കണ്ണീരില്‍ കുതിര്‍ന്ന് അമരമ്പലം ഗവ.യു പി സ്‌കൂള്‍

Posted on: March 15, 2013 7:14 am | Last updated: March 15, 2013 at 7:14 am

പൂക്കോട്ടുംപാടം: കളി ചിരികളുമായി ഉച്ച ഭക്ഷണത്തിന് പിരിഞ്ഞ സഹപാഠി പിടഞ്ഞ് മരിക്കുന്നത് കണ്ട നടുക്കത്തിലാണ് അമരമ്പലം സൗത്ത് യു പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. പതിവുപോലെ സൈക്കിളുമായി പുറത്തിറങ്ങിയ ഹര്‍ഷദിന്റെ ആര്‍ത്തനാദമാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ശ്രദ്ധ തിരിച്ചത്. ഉച്ചഭക്ഷണം പാതിവഴിയില്‍ ഉപേക്ഷിച്ച് സഹപാഠികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഹര്‍ഷദാണ് അപകടത്തില്‍ പെട്ടതെന്ന് തിരിച്ചറിയാന്‍ പിന്നെയും സമയമെടുത്തു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഹര്‍ഷദ് മരിച്ചിരുന്നു.
ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ പിന്നീട് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം കുയ്യംപൊയില്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. അപകടം നടന്ന പ്രദേശത്തുണ്ടായിരുന്ന ഹമ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ രംഗത്തിറങ്ങി. ടാറിംഗ് തൊഴിലാളികളുടെ സഹായത്തോടെ ഹബ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്.