Connect with us

Editorial

വീണ്ടും എന്‍ സി ടി സി

Published

|

Last Updated

siraj copyദേശീയ ഭീകരവിരുദ്ധ കേന്ദ്രം (എന്‍ സി ടി സി) സ്ഥാപിക്കാനുളള നീക്കം കേന്ദ്ര സര്‍ക്കാര്‍ വീണ്ടും സജീവമാക്കിയിരിക്കയാണ്. വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി നേരത്തെ മാറ്റി വെച്ച ഈ നിയമം ഇപ്പോള്‍ ഹൈദരബാദ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത്. നിലവിലെ സാഹചര്യത്തില്‍ എന്‍ സി ടി സി അനിവാര്യമാണെണന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെ പറയുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെ നേരത്തെ ഈ നിയമത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന പലരും ഇപ്പോള്‍ അനുകൂലമായിട്ടുണ്ടെന്നും ഷിന്‍ഡെ പറയുന്നു. എതിര്‍പ്പിന്റെ രൂക്ഷത കുറക്കാന്‍ ചില വ്യവസ്ഥകളില്‍ അയവ് വരുത്താനും കേന്ദ്രം സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നു.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തികളെ അറസ്റ്റ് ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോക്ക് ഉദാരമായ അധികാരം നല്‍കുന്നത് ഉള്‍പ്പെടെ ജനാധിപത്യ സംവിധാനത്തിന് ഒട്ടും നിരക്കാത്ത പല വ്യവസ്ഥകളും ഉള്‍ക്കൊള്ളുന്ന എന്‍ സി ടി സിയോട് പല സംസ്ഥാന ഭരണ കൂടങ്ങള്‍ക്കും എതിര്‍പ്പാണ്. ഈ വര്‍ഷമാദ്യം ഇതുസംബന്ധിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ പതിനൊന്ന് മുഖ്യമന്ത്രിമാരും യു പി എയിലെ വിവിധ സഖ്യകക്ഷികളും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് നിരക്കാത്തതും സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതുമാണെന്നതിനാലാണ് വ്യാപകമായ എതിര്‍പ്പ് നേരിടേണ്ടി വന്നത്. മമതാ ബാനര്‍ജിക്ക് ഇപ്പോള്‍ എതിര്‍പ്പില്ലെന്ന് ഷിന്‍ഡെ അവകാശപ്പെടുന്നുണ്ടെങ്കിലും തങ്ങളുടെ പാര്‍ട്ടിക്ക് എന്‍ സി ടി സിയോട് യോജിപ്പില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗതാ റോയ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്.
ഇന്റലിജന്‍സ് ബ്യുറോയുടെ പ്രവര്‍ത്തന പരിധിയില്‍ പെടുത്താതെ സ്വതന്ത്ര സ്ഥാപനമാക്കുക, ഏതെങ്കിലും സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തുമ്പോള്‍ സംസ്ഥാന പോലീസ് മേധാവിയെ അറിയിക്കുക തുടങ്ങി എതിര്‍പ്പിന്റ രൂക്ഷത കുറക്കാന്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ കേന്ദ്രം സമ്മതിച്ചിട്ടുണ്ടെങ്കിലും ഈ നിയമം ദുരുപയോഗം ചെയ്യാന്‍ സാധ്യത ഏറെയാണ്. എന്‍ ടി സി ടി പോലുള്ള കടുത്ത നിയമങ്ങള്‍ നിലവിലില്ലാത്ത സാഹര്യത്തില്‍ തന്നെ, ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരപരാധികളായ നിരവധി മുസ്‌ലിം യുവാക്കളെ ജയിലിലടക്കുന്നതായി കഴിഞ്ഞ ദിവസം എം പിമാരായ ബസുദേവ് ആചാര്യയും (സി പി എം) ഇ ടി മുഹമ്മദ് ബശീറും (മുസ്‌ലിംലീഗ്) ലോക്‌സഭയില്‍ പരാതിപ്പെടുകയുണ്ടായി. ഇത്തരത്തിലുള്ള നിരവധി പരാതികള്‍ തനിക്ക് ലഭിച്ചതായി ബസുദേവ് ആചാര്യ വെളിപ്പെടുത്തിയപ്പോള്‍, 20നും 30നും ഇടയില്‍ പ്രായക്കാരായ ആയിരക്കണക്കിന് മുസ്‌ലിം യുവാക്കളെ രാജ്യത്ത് തീവ്രവാദ മുദ്ര ചാര്‍ത്തി തടവിലാക്കിയതായി തന്റെ മണ്ഡലത്തിലെ ഒരു യുവാവിന്റെ കഥ വിവരിച്ചു കൊണ്ടാണ് ഇ ടി പറഞ്ഞത്. സക്കരിയ്യ എന്ന ഈ യുവാവിനെ കര്‍ണാടക പോലീസ് പിടിച്ചു കൊണ്ടു പോയിട്ട് നാല് വര്‍ഷത്തോളമായി. ഇപ്പോഴും വിചാരണാ തടവുകാരനായി കഴിയുന്ന അദ്ദേഹത്തിന് ഇതുവരെയും കുറ്റപത്രം നല്‍കിയിട്ടില്ല. എന്തിനേറെ, പത്ത് വര്‍ഷത്തിലേറെ കാലം വിചാരണാ തടവുകാരായി തടവറകളില്‍ നരകയാതന അനുഭവിക്കേണ്ടി വന്നവര്‍ തന്നെ രാജ്യത്ത് ധാരാളം!
തീവ്രവാദം ആരോപിച്ചു ആറ് മാസം മുമ്പ് അറസ്റ്റ് ചെയ്ത ഡെക്കാന്‍ ഹെറാള്‍ഡ് ലേഖകന്‍ മുതീഉര്‍റഹ്മാന്‍ സിദ്ദീഖിനെയും മുഹമ്മദ് യൂസുഫ് നല്‍ബന്തിയെയും നിരപരാധികളാണെന്ന് കണ്ടു വിട്ടയച്ചത്് രണ്ട് ദിവസം മുമ്പാണ്. ലഷ്‌കറെ ത്വയ്യിബ, ഫുജി തുടങ്ങിയ തീവ്രവാദ സംഘടകള്‍ക്ക് കീഴില്‍ രാജ്യത്തെമ്പാടും വിധ്വംസന പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടുണ്ടെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ആഗസ്റ്റ് 28ന് മുതീഉര്‍റഹ്മാനെയും, യുസുഫിനെയും അടക്കം പന്ത്രണ്ട് പേരെ കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാറിന്റെ പോലീസ് ഒരു പാതിരാവില്‍ പിടിച്ചുകൊണ്ടു പോയി ജയിലിടക്കുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്തത്. ഇവരോടൊപ്പം പിടികൂടിയ പത്ത് പേര്‍ ഇപ്പോഴും തടവറയില്‍ തന്നെയാണ്. ഹൈദരാബാദിലെ മക്കാ മസ്ജിദ് സ്‌ഫോടനം, മലേഗാവ് സ്‌ഫോടനം തുടങ്ങിയ സംഭവങ്ങളിലും നുറുക്കണക്കിന് നിരപരാധികളെ അന്വേഷണ ഏജന്‍കള്‍ കല്‍ത്തുറുങ്കിലുടച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റമുക്തരായി പ്രഖ്യാപിച്ചു ഇവരെ മോചിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ വാരത്തിലുണ്ടായ ഹൈദരാബാദ് സ്‌ഫോടത്തിന്റെ പേരിലും ഇത്തരം അറസ്റ്റുകള്‍ നടക്കുന്നതായി പരാതിയുണ്ട്. ഹൈദരാബാദ് സ്‌ഫോടനം സംബന്ധിച്ച അന്വേഷണം നിഷ്പക്ഷവും നീതിപൂര്‍വകവുമായിരിക്കണമെന്നും ഏകപക്ഷീയമാകരുതെന്നും അന്താ രാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍ നാഷനല്‍ ആവശ്യപ്പെട്ടത് ഇതടിസ്ഥാനത്തിലായിരിക്കണം. ഈ പശ്ചാത്തലത്തില്‍ തീവ്രവാക്ക് ശേഷവും, ദുരുപയോഗത്തിന് സാധ്യതയുള്ള പഴുതുകളെല്ലാം അടച്ചുകൊണ്ടുമായിരിക്കണം നടപപ്പിലാക്കേണ്ടത്.