സ്ത്രീ പീഡനം: നിലപാടാണ് മാറേണ്ടത്: കാന്തപുരം

Posted on: February 18, 2013 3:39 pm | Last updated: February 18, 2013 at 3:39 pm

ap usthad

ഡല്‍ഹിയില്‍ മെഡിക്കല്‍. വിദ്യാര്‍ഥിനി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം രാജ്യത്തിനകത്തും പുറത്തും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സമൂഹ മനഃസാക്ഷി ഉണര്‍ത്തുന്നതിനും കുറ്റകൃത്യങ്ങള്‍ക്കെതിരെ കണ്ണും പൂട്ടിയിരിക്കുന്ന ഭരണകൂട നിലപാടുകളെ നിശിതമായി വിചാരണ ചെയ്യുന്നതിനും ഡല്‍ഹി സംഭവം നിമിത്തമായി. സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ ഇതേ കുറിച്ച് പ്രതികരിച്ചു. സ്ത്രീ പീഡനങ്ങള്‍ തടയന്നതിനു പല തരത്തിലുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചക്ക് വന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഈ വിഷയത്തെക്കുറിച്ച് ഒ എം തരുവണയുമായി നടത്തിയ ആശയ വിനിമയത്തില്‍ നിന്ന്.

ഡല്‍ഹി സംഭവത്തെ എങ്ങനെ കാണുന്നു? ഡല്‍ഹിയില്‍ മാത്രമല്ലല്ലോ, രാജ്യവ്യാപകമായി തന്നെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയാണ്?
സത്രീകളും കുട്ടികളും ദുര്‍ബലരും ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്, നാണക്കേടുമാണ്. നാം വളര്‍ത്തിയെടുത്തു എന്ന് പറയുന്ന എല്ലാ തരം പുരോഗതിയുടെയും വളര്‍ച്ചയുടെയും അവകാശവാദങ്ങളാണ് നിരര്‍ഥകമാകുന്നത്. സ്ത്രീകളും കുട്ടികളും ദുര്‍ബല വിഭാഗങ്ങളും സുരക്ഷിതമാകുമ്പോഴാണ് സത്യത്തില്‍ സാമൂഹിക സുരക്ഷ ഉറപ്പാകുന്നത്. ഡല്‍ഹി സംഭവങ്ങള്‍ ലജ്ജാകരമാണ്.
എന്തുകൊണ്ടിങ്ങനെ?
ഒറ്റ വാക്കില്‍ ഒരു കാരണം പറയുന്നതില്‍ കാര്യമില്ല. നമ്മുടെ സാംസ്‌കാരത്തിനും പൈതൃകത്തിനും ചേരാത്ത ജീവിത രീതികളാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് അടിസ്ഥാന കാരണം എന്ന് പറയാം. സ്ത്രീയും പുരുഷനും മനുഷ്യ വര്‍ഗത്തിന്റെ രണ്ട് ഘടകങ്ങളാണ്. രണ്ടും ഒന്നാണെന്ന് ധരിക്കുന്നിടത്തു നിന്ന് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നു. പരസ്പരം അംഗീകരിച്ചും ആദരിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കേണ്ട രണ്ട് ഘടകങ്ങള്‍ തുല്യതക്ക് വേണ്ടി മത്സരിക്കുന്നതെന്തിന്? സ്ത്രീ പുരുഷ സമത്വം പ്രകൃതി വിരുദ്ധമായ ഒരാശയമാണ്. രണ്ട് വിഭാഗത്തിനും രണ്ട് തരത്തിലുള്ള കഴിവുകളും അതിനനുസരിച്ച ചുമതലകളും സമൂഹത്തിലുണ്ട്. ഇതില്‍ ഒരു വിഭാഗത്തിന്റെത് മികച്ചതും മറ്റേത് അധമവും എന്ന് കരുതേണ്ടതില്ല. രണ്ട് വിഭാഗത്തിനും നിശ്ചയിക്കപ്പെട്ടത് ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുകയും ഇതിന് പരസ്പരം സഹായിക്കുകയുമാണ് വേണ്ടത്. ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ചില ചര്‍ച്ചകള്‍ നടന്നുകാണുന്നതില്‍ സന്തോഷമുണ്ട്.
ഫെമിനിസമാണ് പ്രശ്‌നകാരണമെന്നാണോ പറയുന്നത്?
അങ്ങനെയൊരു പദത്തിന്റെ പിന്നില്‍ പ്രശ്‌നങ്ങളെയൊക്കെ ചുരുക്കിക്കെട്ടണമെന്നില്ല. ഫെമിനിസം പാശ്ചാത്യവത്കൃതമായ ഒരാശയമാണ്. നമ്മുടെ നാടിന്റെ സംസ്‌കാരത്തിനു ചേര്‍ന്നതല്ല. പാശ്ചാത്യമായതെല്ലാം മോശം എന്നൊന്നും കരുതുന്നില്ല. പുറമെ നിന്നുള്ള ആശയങ്ങള്‍ സ്വീകരിക്കുമ്പോള്‍ നമുക്ക് ചേര്‍ന്നതാണോ എന്ന് നോക്കണം. ഇക്കാര്യത്തില്‍ പാശ്ചാത്യ – പൗരസ്ത്യ അന്തരങ്ങളൊന്നുമില്ല. ഡല്‍ഹിയില്‍ പ്രക്ഷോഭകര്‍ ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡില്‍ ‘ഞങ്ങളോട് വസ്ത്രത്തേക്കുറിച്ച് പറയേണ്ട, അവരോട് ഞങ്ങളെ ആക്രമിക്കരുതെന്ന് പറയൂ’ എന്ന തരത്തില്‍ എഴുതി വെച്ചത് നിങ്ങളും കണ്ടിട്ടില്ലേ? എന്താണിതിനര്‍ഥം? ‘ഞങ്ങള്‍ വീടിന്റെ വാതിലുകള്‍ തുറന്നു പോകും, മോഷണം തടയൂ’ എന്ന് പറയുന്നത് പോലെയല്ലേ ഇത്?
പീഡനങ്ങള്‍ കുറക്കാന്‍ ശിക്ഷ കര്‍ക്കശമാക്കുന്നതിനെക്കുറിച്ചാണല്ലോ ചര്‍ച്ചകള്‍ നടക്കുന്നത്?
കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഡല്‍ഹി സംഭവം നടന്ന ശേഷം പതിനേഴ് ദിവസത്തിനകം ഡല്‍ഹിയില്‍ മാത്രം 67 പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന വാര്‍ത്ത വായിച്ചതല്ലേ? കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിന് ശിക്ഷാ നിയമങ്ങള്‍ക്ക് കാര്യമായ പങ്കുണ്ടെന്നത് ശരിയാണ്. കനത്ത ശിക്ഷ കൊണ്ട് മാത്രം കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് കരുതുന്നത് ശരിയല്ല. നിയമം മാത്രമല്ല, സമൂഹത്തിന്റെ സമീപനം കൂടിയാണ് മാറേണ്ടത്.
അറബ് രാജ്യങ്ങളിലെ ശിക്ഷ വേണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. സഊദിയിലെ പോലെ കഠിന ശിക്ഷ നല്‍കണമെന്ന് പറയുന്നവരുമുണ്ട്?
അറബ് നാടുകളില്‍ കടുത്ത ശിക്ഷ മാത്രമല്ല നല്‍കുന്നത്; കര്‍ക്കശമായ നിയന്ത്രണങ്ങളുമുണ്ട്. രണ്ടും ചേരുമ്പോഴാണ് പീഡനങ്ങള്‍ കുറയുന്നത്. അറബ് നാടുകളിലെ സ്ത്രീകള്‍ക്ക് സാമൂഹിക ഇടപെടലുകള്‍ക്ക് പല തരത്തില്‍ നിയന്ത്രണങ്ങളുണ്ട്. നിയന്ത്രണങ്ങള്‍ അവിടുത്തെ സ്ത്രീകള്‍ക്ക് ഒരു പ്രശ്‌നവുമുണ്ടാക്കുന്നതായി കണ്ടിട്ടില്ല. അവര്‍ പഠിക്കുകയും തൊഴിലെടുക്കുകയും യാത്ര ചെയ്യുകയും മറ്റും ചെയ്യുന്നുണ്ട്. അവിടെ അവരുടെതായ ഒരു സാംസ്‌കാരികത്തനിമയുണ്ട്. അത് വിട്ട് കളിക്കുകയില്ല. അതുകൊണ്ട് നന്നേ കുറച്ച് മാത്രമേ അവിടെ സ്ത്രീകള്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുള്ളൂ. ഇവിടെ നില മറന്നു കളിക്കുകയാണ്. സ്വാതന്ത്ര്യം അനിയന്ത്രിതമാകുന്നതാണ് നമ്മുടെ പ്രശ്‌നം.
തൊഴില്‍, രാഷ്ട്രീയ പ്രാതിനിധ്യം സ്ത്രീ പീഡനങ്ങള്‍ കുറക്കുമെന്ന് തോന്നുന്നുണ്ടോ? വനിതാ സംവരണ ബില്‍ ഈ പ്രത്യേക സാഹചര്യത്തില്‍ പാസാക്കാന്‍ ശ്രമം നടക്കുന്നുണ്ട്?
തൊഴില്‍ രംഗത്ത് സ്ത്രീകള്‍ ഇത്രയൊന്നും സജീവമല്ലാത്ത ഒരു കാലമുണ്ടായിരുന്നല്ലോ. തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് ഒരു സീറ്റ് പോലും സംവരണമില്ലാത്ത കാലവുമുണ്ടായിരുന്നു. ഈ രണ്ട് പരിഗണനയും വന്നപ്പോള്‍ എന്ത് മാറ്റമുണ്ടായി എന്ന് എല്ലാവര്‍ക്കും പരിശോധിക്കാവുന്നതാണ്. സ്ത്രീ ശാക്തീകരണം എന്ന പേരില്‍ നാം കൊണ്ടുവന്ന പരിഷ്‌കാരങ്ങളൊന്നും രോഗത്തിനുള്ള യഥാര്‍ഥ ചികിത്സയായിരുന്നില്ല എന്നല്ലേ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്? നമ്മുടെ തന്നെ ചരിത്രത്തിലേക്കും പാരമ്പര്യത്തിലേക്കും സ്ത്രീയുടെ സ്വത്വത്തിലേക്കും നോക്കിയല്ല, ഇവിടെ പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയത്; പടിഞ്ഞാറോട്ട് നോക്കിയാണ്. ഈ നിലപാട് മാറണം.
പ്രശ്‌നപരിഹാരത്തിന് എന്താണ് നിര്‍ദേശം?
കുറ്റം ചെയ്ത ശേഷം കടുത്ത ശിക്ഷ നല്‍കുന്നതിലും ഫലപ്രദം കുറ്റം പെരുകുന്ന സാഹചര്യം ഒഴിവാക്കുകയാണ്. കുറ്റം ചെയ്യാനുള്ള തുറന്ന അവസരങ്ങള്‍ ധാരാളമുണ്ടാകുക; ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് നിയമത്തിന്റെ കൈയില്‍ നിന്നു രക്ഷപ്പെടാന്‍ ധാരാളം അവസരങ്ങളും ഉണ്ടായിരിക്കുക. എന്നിട്ട് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തുന്നത് വിരോധാഭാസമാണ്. കഴിഞ്ഞ ദിവസം ഗാന്ധിജിയുടെ പേരക്കുട്ടിയോ മറ്റോ പറഞ്ഞല്ലോ; കുറ്റം ചെയ്യാനുള്ള അവസരങ്ങള്‍ പരമാവധി ഇല്ലാതാക്കുക. പ്രതിരോധമാണ് ചികിത്സയേക്കാള്‍ അഭികാമ്യമെന്നാണ് വൈദ്യശാസ്ത്ര തത്വം. ഗാന്ധിജിയുടെ നയവും ഇതായിരുന്നു. അറബ് നാടുകളില്‍ കാണുന്നതും ഇതേ നയമാണ്.
ആര്‍ എസ് എസ് മേധാവിയുടെ പ്രസ്താവന ശ്രദ്ധയില്‍ പെട്ടിരുന്നില്ലേ?
പ്രശ്‌നപരിഹാരത്തിന്, ആരുടെതായാലും നല്ല അഭിപ്രായങ്ങള്‍ സ്വീകരിക്കാവുന്നതാണ്. സര്‍ക്കാറും സാമൂഹിക നേതാക്കളും ദുരഭിമാനം വെടിഞ്ഞ് പ്രശ്‌നപരിഹാരത്തിന് മത ധാര്‍മിക ആശയങ്ങള്‍ സ്വീകരിക്കണം. സമൂഹത്തിലെ സ്ത്രീയുടെ ഇടം എതാണെന്നാണ് അദ്ദേഹം പറഞ്ഞത്. പറഞ്ഞ മുഴുവന്‍ കാര്യങ്ങളോടും യോജിപ്പില്ലെങ്കിലും അടിസ്ഥാന ആശയം ചര്‍ച്ചക്ക് വിധേയമാക്കപ്പെടേണ്ടതുണ്ട് എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. ഒരു വിഷയത്തിലും മത ആശയങ്ങളെ സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കേണ്ടതില്ല. പലിശരഹിത ബേങ്കിംഗ് സ്വീകാര്യമായില്ലേ?
വധശിക്ഷ വേണമെന്ന് പറയുന്നല്ലോ?
കുറ്റകൃത്യങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ശിക്ഷാ നിയമങ്ങള്‍ വളരെ പ്രധാനം തന്നെയാണ്. സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ കാണിക്കുന്നവരെ കഠിനമായി തന്നെ ശിക്ഷിക്കണം. ആവശ്യമെങ്കില്‍ അതിന് നിയമനിര്‍മാണവും വേണം. വിവാഹിതര്‍ വ്യഭിചരിച്ചാല്‍ എറിഞ്ഞു കൊല്ലണമെന്നാണ് ഇസ്‌ലാമിക നിയമം. നിയമപുസ്തകത്തില്‍ മാത്രം പോരാ, നിയമത്തിന്റെ കടുപ്പം. അത് നടപ്പിലാക്കുന്നിടത്തും വേണം. നിയമവാഴ്ചയിലെ അഴിമതി വലിയൊരു പ്രശ്‌നമാണ്. അഴിമതി നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ നിയമത്തിന്റെ കാര്‍ക്കശ്യം അഴിമതി കനപ്പിക്കാനേ ഇടയാക്കൂ. ആയിരം കൊണ്ട് കുറുക്കിന് രക്ഷപ്പെടുന്നയാള്‍ രണ്ടായിരം കൊടുക്കേണ്ടതായി വരും. മെച്ചം അഴിമതിക്കാര്‍ക്കായിരിക്കും.

ALSO READ  സുൽത്താൻ ഖാബൂസ് ഒമാനെ സമൃദ്ധിയിലേക്ക് ഉയർത്തിയ പ്രതിഭാശാലിയായ ഭരണാധികാരി: കാന്തപുരം