പാണ്.