Connect with us

Book Review

നിഷേധത്തിന്റെ വചനധാരകൾ, സഹനത്തിന്റെയും

Published

|

Last Updated

രാഷ്ട്രാന്തരീയ പ്രശസ്തിയാർജിച്ച റഷ്യൻ സാഹിത്യകാരനാണ് അലക്സാന്ദർ ഇസായെവിച്ച് സോൾഷെനിത്്സിൻ (Aleksandr Isayevich Solzhenitsyn) . 1970 ൽ സാഹിത്യത്തിനുള്ള നൊബേൽ ലഭിച്ചത് ഈ എഴുത്തുകാരനാണ്. ഭരണകൂടത്തിന്റെ അസഹിഷ്ണുതക്കെതിരെയുള്ള നിലപാടുകളുടെ പേരിൽ സ്വന്തം രാജ്യത്ത് കഠിനമായി ഭർത്സിക്കപ്പെട്ടപ്പോൾ പാശ്ചാത്യ ലോകത്ത് അദ്ദേഹം ഒരു വീരപുരുഷനെപ്പോലെ ആഘോഷിക്കപ്പെടുകയുണ്ടായി. ലോകമെമ്പാടുമുള്ള ഇടതുപക്ഷ എഴുത്തുകാരും വിമർശകരും അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്നും, സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ വിമർശകനെന്നും മുദ്രകുത്തിയപ്പോൾ യൂറോപ്പിലും അമേരിക്കയിലും, ഭരണകൂട നൃശംസതകൾക്ക് വിധേയനായി ജീവിതം ഹോമിക്കപ്പെട്ട മഹാനായ എഴുത്തുകാരനായി അദ്ദേഹം വാഴ്ത്തപ്പെട്ടു. സാഹിത്യ ചരിത്രങ്ങളിൽ ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട എഴുത്തുകാർ സോൾഷെനിത്്സിനെപ്പോലെ വേറെ അധികമില്ല.
1918 ഡിസംബർ 11ന് റഷ്യയിലെ കിസ്ലോവോഡസ്കിൽ കൊസ്സാക്കു വർഗക്കാരുടെ കുടുംബത്തിലാണ് അലക്സാന്ദർ സോൾഷെനിത്്സിൻ ജനിച്ചത്. ബോൾഷെവിക് പാർട്ടി പ്രവർത്തകനായിരുന്ന പിതാവ് സാർ ചക്രവർത്തിയുടെ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനാൽ മാതാവിന്റെ സംരക്ഷണയിലാണ് വളർന്നത്. ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയശേഷം മോസ്‌കോ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്നും അദ്ദേഹം സാഹിത്യം പഠിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ ധീരമായി പൊരുതിയ സോൾഷെനിത്്സിൻ മേലധികാരികളുടെ പ്രശംസക്ക് പാത്രമായിരുന്നു . പിൽക്കാലത്ത് ഒരു തടങ്കൽ പാളയത്തിന്റെ കാവൽക്കാരനായി അദ്ദേഹം നിയോഗിക്കപ്പെട്ടു. അവിടുത്തെ രാഷ്ട്രീയ തടവുകാരോടുള്ള പട്ടാളക്കാരുടെ ക്രൂരതകളിൽ വല്ലാതെ അസ്വസ്ഥനായ അദ്ദേഹം അവയെക്കുറിച്ച് തന്റെ സുഹൃത്തിന് കത്തുകളെഴുതി. സ്റ്റാലിനെ നിശിതമായി വിമർശിക്കുന്നവയായിരുന്നു ആ കത്തുകൾ. അതുകൊണ്ടു തന്നെ 1945 ൽ സോവിയറ്റ് രഹസ്യ പോലീസ് സോൾഷെനിത്്സിനെ അറസ്റ്റ് ചെയ്തു. എട്ട് വർഷത്തോളം ലേബർ ക്യാമ്പിലും ജയിലിലും കഴിച്ചു കൂട്ടിയ അദ്ദേഹം നിർബന്ധിത നാടുകടത്തലിനും വിധേയനായി. ശിക്ഷാ കാലാവധി അവസാനിച്ചപ്പോൾ മധ്യ റഷ്യയിലെ ഒരു സ്‌കൂളിൽ ഗണിതാധ്യാപകനായി ചേർന്നു. ഭരണകൂടത്തെ വിമർശിക്കുന്ന രചനകളുടെ പേരിൽ 1974 ൽ സോൾഷെനിത്്സിനെ വീണ്ടും അറസ്റ്റു ചെയ്തു നാടുകടത്തി. പടിഞ്ഞാറൻ ലോകം അദ്ദേഹത്തെ ഒരു വീരനെപ്പോലെ സ്വീകരിച്ചെങ്കിലും അവിടുത്തെ രീതികളെ, വിശേഷിച്ചും അവരുടെ സുഖലോലുപതയെ അംഗീകരിക്കാൻ അദ്ദേഹത്തിനായില്ല. സോവിയറ്റ് യൂനിയന്റെ തകർച്ചക്കു ശേഷം 1994ൽ റഷ്യയിലേക്ക് തിരിച്ചുപോയ സോൾഷെനിത്്സിൻ 2008ൽ എൺപത്തിയൊമ്പതാമത്തെ വയസ്സിൽ ഹൃദയസ്തംഭനം മൂലം അന്തരിച്ചു.
ചെറുപ്പം മുതൽ എഴുത്തിനോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന സോൾഷെനിത്്സിന്റെ ആദ്യത്തെ ശ്രദ്ധേയ രചന 1962 ൽ പ്രസിദ്ധീകരിച്ച ഇവാൻ ജെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിനം (One Day in the Life of Ivan Denisovich) എന്ന നീണ്ടകഥയാണ്.

സ്റ്റാലിൻ യുഗം അവസാനിച്ചതിനു ശേഷം, സോവിയറ്റ് യൂണിയനിലെ പ്രശസ്തമായ നവയുഗം. നോവി മീർ എന്ന മാസികയിലാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. സോവിയറ്റ് യൂനിയനിലെ കുപ്രസിദ്ധമായ തടങ്കൽ പാളയങ്ങളിലെ ജീവിത ദൈന്യങ്ങളെ ഈ കഥയിൽ അമ്പരപ്പിക്കുന്ന യാഥാർഥ്യ ബോധത്തോടെ ചിത്രീകരിക്കുന്നു. ലളിതമായ ഭാഷയിൽ ക്യാമ്പിലെ ഒരു ദിവസത്തെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അദ്ദേഹം തുറന്നു വെച്ചപ്പോൾ ലോകം ഒരു ഞെട്ടലോടെയാണ് അവ വായിച്ചത്. അതേസമയം, സോവിയറ്റ് ഭരണവ്യവസ്ഥയെ ഇകഴ്ത്തിക്കാണിക്കാൻ അങ്ങേയറ്റം അതിശയോക്തി കലർത്തി രചിക്കപ്പെട്ട കൃതിയാണ് ഇതെന്ന് സോവിയറ്റ് യൂനിയനിലെ ഔദ്യോഗിക സാഹിത്യ സംഘടന വാദിച്ചു. സോവിയറ്റ് യൂനിയനിൽ മാത്രമല്ല പല പാശ്ചാത്യ രാഷ്ട്രങ്ങ ളുടെയും രാഷ്ട്രീയ ഭൂമികയിൽ ഈ കൃതി വലിയ ചലനം സൃഷ്ടിക്കുകയുണ്ടായി. അതോടൊപ്പം സമാനമായ രചനകൾ നടത്താൻ പല എഴുത്തുകാർക്കും ഇത് പ്രചോദനമാകുകയും ചെയ്തു. ഗുലാഗ് അർച്ചിപ്പിലാഗോ, ദി ഫസ്റ്റ് സർക്കിൾ, ക്യാൻസർ വാർഡ് തുടങ്ങിയ പിൽക്കാല രചനകളിലും ഈ വിഷയം തന്നെയാണ് സോൾഷെനിത്്സിൻ എടുത്തുകാണിക്കുന്നത്. ഈ നോവലുകളിൽ പരാമർശിക്കുന്ന ലേബർ ക്യാമ്പുകളും ക്യാൻസർ വാർഡും രോഗാതുരമായ സ്വന്തം രാഷ്ട്രത്തിന്റെ തന്നെ പ്രതീകമായാണ് അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് പല നിരൂപകരും അഭിപ്രായപ്പെടുന്നത്. അതേസമയം മറ്റൊരു വസ്തുത കൂടി ഇവിടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. കലാപരമായ ഔന്നത്യം ഈ നോവലുകൾക്ക് അവകാശപ്പെടാനാകുമോ എന്നു സംശയമാണ്. അഖ്യാനത്തിന്റെ വൈരസ്യവും ജഡതയും വായനയുടെ നൈസർഗികമായ ഒഴുക്കിനെ പലപ്പോഴും തടസ്സപ്പെടുത്തുമെന്നു തീർച്ചയാണ്. എങ്കിലും താനുൾപ്പെടെ തടങ്കൽ ക്യാമ്പുകളിൽ നരകയാതനായനുഭവിച്ച രാഷ്ട്രീയത്തടവുകാരുടെ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരം എന്ന നിലയിൽ ഈ രചനകൾ പ്രകടിപ്പിക്കുന്ന ആത്മാർഥത കാണാതിരിക്കാനുമാകില്ല.

കറകളഞ്ഞ ദേശീയവാദിയായിരുന്നു അലക്സാന്ദർ സോൾഷെനിത്്സിൻ. റഷ്യയുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ സമ്പന്നതയിൽ അദ്ദേഹം എപ്പോഴും അഭിമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ പടിഞ്ഞാറൻ രീതികൾ അന്ധമായി പിന്തുടർന്ന പ്രസിഡന്റ് ബരീസ് യെൽത്സിനെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. റഷ്യയുടെ ഏറ്റവും വലിയ സാഹിത്യ ബഹുമതിക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, റഷ്യയെ അതിന്റെ പാരമ്പര്യത്തിൽ നിന്നും നിത്യനാശത്തിലേക്ക് തള്ളിയിടുന്ന ഒരു ഭരണകൂടം നൽകുന്ന ബഹുമതി സ്വീകരിക്കാൻ താൻ തയ്യാറല്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം അത് നിരസിക്കുകയുണ്ടായി. എന്നാൽ പിന്നീട് അധികാരത്തിലേറിയ വ്ലാചിമിർ പുടിൻ അദ്ദേഹത്തെ ആകർഷിച്ചു. റഷ്യയുടെ നഷ്ടപ്രതാപത്തെ വീണ്ടെടുക്കാൻ പുതിയ ഭരണാധികാരിക്ക് കഴിയുമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. 2007 ൽ പുടിൻ സോൾഷെനിത്്സിന്റെ വീട്ടിലെത്തി റഷ്യൻ സ്റ്റേറ്റ് പ്രൈസ് നൽകി ഈ എഴുത്തുകാരനെ ആദരിക്കുകയുണ്ടായി.

ഓരോ ഭരണകൂടവും നിലനിൽക്കുന്നത് അവർ സൃഷ്ടിച്ച തടങ്കൽ പാളയങ്ങളിൽ നിന്നുമുയരുന്ന അമർത്തിയ ഞരക്കങ്ങളുടെയും വിലാപങ്ങളുടെയും മുകളിലാണ് എന്ന യാഥാർഥ്യമാണ് സോൾഷെനിത്്സിനെപ്പോലെയുള്ള എഴുത്തുകാരുടെ രചനകൾ ഉദ്ഘോഷിക്കുന്നത്. നിഷേധികളുടെ വചനങ്ങളായി അതുകൊണ്ടുതന്നെ, ഭരണകൂടങ്ങളുടെ ആനുകൂല്യങ്ങൾ പിൻപറ്റിക്കഴിയുന്ന അക്കാദമിക സമൂഹം അവയെ തള്ളിക്കളയുന്നത് സ്വാഭാവികം. എങ്കിലും ഈ രചനകളുടെ പ്രസക്തി ഒരിക്കലും നഷ്ടപ്പെടുമെന്നു കരുതാനാകില്ല. നമ്മുടെ ഈ ലോകത്ത് മർദിതരുടെയും പീഡിതരുടെയും എണ്ണം വളരെ കൂടുതലാണ് എന്നതുതന്നെയാണ് അതിനു കാരണം.

ഡോ. ശരത് മണ്ണൂർ
sarathmannur@gmail.com

Latest