Connect with us

National

ട്രക്കിംഗിനിടെ യുവതി യുവാക്കൾ മരിച്ചു; നിരന്തരം കുരച്ച് പുറം ലോകത്തെ വിവരമറിയിച്ചും മൃതദേഹത്തിന് കാവലിരുന്നും വളർത്തുനായ

നായയുടെ കുരകേട്ട് എത്തിയ പോലിസ് സംഘമാണ് മൃതേദഹങ്ങൾ കണ്ടെത്തിയത്.

Published

|

Last Updated

ബില്ലീംഗ് | ഹിമാചൽ പ്രദേശിലെ ബിർ ബില്ലിംഗിൽ വിനോദയാത്രയ്ക്കിടെ രണ്ട് ട്രെക്കർമാർ മരിച്ചു. അവരുടെ വിശ്വസ്തയായ വളർത്തുനായ കാരണം 48 മണിക്കൂറിന് ഇരുവരുടെയും മൃതദേഹം കണ്ടെത്തി. ഇവരെ അനുഗമിച്ച ജർമ്മൻ ഷെപ്പേർഡ് അവരുടെ മൃതശരീരങ്ങൾക്ക് കാവലിരിക്കുകയും കുരച്ച് ശബ്ദമുണ്ടാക്കി പുറംലോകത്തെ വിവരമറിയിക്കുകയുമായിരുന്നു. നായയുടെ കുരകേട്ട് എത്തിയ പോലിസ് സംഘമാണ് മൃതേദഹങ്ങൾ കണ്ടെത്തിയത്.

പത്താൻകോട്ട് ശിവനഗർ സ്വദേശിയായ അഭിനന്ദൻ ഗുപ്ത (30), മഹാരാഷ്ട്രയിൽ നിന്നുള്ള പ്രണിത വാല (26) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച മുതലാണ് ഇവരെ കാണാതായത്. ഒരു ദിവസത്തിന് ശേഷം പാരാഗ്ലൈഡിംഗിന്റെ ടേക്ക് ഓഫ് പോയിന്റിന് ഏകദേശം മൂന്ന് കിലോമീറ്റർ താഴെ നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തി. സബ് ഡിവിഷണൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മഞ്ഞുവീഴ്ചയെ തുടർന്നാണ് യുവാവും യുവതിയും മരിച്ചതെന്നാണ് അധികൃതരുടെ സംശയം.

ഞായറാഴ്ച ഉച്ചയോടെയാണ് യുവാവും പെൺകുട്ടിയും കാറിൽ ബില്ലിംഗിലേക്ക് പോയത്. ഒരു സ്ഥലത്ത് കാർ പാർക്ക് ചെയ്ത ശേഷം അവർ ടേക്ക് ഓഫ് പോയിന്റിലേക്ക് കാൽനടയായി പോയി. വൈകുന്നേരത്തോടെ ഇരുവരും ബിറിലേക്ക് കാൽനടയായി തന്നെ മടങ്ങുന്നത് കണ്ടതായി ഉദ്യോഗസ്ഥർ പറയുന്നു.

എന്നാൽ, ഇരുവരും തിരിച്ചെത്താതിരിക്കുകയും മൊബൈൽ ഫോണുകൾ സ്വീച്ച് ഓഫ് ആകുകയും ചെയ്തതിനാൽ അഭിനന്ദൻ ഗുപ്തയുടെ കുടുംബം പോലീസിൽ പരാതി നൽകി. ചൊവ്വാഴ്ച രാവിലെ രക്ഷാസംഘവും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ജർമ്മൻ ഷെപ്പേർഡ് നിരന്തരം കുരയ്ക്കുന്നത് കേട്ട് സംഘം സ്ഥലത്തെത്തിയപ്പോഴാണ് മണിക്കൂറുകൾക്ക് ശേഷം ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ അഞ്ച് വർഷമായി ബിറിലെ ചൗഗനിനടുത്തുള്ള വാടക വീട്ടിലാണ് അഭിനന്ദൻ താമസിച്ചിരുന്നത്. യുവതി അടുത്തിടെയാണ് ഹിമാചൽ പ്രദേശ് ഗ്രാമത്തിൽ എത്തിയത്.