Connect with us

National

സ്ത്രീ സുരക്ഷയില്‍ ഏറ്റവും പിറകില്‍ ഡല്‍ഹി മെട്രോ: സര്‍വേ

Published

|

Last Updated

ന്യൂഡല്‍ഹി: വിനോദത്തിനായാലും ഔദ്യോഗിക ആവശ്യത്തിനായാലും രാജ്യത്ത് തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകളെ സംബന്ധിച്ച് തീര്‍ത്തും സുരക്ഷിതമല്ലാത്ത മെട്രോ സിറ്റി രാഷ്ട്ര തലസ്ഥാനമായ ന്യൂഡല്‍ഹിയെന്ന് സര്‍വേ. സ്ത്രീകള്‍ ഏറ്റവും സുരക്ഷിതര്‍ മുംബൈ മെട്രൊയിലാണ്. ട്രാവല്‍ പോര്‍ട്ടലായ “ട്രിപ് അഡൈ്വസര്‍” ഈ വര്‍ഷം നടത്തിയ സര്‍വേയില്‍ 34 ശതമാനം പേര്‍ മുംബൈക്ക് അനുകൂലമായി പ്രതികരിച്ചു. രണ്ടാമത് സുരക്ഷിത മെട്രോ രണ്ടെണ്ണമുണ്ട്. അഹമ്മദാബാദും ബംഗളൂരുവും. 12 ശതമാനം പേരുടെ പിന്തുണ ഇവക്ക് ലഭിച്ചു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 84 ശതമാനം പേരും സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത മെട്രോയായി ന്യൂഡല്‍ഹിയെയാണ് തിരഞ്ഞെടുത്തത്.
ഇന്ത്യയില്‍ തനിച്ച് സഞ്ചരിക്കുമ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയുള്ളവര്‍ക്ക് അന്താരാഷ്ട്ര നഗരങ്ങളില്‍ സഞ്ചരിക്കുന്നതില്‍ കാര്യമായ ആശങ്കയില്ല. ഇന്ത്യയില്‍ തനിച്ച് സഞ്ചരിക്കുന്നതില്‍ 24 ശതമാനം പേര്‍ക്കും ആശങ്കയുള്ളപ്പോള്‍ വിദേശ സഞ്ചാരത്തില്‍ ആശങ്കയുള്ളവര്‍ ആറ് ശതമാനം മാത്രമാണ്.
തനിച്ചുള്ള യാത്രയില്‍ ഭയമോ ആശങ്കയോ ഉണ്ടെങ്കിലും സ്വയം പ്രതിരോധത്തിന് വായ്ത്തല മൂര്‍ച്ചയുള്ള ചെറിയ ആയുധമോ കുരുമുളക് സ്‌പ്രേയൊ കൊണ്ടുനടക്കുന്നവര്‍ 33 ശതമാനമാണ്.
ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യുന്ന സ്ത്രീകളില്‍ 37 ശതമാനത്തിനും തനിച്ച് യാത്ര ചെയ്യുന്നതില്‍ വിഷമമില്ല. എന്നാല്‍ സുരക്ഷയെ കുറിച്ച് ആശങ്കയില്ലാതെയുമില്ല.
പാരമ്പര്യങ്ങളില്‍ നിന്ന് ഭിന്നമായി ഇന്ത്യന്‍ സ്ത്രീകള്‍ ഇപ്പോള്‍ സാഹസിക യാത്രകള്‍ ആസ്വദിച്ചുതുടങ്ങിയിരിക്കുന്നു. സ്വന്തം നിലയില്‍ തീരുമാനമെടുത്ത് സഞ്ചരിക്കുന്നതിന് ഇവര്‍ ആത്മവിശ്വാസം നേടിയിരിക്കുന്നുവെന്നും സര്‍വേ വ്യക്തമാക്കുന്നു.

Latest