Connect with us

മുഖാമുഖം

എഴുത്ത്, ലോകത്തെ നോക്കിക്കാണാനുള്ള കുറുക്കുവഴി

ശ്രീകണ്ഠൻ കരിക്കകം / സജിത് കെ കൊടക്കാട്ട്

Published

|

Last Updated

? സാഹിത്യവുമായുള്ള കുട്ടിക്കാല ഓർമകൾ എന്തൊക്കെയാണ്?

കുട്ടിക്കാലം ഒരിക്കലും നല്ല ഓർമകളുടെ സഞ്ചയമല്ല. നിരന്തരം കലഹിച്ചിരുന്ന മാതാപിതാക്കൾക്കിടയിൽ ഒരിക്കലും സ്വസ്ഥത കിട്ടാത്ത ബാല്യമായിരുന്നു, എന്റത്. സർക്കാർ ജീവനക്കാരനായിരുന്ന അച്ഛന് വായനയോട് താത്പര്യമുണ്ടായിരുന്നു. ബഷീറിനെ വലിയ ഇഷ്ടമായിരുന്നു. എട്ടുകാലി മമ്മൂഞ്ഞിനേയും ആനവാരി രാമൻ നായരെയും പാത്തുമ്മയുടെ ആടിനെക്കുറിച്ചുമെല്ലാം പറഞ്ഞ് ചിരിക്കും. പക്ഷേ, ആ പുസ്തകങ്ങളൊന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ ചില ബാല പ്രസിദ്ധീകരണങ്ങൾ വരുത്തി തന്നിരുന്നു. എന്നാൽ ആ പ്രായത്തിൽ അവശ്യം വായിക്കേണ്ട പഞ്ചതന്ത്രവും വിക്രമാതിത്യ കഥകളും ജാതക കഥകളും തുടങ്ങിയുള്ള കുറച്ചേറെ ബാല സാഹിത്യ കൃതികൾ പിന്നീട് മുതിർന്ന ശേഷമാണ് വായിച്ചത്. അത് ഗുണം ചെയ്തില്ല. പിന്നെ അതിനെല്ലാം അപ്പുറം ഞാൻ മനസ്സിലാക്കിയ മറ്റൊരു സത്യമുണ്ട്. പകിട്ടും പളപളപ്പുമുള്ള മറ്റനേകം മേഖലകളിൽ ചെന്ന് പരാജയപ്പെട്ട് നിന്ദയും അപമാനവും അവഹേളനവും ഒക്കെ അനുഭവിച്ചു കഴിയുന്ന ഒരാൾക്ക് ഈ ലോകത്തെ അത്ഭുതത്തോടെയും നിരാശയോടെയും ഒരുവേള മാറിനിന്ന് ഒരു ജേതാവിനെപ്പോലെയും നോക്കി കാണാനുള്ള കുറുക്കുവഴി അതാണ് എഴുത്ത്. സമൂഹം വളരെ വേഗം അംഗീകരിക്കുന്ന ഏതെങ്കിലും പ്രവൃത്തികൾക്ക് കൊള്ളാവുന്ന ഒരാൾ ഒരിക്കലും ഒരു ചെറുകഥാകൃത്തോ, നോവലിസ്റ്റോ ആകില്ല. അതിനായി ശ്രമിക്കില്ല. അങ്ങനെ മറ്റൊന്നിനും കൊള്ളാത്ത ഞാൻ എഴുത്തിൽ സ്വയം കണ്ടെത്തുകയായിരുന്നു.

? ആദ്യ കഥയുടെ ഓർമകൾ പങ്കു വെക്കാമോ?

സ്കൂൾ മാഗസിനിലാണ് ആദ്യ കഥ പ്രസിദ്ധീകരിച്ച് വരുന്നത്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ. സ്കൂൾ ഫൈനൽ പരീക്ഷയുടെ അവസാന ദിവസമാണ്. മിക്കപ്പോഴും സ്കൂളിൽ മാഗസിൻ വിതരണം ചെയ്യുന്നത്. മിക്കപ്പോഴും വേനലവധിക്കാലത്തെ പ്രധാന വായന ഈ മാഗസിൻ ആണ്. അങ്ങനെ ഒൻപതാം ക്ലാസിൽ വച്ചൊരു കഥ എഴുതി “മോഹഭംഗം’. ഒരു വാഹനാപകടത്തിൽ മിടുക്കനായ ഒരു കുട്ടിയുടെ സ്വപ്നങ്ങൾ പൊലിഞ്ഞു പോകുന്ന കഥ.

? “മെറ്റമോർഫസിസ്’ ഏറെ വ്യത്യസ്തമായ ഒരു രാഷ്ട്രീയ വായന പ്രദാനം ചെയ്യുന്ന കഥയാണ്. ഫാന്റസിയും രാഷ്ട്രീയവും വളരെ നന്നായി സന്നിവേശിപ്പിച്ചിട്ടുള്ള ഈ കഥയെക്കുറിച്ച് പറയാമോ?

സ്കൂൾ കാലം മുതലുള്ള ചങ്ങാതി ജയേഷിന്റെ വീട്ടിൽ പണ്ട് ഒരു പരുന്ത് ഉണ്ടായിരുന്നു. ചെറിയ പരിക്കുകളോടെ എവിടെ നിന്നോ പറന്ന് വന്ന ഒരു കുഞ്ഞൻ. ഓമനത്തം തോന്നുന്ന മുഖം. ചലനങ്ങൾ. അവർ അതിനെ സ്നേഹപൂർവം പരിചരിച്ചു. “ചക്കി ” എന്ന് പേരിട്ടു വിളിച്ചു. ആര് ചെന്നാലും ഇണക്കത്തിൽ അടുത്തുവരും. മടിയിൽ കയറി ഇരിക്കാൻ ചില ശബ്ദങ്ങൾ ഉണ്ടാക്കും. എനിക്കതിനെ പേടിയായിരുന്നു. പതിയെ പതിയെ അത് വളരുന്നത് കണ്ടു. മാംസാഹാരമൊന്നും തയ്യാറാക്കാത്ത കൂട്ടുകാരന്റെ വീട്ടിലെ സസ്യാഹാരം കഴിച്ചു തന്നെ അത് നന്നായി വളരുകയും ചെയ്തു.

അന്നേ മനസ്സിൽ ഒരു ചിന്തയുണ്ടായിരുന്നു, ഈ പരുന്ത് ഒരു പ്രശ്നക്കാരനായി മാറിയാൽ എന്തു ചെയ്യും? ഇവൻ വീട്ടുകാരെ പുറത്താക്കി വീട്ടിനുള്ളിൽ സ്ഥിരവാസം തുടങ്ങിയാൽ എന്തു ചെയ്യും? അന്ന് മനസ്സിൽ വീണ ഒരു തുള്ളി ഭയമാണ് പത്ത് മുപ്പത്തിയഞ്ച് വർഷങ്ങൾക്കു ശേഷം “മെറ്റമോർഫസിസ്’ എന്ന കഥയായി രൂപാന്തരപ്പെട്ടത്. അതിൽ വർത്തമാന രാഷ്ട്രീയത്തിന് ഇടമുണ്ടായിരുന്നു.

പരുന്തിനെ മാറ്റി അവിടെ ഒരു കഴുകനെ വെച്ചു. ഇതിനിടയിൽ പലവട്ടം മ്യഗശാലയിൽ പോയി “ചിരബന്ധന മാർന്ന്, ചിറകിൻ ശക്തി മറന്നുപോയ ‘ (കുമാരനാശാന്റെ വരികൾ) അവിടുത്തെ ഒരു കഴുകനെ കണ്ടു. അവൻ പറന്നു നടന്ന ആകാശത്തെ മനസ്സിൽ കണ്ടു. ഓർത്തു. നടപ്പിലും ഇരിപ്പിലും ഒരു കോഴിയുടെ ഊർജം പോലും ഇല്ലാത്ത ആ പാവം പക്ഷിയുടെ ദൈന്യതയൊഴികെ, നരച്ച തലയും രോമരഹിതമായ കഴുത്തുമൊക്കെ കഥയിലേക്ക് പതിയെ ഉരുക്കിയെടുത്തു. കാഫ്കയുടെ ആ വിശ്വോത്തരകൃതിയിലെ ഗ്രിഗറി സാംസയായി പലതവണ വെളുപ്പാൻ കാലങ്ങളിൽ സങ്കൽപ്പിച്ചു. അങ്ങനെ എഴുതാം എന്ന് ഉറപ്പായപ്പോൾ എഴുതിത്തുടങ്ങി. രാഷ്ടീയം മാത്രമല്ല, പാരിസ്ഥിതിക വിഷയങ്ങളും ഈ കഥയിൽ കണ്ടെത്തിയ വായനക്കാരുണ്ട്.
? ചില ഓർമകൾ, അനുഭവങ്ങൾ കഥയാകില്ലെന്ന് പറയാറുണ്ട്. ദീർഘമായ കഥകളാക്കാൻ കഴിയുമായിരുന്ന എത്രയോ വിഷയങ്ങൾ താങ്കളുടെ “തെറ്റിയും തിരുത്തിയും ഒരു ജീവിതമെഴുത്ത്’ എന്ന പുസ്തകത്തിലുണ്ട്. എന്തുകൊണ്ടാവാം ഇതൊന്നും കഥകളാകാതെ പോയത്?
വായന ഡിജിറ്റലിലേക്ക് മാറുന്നതിന്റെ ഒരു ട്രാൻസ്ഫർമേഷൻ ഘട്ടത്തിലൂടെയാണല്ലോ നമ്മൾ ഇന്ന് കടന്നുപോകുന്നത്. അപ്പോൾ നവ മാധ്യമങ്ങളായ ഫേസ് ബുക്ക്, വാട്സാപ്പ് എന്നിവ പ്രയോജനപ്പെടുത്തുക എന്ന ആലോചനയിലേക്ക് പോയി. അങ്ങനെയാണ് കഥകളായി തീരേണ്ട പല വിഷയങ്ങളും ഓർമക്കുറിപ്പുകളിലേക്ക് നീണ്ടത്. പക്ഷേ, അതൊരു നല്ല അനുഭവമായിരുന്നു. പല എഴുത്തുകൾക്കും വലിയ സ്വീകരണമാണ് കിട്ടിയത്. പുസ്തകത്തിനും അതേ സ്വീകാര്യത ലഭിച്ചു.അതിൽ സന്തോഷമുണ്ട്.

 

Latest