Connect with us

National

വൈ എസ് ആർ, സഞ്ജയ് ഗാന്ധി, സൗന്ദര്യ: പ്രമുഖരുടെ ജീവനെടുത്ത് ആകാശ ദുരന്തങ്ങൾ

പ്രമുഖരുടെ മരണത്തിനിടയാക്കിയ ആകാശ ദുരന്തങ്ങളിൽ ഒടുവിലത്തേതാണ് ബുധനാഴ്ച നീലഗിരി കൂന്നൂരിലെ കാട്ടേരിയിലുണ്ടായത്.

Published

|

Last Updated

ന്യൂഡൽഹി | പ്രമുഖരുടെ മരണത്തിനിടയാക്കിയ ആകാശ ദുരന്തങ്ങളിൽ ഒടുവിലത്തേതാണ് ബുധനാഴ്ച നീലഗിരി കൂന്നൂരിലെ കാട്ടേരിയിലുണ്ടായത്. സംയുക്ത സേനാമേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും അടക്കം 13 പേരാണ് ദാരുണമായി മരിച്ചത്. വൈ എസ് രാജശേഖര റെഡ്ഢി, സഞ്ജയ് ഗാന്ധി, മാധവറാവു സിന്ധ്യ, നടി സൗന്ദര്യ ഉൾപ്പെടെ നിരവധി പേർക്കാണ് ഇത്തരത്തിൽ രാജ്യത്തിനകത്തും പുറത്തുമുണ്ടായ വ്യോമാപകടങ്ങളിൽ ജീവൻ നഷ്ടമായത്.

വൈ എസ് രാജശേഖര റെഡ്ഢി
2009 സെപ്തംബർ രണ്ടിന് ആന്ധ്ര പ്രദേശിലെ രുദ്രകൊണ്ട ഹിൽ മേഖലയിലുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന, മുതിർന്ന കോൺഗ്രസ്സ് നേതാവ് വൈ എസ് രാജശേഖര റെഡ്ഢി മരിച്ചത്. കുർണൂലിൽ നിന്ന് 74 കിലോമീറ്റർ അകലെയുള്ള പ്രദേശമാണ് രുദ്രകൊണ്ട. ആന്ധ്ര സർക്കാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബെൽ 430 കോപ്ടറാണ് തകർന്നത്. ആന്ധ്രയിൽ നിന്ന് ചിറ്റൂരിലേക്കുള്ള യാത്രക്കിടെ വനപ്രദേശത്താണ് കോപ്ടർ തകർന്ന് വീണത്. അപകടമുണ്ടായി 27 മണിക്കൂറുകൾക്ക് ശേഷമാണ് വൈ എസ് ആറിന്റെ മൃതദേഹം കണ്ടെടുത്തത്.

സഞ്ജയ് ഗാന്ധി
1980 ജൂൺ 23ന് ന്യൂഡൽഹി സഫ്ദർജംഗ് വിമാനത്താവളത്തിന് സമീപത്തുണ്ടായ വിമാനാപകടത്തിലാണ് കോൺഗ്രസ്സ് എം പിയും ഇന്ദിരാ ഗാന്ധി- ഫിറോസ് ഗാന്ധി ദമ്പതികളുടെ ഇളയ മകനുമായ സഞ്ജയ് ഗാന്ധിയെ മരണത്തിലേക്ക് പറന്നിറങ്ങിയത്. വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്തുകയായിരുന്ന ഡൽഹി ഫ്ലൈയിംഗ് ക്ലബിന്റെ വിമാനം നിയന്ത്രണം വിട്ട് തകർന്നുവീഴുകയായിരുന്നു.

ജി എം സി ബാലയോഗി
ലോക്‌സഭാ സ്പീക്കറും തെലുഗു ദേശം പാർട്ടി എം പിയുമായിരുന്ന ജി എം സി ബാലയോഗിയുടെ മരണവും ഹെലികോപ്ടർ അപകടത്തിലായിരുന്നു. 2002 മാർച്ച് മൂന്നിന് കൃഷ്ണ ജില്ലയിലെ കൈകലുരിലാണ് അദ്ദേഹം സഞ്ചരിച്ച ബെൽ 206 കോപ്ടർ തകർന്നുവീണത്.

മാധവറാവു സിന്ധ്യ
കോൺഗ്രസ്സ് നേതാവും എം പിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ മരണം യു പിയിലെ മെയിൻപുരി ജില്ലയിലുണ്ടായ വിമാനാപകടത്തിലായിരുന്നു. 2001 സെപ്തംബർ 30ന് ബയിൻസ്‌റൗലി ഗ്രാമത്തിന് മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് വിമാനം തീപ്പിടിച്ചു നിലംപതിച്ചത്. 1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്നു സിന്ധ്യ. കാൺപൂരിൽ ഒരു റാലിയെ അഭിസംബോധന ചെയ്യാൻ പോകുമ്പോഴാണ് സിന്ധ്യ അപകടത്തിനിരയായത്.

നടി സൗന്ദര്യ
ദക്ഷിണേന്ത്യയിലെ പ്രശസ്ത നടി സൗന്ദര്യയുടെ മരണം 2004ൽ ഉണ്ടായ വിമാനാപകടത്തിലാണ്. ബി ജെ പിയുടെ തിരഞ്ഞെടുപ്പ്  പ്രചാരണ പ്രവർത്തനങ്ങൾക്കായി ആന്ധ്രാ പ്രദേശിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ബാംഗ്ലൂരിലെ ജക്കുർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നയുടൻ വിമാനം തകർന്നുവീഴുകയായിരുന്നു. സൗന്ദര്യ, സഹോദരനും സിനിമാ നിർമാതാവുമായ അമർനാഥ്, ബി ജെ പി പ്രവർത്തകൻ രമേശ് കതം, പൈലറ്റ് ജോയ് ഫിലിപ്‌സ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ദോർജി ഖണ്ഡു
2011 ഏപ്രിൽ 30ന് ഹെലികോപ്ടർ തകർന്നാണ് മുൻ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ദോർജി ഖണ്ഡു മരിച്ചത്. തവാംഗിൽ നിന്ന് ഇറ്റാനഗറിലേക്ക് ഖണ്ഡു ഉൾപ്പെടെ അഞ്ച് പേർ സഞ്ചരിച്ച ഹെലികോപ്റ്റർ കാണാതാകുകയായിരുന്നു. തുടർച്ചയായ ദിവസങ്ങളിലെ തിരച്ചിലുകൾക്കൊടുവിൽ പശ്ചിമ കാമെംഗ് ജില്ലയിലെ കൊടും വനത്തിൽ വിമാനം തകർന്നു വീണതായി സ്ഥിരീകരിച്ചു. 2011 മെയ് അഞ്ചിന് അന്നത്തെ ആഭ്യന്തര മന്ത്രി പി ചിദംബരം ദോർജി ഖണ്ഡുവിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചു.

തരുണി സച്ച്‌ദേവ്
സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചനൊപ്പം പാ എന്ന ബോളിവുഡ് സിനിമയിൽ അഭിനയിച്ച ബാലനടി തരുണി സച്ച്‌ദേവ് 2012 ൽ വടക്കൻ നേപ്പാളിലുണ്ടായ വിമാനാപകടത്തിലാണ് മരിച്ചത്. 14 വയസ്സിലാണ് തരുണിയെ മരണം തട്ടിയെടുത്തത്. അപകടത്തിൽ തരുണിക്കൊപ്പം അവളുടെ മാതാവ് ഉൾപ്പെടെ 13 ഇന്ത്യക്കാരാണ് മരിച്ചത്. ജോംസം വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കവേ ഇവിടുത്തെ കുന്നിലിടിച്ചായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന 21 പേരിൽ ആറ് പേർ രക്ഷപ്പെട്ടു. മലയാള സിനിമകളിലും തരുണി അഭിനയിച്ചിട്ടുണ്ട്.

സുരേന്ദ്ര മോഹൻ കുമരമംഗലം
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പിന്നീട് കോൺഗ്രസ്സിലെത്തിയ സുരേന്ദ്ര മോഹൻ കുമരമംഗലത്തിന്റെ മരണവും വിമാനാപകടത്തിലായിരുന്നു. ഇന്ത്യൻ എയർലൈൻസിന്റെ 440 ഫ്ലൈറ്റ് തകർന്നു വീണായിരുന്നു മരണം.

ഹോമി ജെ ഭാഭ
ഇന്ത്യൻ ആണവ ഗവേഷണത്തിന്റെ പിതാവായ ഹോമി ജഹാംഗീർ ഭാഭ എന്ന ഹോമി ജെ ഭാഭയുടെ മരണവും വിമാനാപകടത്തിലായിരുന്നു. ആൽപ്‌സ് പർവത നിരയിൽ 4,807 മീറ്റർ ഉയരമുള്ള മോണ്ട് ബ്ലാൻക് കൊടുമുടിക്ക് സമീപമാണ് വിമാനം തകർന്നത്. വിയന്നയിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി ( ഐ എ ഇ എ ) യുടെ ഉപദേശക സമിതിയോഗത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഭാഭ. എയർ ഇന്ത്യയുടെ ‘കാഞ്ചൻജംഗ’യെന്ന ബോയിംഗ് 707 യാത്രാവിമാനം ഫ്രാൻസിനും ഇറ്റലിക്കുമിടയിൽ യൂറോപ്പിലെ ഏറ്റവും ഉയരമുള്ള ആ കൊടുമുടിക്ക് സമീപം മഞ്ഞുമലയിൽ തകർന്നുവീണ് ഭാഭയുൾപ്പടെ വിമാനത്തിലുണ്ടായിരുന്ന 117 പേരും മരിച്ചു. 1966 ജനുവരി 24 നായിരുന്നു രാജ്യത്തെ നടുക്കിയ ആ ദുരന്തം. അദ്ദേഹത്തിന്റെ മരണം ഇന്ത്യയിലെ ആണവ പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു.

ഒ പി ജിൻഡാൽ
ഹരിയാനയിലെ വൈദ്യുത മന്ത്രിയും പ്രമുഖ വ്യവസായിയുമായിരുന്ന ഒ പി ജിൻഡാലും സംസ്ഥാന കൃഷിമന്ത്രി സുരേന്ദ്ര സിംഗും 2000 മാർച്ച് 31ന് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. യു പിയിലെ സഹാറൻപൂരിന് സമീപമായിരുന്നു അപകടം.

Latest