ബാഴ്‌സക്ക് സമനില ബയേണിന് ജയം

Posted on: April 4, 2013 6:00 am | Last updated: April 4, 2013 at 7:53 am

MESSIപാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ബാഴ്‌സലോണയെ ഞെട്ടിച്ചു കൊണ്ട് പാരിസ് സെയിന്റ് ജെര്‍മെയിന്‍ രണ്ട് തവണ പിറകില്‍ നിന്ന ശേഷം സമനില പൊരുതിയെടുത്തു (2-2). മ്യൂണിക്കില്‍ ബയേണ്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ ജുവെന്റസിനെ തുരത്തി. ഫ്രഞ്ച് ക്ലബ്ബിന്റെ തട്ടകത്തില്‍ രണ്ട് എവേ ഗോളുകള്‍ നേടിയതിന്റെ ആശ്വാസം ബാഴ്‌സക്കുണ്ടെങ്കിലും പന്ത് ഇപ്പോഴും പി എസ് ജിയുടെ കോര്‍ട്ടില്‍ തന്നെയാണ്. ഇഞ്ച്വറി ടൈമില്‍ നേടിയ സമനില ഗോള്‍ അത്രമേല്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ ടീമിന് ആത്മവിശ്വാസമേകുന്നു. രണ്ടാം പാദത്തില്‍ ബാഴ്‌സയുടെ ഗ്രൗണ്ടില്‍ 1-0ന് നേരിയ ജയം തങ്ങള്‍ക്ക് സാധ്യമാകുമെന്ന് കാര്‍ലോ ആഞ്ചലോട്ടി വിശ്വസിക്കുന്നു. പരുക്കേറ്റ ലയണല്‍ മെസിക്കും ജാവിയര്‍ മഷെറാനോക്കും അടുത്താഴ്ച നൗകാംപില്‍ രണ്ടാം പാദം കളിക്കാനാകില്ലെന്നതും പി എസ് ജിക്ക് അനുകൂലമാണ്. ആദ്യ ഗോള്‍ നേടിയ മെസി രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയില്ല. മഷെറാനോക്ക് ആറാഴ്ചയെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് ബാഴ്‌സലോണ അറിയിച്ചത്.മുപ്പത്തെട്ടാം മിനുട്ടില്‍ ലയണല്‍മെസിയും എണ്‍പത്തൊമ്പതാം മിനുട്ടില്‍ ഷാവി ഹെര്‍നാണ്ടസ് പെനാല്‍റ്റിയിലൂടെയും ബാഴ്‌സയുടെ ഗോളുകള്‍ നേടി. എഴുപത്തൊമ്പതാം മിനുട്ടില്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിചാണ് പി എസ് ജിക്ക് ആദ്യ സമനില ഗോള്‍ നേടിയത്. ബ്ലെയ്‌സ് മറ്റൗഡി നിശ്ചിത തൊണ്ണൂറ് മിനുട്ടിന് ശേഷം അനുവദിച്ച നാലാം മിനുട്ടിലാണ് അതിശയിപ്പിക്കുന്ന സമനില ഗോള്‍ നേടിയത്. ആദ്യ പകുതിക്ക് ഏഴ് മിനുട്ടിരിക്കെ ബ്രസീലിയന്‍ വിംഗര്‍ ഡാനി ആല്‍വസ് നല്‍കിയ തകര്‍പ്പന്‍ പാസില്‍ മെസിയുടെ അപാരമായ ഫിനിഷിംഗില്‍ പിറന്ന ഗോള്‍ എതിര്‍തട്ടകത്തില്‍ ബാഴ്‌സക്ക് മേല്‍ക്കൈ നല്‍കി. ആധിപത്യം പുലര്‍ത്തിയ ബാഴ്‌സക്ക് മേല്‍ വല്ലപ്പോഴും കൗണ്ടര്‍ അറ്റാക്ക് ചെയ്യുന്നതായിരുന്നു പി എസ് ജി രീതി. ആദ്യ ഇലവനില്‍ ഇടം പിടിച്ച ഡേവിഡ് ബെക്കാം പ്രതിരോധ നിരയില്‍ നിന്ന് തൊടുക്കുന്ന ലോംഗ് പാസുകള്‍ ബാഴ്‌സയുടെ കണക്ക്കൂട്ടലുകള്‍ തെറ്റിക്കുന്നതായി. രണ്ടാം പകുതിയുടെ മധ്യത്തില്‍ ബെക്കാം കളം വിട്ടു. നാല് വ്യത്യസ്ത ക്ലബ്ബുകളിലായി ചാമ്പ്യന്‍സ് ലീഗ് കളിച്ച ആദ്യ ബ്രിട്ടീഷ് താരം എന്ന റെക്കോര്‍ഡ് പി എസ് ജിക്ക്ബൂട്ടുകെട്ടിയതോടെ ബെക്കാം സ്വന്തമാക്കി. സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച് പലപ്പോഴും നിരാശപ്പെടുത്തിയപ്പോള്‍ വലത് വിംഗ് ബാക്ക് ലുകാസ് ബാഴ്‌സയുടെ പ്രതിരോധത്തിലേക്ക് തുളച്ചു കയറി. ഷാവി ഹെര്‍നാണ്ടസും ആന്ദ്രെ ഇനിയെസ്റ്റയും നിയന്ത്രിച്ച ബാഴ്‌സ മിഡ്ഫീല്‍ഡിന് പി എസ് ജി മികച്ച പ്രതിരോധമാണ് സൃഷ്ടിച്ചത്. തുടരെ നാല് വര്‍ഷം ലോകഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ട മെസി പക്ഷേ തന്റെ അനിഷേധ്യത തെളിയിച്ചുകൊണ്ട് സീസണിലെ അമ്പത്തേഴാം ഗോള്‍ നേടി.

ആദ്യ പകുതി കഴിയും മുമ്പ് തന്നെ മുട്ടിന് ചവിട്ടേറ്റ് ചോരയൊലിപ്പിച്ചു നിന്ന മെസി പരുക്കിന്റെ ആഴം തന്റെ നിരാശയിലൂടെ വ്യക്തമാക്കി. രണ്ടാം പകുതിയില്‍ സെസ്‌ക് ഫാബ്രിഗസ് മെസിക്ക് പകരമെത്തി. പി എസ് ജിയുടെ പ്രതിരോധത്തിന് വലിയൊരു തലവേദന സൃഷ്ടിക്കാന്‍ ഫാബ്രിഗസിന് സാധിച്ചില്ല. മെസിയുടെ അഭാവം നിഴലിച്ചു.
കോര്‍ണര്‍ കിക്കില്‍ നിന്നുള്ള കൂട്ടപ്പൊരിച്ചിലില്‍ ഇബ്രാഹിമോവിച് സമനില ഗോള്‍ നേടി. തിയഗോ സില്‍വയുടെ ഹെഡര്‍ പോസ്റ്റില്‍ തട്ടിമടങ്ങിയപ്പോള്‍ ഇബ്രാഹിമോവിച് പന്ത് ടാപ് ചെയ്ത് വലയിലെത്തിച്ചു. 89താം മിനുട്ടില്‍ ബാഴ്‌സ നേടിയ രണ്ടാം ഗോള്‍ വിവാദം നിറഞ്ഞതായിരുന്നു. അലെക്‌സിസ് സാഞ്ചസിനെ പി എസ് ജി ഗോളി സാല്‍വതോര്‍ സിരിഗു വീഴ്ത്തിയെന്ന് കാണിച്ചായിരുന്നു പെനാല്‍റ്റി.
എന്നാല്‍, അലെക്‌സിസ് ഡൈവ് ചെയ്യുകയായിരുന്നുവെന്ന് വ്യക്തം. കിക്കെടുത്ത ഷാവി ഇത് ഗോളാക്കി. എന്നാല്‍, ക്യാപ്റ്റന്‍ തിയഗോ സില്‍വ കീഴടങ്ങാനൊരുക്കമല്ലായിരുന്നു. നിരാശയിലാണ്ട സഹതാരങ്ങളോട് ഉണര്‍ന്ന് കളിക്കാന്‍ ആഹ്വാനം ചെയ്യുന്ന, പ്രചോദിപ്പിക്കുന്ന തിയഗോ സില്‍വ ഫുട്‌ബോളിലെ സ്പിരിറ്റായി. മത്സരത്തിലെ അവസാന കിക്ക് ഗോളാക്കി മാറ്റി മറ്റോഡി ബാഴ്‌സയെയും മത്സരം വീക്ഷിച്ച ലോകഫുട്‌ബോള്‍ പ്രേമികളെയും അതിശയിപ്പിച്ചു.
മെസിയെ ഫലപ്രദമായി തടയുന്നതില്‍ തിയഗോ സില്‍വ വന്‍ വിജയമായിരുന്നു. മെസിയുടെ കാലില്‍ നിന്ന് തുടരെ പന്ത് തട്ടിയെടുക്കാന്‍ സമീപകാലത്തൊന്നും മറ്റൊരു ഡിഫന്‍ഡര്‍ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ തിയഗോ, ജാഗ്രതയോടെ മെസിമിഷന്‍ ഗംഭീരമാക്കി.
തുടക്കത്തില്‍ ജാവിയര്‍ പാസ്റ്റര്‍, ഇബ്രാഹിമോവിച്, ഇസെക്വെല്‍ ലാവെസി സഖ്യം ബാഴ്‌സയുടെ ഗോള്‍ മേഖലയില്‍ ഭീഷണി മുഴക്കി. ലാവെസിയുടെയും ഇബ്രായുടെയും ഗോളുറപ്പിച്ച ഷോട്ടുകള്‍ പുറത്തേക്ക് പോയി.
ഒരേ താളത്തില്‍ ബയേണ്‍ മ്യൂണിക് ഒഴുക്കോടെ കളിച്ചപ്പോള്‍ ജുവെന്റസ് കാഴ്ചക്കാരായി. ഒന്നാം മിനുട്ടില്‍ തന്നെ അലാബയിലൂടെ ബയേണ്‍ മുന്നിലെത്തി. അറുപത്തിമൂന്നാം മിനുട്ടില്‍ തോമസ് മുള്ളറിലൂടെ രണ്ടാം ഗോള്‍. നിരവധി അവസരങ്ങള്‍ ജുവെന്റസിന്റെ ഭാഗ്യം കൊണ്ട് ബയേണിന് ഗോളാകാതെ പോയി. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ബയേണ്‍മ്യൂണിക് വിജയം അര്‍ഹിക്കുന്നുവെന്ന് കോച്ച് ജുപ് ഹെയിന്‍കസ് പറഞ്ഞു. ഇറ്റാലിയന്‍ ക്ലബ്ബിന്റെ കളിക്കാര്‍ക്കും ബയേണിന്റെ മികവില്‍ സംശയമില്ല. അപാരമായ താളമായിരുന്നു ബയേണിന്റെ കളിക്ക്. ഹോംഗ്രൗണ്ടില്‍ ഇതിനേക്കാള്‍ മികച്ചൊരു പ്രകടനം സാധ്യമായില്ലെങ്കില്‍ തിരിച്ചുവരവ് അസാധ്യമാകും – ചെല്ലിനി പറഞ്ഞു.
ജുവെന്റസ് ക്യാപ്റ്റന്‍ ജിയാന്‍ ലൂജി ബുഫണ്‍ ബയേണ്‍ ജയം അര്‍ഹിക്കുന്നുവെന്ന് പറഞ്ഞു. രണ്ട് ഗോള്‍ മാര്‍ജിനില്‍ രക്ഷപ്പെട്ടത് ജുവെന്റസിന്റെ ഭാഗ്യം.
മത്സരത്തെ കുറിച്ച് കൂടുതലായൊന്നും പറയാനില്ല. ബയേണ്‍ മാത്രമായിരുന്നു കളത്തില്‍. ലോംഗ് പാസുകള്‍ മാത്രമായിരുന്നു ഞങ്ങള്‍ക്ക് കളിക്കാന്‍ സാധിച്ചത്. അത്ര മാത്രം ഗ്രൗണ്ട് അവര്‍ കൈയ്യടക്കി-ബുഫണ്‍ പറഞ്ഞു.
മധ്യനിരയിലെ പരിചയ സമ്പന്നന്‍ ആന്ദ്രെ പിര്‍ലോയെ ബയേണ്‍ താരങ്ങള്‍ അനങ്ങാന്‍ വിട്ടില്ല. തന്റെ പാസുകള്‍ക്ക് കൃത്യതയില്ലാതെ പോയതിന് പിര്‍ലോ മാപ്പ് ചോദിച്ചു. എന്റെ പ്രകടനത്തില്‍ ഒട്ടും തൃപ്തനല്ല. തുടരെ പിഴവുകള്‍ വരുത്തി. രണ്ടാം പാദത്തില്‍ മികച്ച പ്രകടനത്തിന് ശ്രമിക്കും- പിര്‍ലോ പറഞ്ഞു.