Connect with us

ആരോഗ്യം

സ്ത്രീകളെ അലട്ടുന്ന പോഷകക്കുറവുകൾ

ആരോഗ്യമുള്ള സ്ത്രീയാണ് ആരോഗ്യകരമായ കുടുംബത്തിന്റെയും ശക്തമായ സമൂഹത്തിന്റെയും അടിത്തറ. അതുകൊണ്ട് പോഷകാഹാരത്തെ ഒരു ചികിത്സയായി മാത്രം കാണാതെ, ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള ദീർഘകാല നിക്ഷേപമായി കാണേണ്ട സമയമാണിത്. ഓരോ സ്ത്രീയും സ്വന്തം ആരോഗ്യത്തിന് പ്രാധാന്യം നൽകുമ്പോൾ അതിന്റെ ഗുണഫലം കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ ലഭിക്കും.

Published

|

Last Updated

രോഗ്യവതിയായ സ്ത്രീയാണ് ആരോഗ്യകരമായ കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടിത്തറ. എന്നാൽ ജീവിതശൈലിയിലും ഭക്ഷണരീതികളിലും വന്ന മാറ്റങ്ങൾക്കൊപ്പം സ്ത്രീകളിൽ വിവിധ പോഷകക്കുറവുകളും വർധിച്ചുവരികയാണ്. ക്ഷീണം, മുടികൊഴിച്ചിൽ, അസ്ഥിവേദന, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ പലപ്പോഴും സാധാരണ പ്രശ്‌നങ്ങളായി കരുതി അവഗണിക്കപ്പെടുന്നു. എന്നാൽ ഇവ പലപ്പോഴും ശരീരം നൽകുന്ന പ്രധാന മുന്നറിയിപ്പുകളായിരിക്കാം.

ദേശീയ കുടുംബാരോഗ്യ സർവേ (NFHS-5, 2019-21) പ്രകാരം കേരളത്തിലെ 15 മുതൽ 49 വയസ്സ് വരെയുള്ള സ്ത്രീകളിൽ 36.3 ശതമാനം പേർക്ക് വിളർച്ച കണ്ടെത്തിയിട്ടുണ്ട്. ഗർഭിണികളിൽ 31.4 ശതമാനം പേരും വിളർച്ച ബാധിതരാണ്. ഇന്ത്യയിലാകെ സ്ത്രീകളിൽ വിളർച്ചയുടെ തോത് 57 ശതമാനമാണ്. അതേസമയം, കേരളത്തിലും ഇന്ത്യയിലുമായി നടത്തിയ വിവിധ പഠനങ്ങൾ സ്ത്രീകളിൽ വിറ്റാമിൻ ഡി, വിറ്റാമിൻ ബി12 എന്നിവയുടെ കുറവും സാധാരണമാണെന്ന് വ്യക്തമാക്കുന്നു. സ്ത്രീകളുടെ ആരോഗ്യം, ഗർഭകാല സുരക്ഷ, പ്രതിരോധശേഷി, ദൈനംദിന പ്രവർത്തനക്ഷമത എന്നിവയെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പോഷകക്കുറവുകളിൽ ഇരുമ്പ്, വിറ്റാമിൻ ഡി, വിറ്റാമിൻ ബി12 എന്നിവക്ക് പ്രധാന സ്ഥാനമാണുള്ളത്.

പോഷകക്കുറവുകൾ നേരത്തേ തിരിച്ചറിയുകയും ആവശ്യമായ പരിശോധനകളും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും സ്വീകരിക്കുകയും ചെയ്താൽ അവ മൂലമുണ്ടാകാവുന്ന പല ആരോഗ്യപ്രശ്‌നങ്ങളും ഒഴിവാക്കാനാകും. അതുകൊണ്ട് ഈ പോഷകഘടകങ്ങളുടെ പ്രാധാന്യവും അവയുടെ കുറവ് പ്രതിരോധിക്കാനുള്ള മാർഗങ്ങളും ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ടതാണ്.

ഇരുന്പിന്റെ കുറവ് (വിളർച്ച)

ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും ഓക്‌സിജൻ എത്തിക്കുന്ന ഹീമോഗ്ലോബിന്റെ നിർമാണത്തിന് അനിവാര്യമായ ധാതുവാണ് ഇരുമ്പ്. ആവശ്യത്തിന് ഇരുമ്പ് ലഭിക്കാതിരിക്കുകയോ ലഭിക്കുന്ന ഇരുമ്പ് ശരിയായി ആഗിരണം ചെയ്യപ്പെടാതിരിക്കുകയോ ചെയ്താൽ ഹീമോഗ്ലോബിന്റെ അളവ് കുറയുകയും അതിന്റെ ഫലമായി വിളർച്ച ഉണ്ടാകുകയും ചെയ്യുന്നു. സ്ത്രീകളിൽ ഏറ്റവും വ്യാപകമായി കണ്ടുവരുന്ന പോഷകക്കുറവുകളിൽ ഒന്നാണിത്.

ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം കേരളത്തിലെ 15 മുതൽ 49 വയസ്സ് വരെയുള്ള സ്ത്രീകളിൽ 36.3 ശതമാനം പേർക്കും ഗർഭിണികളിൽ 31.4 ശതമാനം പേർക്കും വിളർച്ചയുണ്ട്. ആർത്തവത്തിലൂടെയുള്ള രക്തനഷ്ടം, ഗർഭകാലത്ത് ഇരുമ്പിന്റെ വർധിച്ച ആവശ്യം, ഇരുമ്പ് ധാരാളമുള്ള ഭക്ഷണം ആവശ്യത്തിന് കഴിക്കാതിരിക്കുക, ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം കുറയുക എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ.

വിളർച്ചയുടെ പ്രത്യാഘാതങ്ങൾ ആദ്യം തിരിച്ചറിയാൻ പലപ്പോഴും കഴിയാറില്ല. രോഗം ക്രമേണ പുരോഗമിക്കുമ്പോഴാണ് സ്ഥിരമായ ക്ഷീണം, ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും ശ്വാസംമുട്ടൽ, തലകറക്കം, മുഖം വിളറുക, കൈകാലുകൾ തണുത്തുപോകുക, നഖങ്ങൾ ദുർബലമാകുക, മുടികൊഴിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നത്. ഗർഭകാലത്ത് വിളർച്ച അവഗണിച്ചാൽ കുറഞ്ഞ ജനനഭാരം, അകാല പ്രസവം, അമ്മയുടെ ആരോഗ്യപ്രശ്‌നങ്ങൾ എന്നിവക്കുള്ള സാധ്യത വർധിച്ചേക്കാം.

ദൈനംദിന ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങൾ പോലും ഇരുമ്പിന്റെ കുറവ് തടയാൻ സഹായിക്കും. കരൾ, മീൻ, മുട്ട, ചെറുപയർ, കടല, മറ്റ് പയർവർഗങ്ങൾ, മുരിങ്ങയില, ചീര തുടങ്ങിയ ഇലക്കറികൾ എന്നിവ ഇരുമ്പിന്റെ മികച്ച ഭക്ഷണസ്രോതസ്സുകളാണ്. നെല്ലിക്ക, ഓറഞ്ച്, നാരങ്ങ, പേരയ്ക്ക തുടങ്ങിയ വിറ്റാമിൻ സി ധാരാളമുള്ള പഴങ്ങൾ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കും. മറുവശത്ത്, ഇരുമ്പ് അടങ്ങിയ ഭക്ഷണത്തിനോ പോഷകപൂരകങ്ങൾക്കോ തൊട്ടുപിന്നാലെ ചായയോ കാപ്പിയോ കുടിക്കുന്നത് ഒഴിവാക്കണം. ഗർഭിണികളും ഇരുമ്പ് കുറവുള്ളവരും ഡോക്ടറുടെ നിർദേശപ്രകാരം ഇരുമ്പ്‌ഫോളിക് ആസിഡ് പോഷകപൂരകങ്ങൾ ഉപയോഗിക്കുന്നത് കൂടുതൽ പ്രയോജനകരമാണ്.

വിറ്റാമിൻ ഡി

“സൂര്യപ്രകാശത്തിന്റെ വിറ്റാമിൻ’ എന്നാണ് വിറ്റാമിൻ ഡി പൊതുവെ അറിയപ്പെടുന്നത്. അസ്ഥികളുടെയും പല്ലുകളുടെയും ബലത്തിനും ഭക്ഷണത്തിൽ നിന്നുള്ള കാത്സ്യത്തിന്റെ ആഗിരണത്തിനും ഈ വിറ്റാമിൻ അനിവാര്യമാണ്. അതിനുപുറമെ പേശികളുടെ പ്രവർത്തനം, പ്രതിരോധശേഷി, ശരീരത്തിന്റെ പൊതുവായ ആരോഗ്യം എന്നിവ നിലനിർത്തുന്നതിലും വിറ്റാമിൻ ഡി നിർണായക പങ്കുവഹിക്കുന്നു. കേരളത്തിലും ഇന്ത്യയിലുമായി നടത്തിയ വിവിധ പഠനങ്ങൾ സ്ത്രീകളിൽ വിറ്റാമിൻ ഡി കുറവ് വ്യാപകമാണെന്ന് വ്യക്തമാക്കുന്നു.
നഗരവത്കരണവും വീടിനുള്ളിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ജീവിതരീതിയും സ്ത്രീകളിൽ വിറ്റാമിൻ ഡി കുറവിന് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാതിരിക്കുക, വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ആവശ്യത്തിന് ഉൾപ്പെടുത്താതിരിക്കുക എന്നിവ ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് കുറയാൻ ഇടയാക്കുന്നു. പ്രായം കൂടുന്നതിനനുസരിച്ച് ഈ വിറ്റാമിൻ രൂപപ്പെടുത്താനുള്ള ശരീരത്തിന്റെ കഴിവും കുറയാം.

പലപ്പോഴും വ്യക്തമായ ലക്ഷണങ്ങളില്ലാതെയാണ് ഈ പോഷകക്കുറവ് ആരംഭിക്കുന്നത്. അസ്ഥിവേദന, പേശിവേദന, തുടർച്ചയായ ക്ഷീണം, പേശികളുടെ ബലക്കുറവ്, ചെറിയ ആഘാതത്തിൽ പോലും അസ്ഥി ഒടിയാനുള്ള സാധ്യത വർധിക്കുക എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ദൈനംദിന ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നാൽ വിറ്റാമിൻ ഡി കുറവ് ഒരു പരിധിവരെ തടയാനാകും. ദിവസവും ഏകദേശം 15 മുതൽ 20 മിനുട്ട് വരെ സൂര്യപ്രകാശം ലഭിക്കുന്ന തരത്തിൽ സമയം കണ്ടെത്തുന്നത് ഗുണകരമാണ്. മത്തി, അയല, സാൽമൺ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ, മുട്ടയുടെ മഞ്ഞ, പാൽ, തൈര്, വിറ്റാമിൻ ഡി ചേർത്ത് സമ്പുഷ്ടമാക്കിയ ഭക്ഷണങ്ങൾ എന്നിവ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തണം. ആവശ്യമായ സാഹചര്യങ്ങളിൽ മാത്രം ഡോക്ടറുടെ നിർദേശപ്രകാരം പോഷകപൂരകങ്ങൾ ഉപയോഗിക്കണം. സ്വമേധയാ പോഷകപൂരകങ്ങൾ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

വിറ്റാമിൻ ബി12

രക്തത്തിലെ ചുവന്ന രക്താണുക്കളുടെ രൂപവത്കരണത്തിനും നാഡീവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിനും മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ പോഷകഘടകമാണ് വിറ്റാമിൻ ബി12. ഈ വിറ്റാമിന്റെ കുറവ് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. കേരളത്തിലും ഇന്ത്യയിലുമായി നടത്തിയ വിവിധ പഠനങ്ങൾ പ്രകാരം സസ്യാഹാരം മാത്രം പിന്തുടരുന്നവരിലും ഗർഭിണികളിലും പ്രായമായവരിലും ചില ദഹനസംബന്ധമായ രോഗങ്ങളുള്ളവരിലും വിറ്റാമിൻ ബി12 കുറവ് കൂടുതലായി കണ്ടുവരുന്നു.
വിറ്റാമിൻ ബി12 കുറവ് പലപ്പോഴും നിശ്ശബ്ദമായാണ് ആരംഭിക്കുന്നത്. അതിനാൽ ആദ്യഘട്ടത്തിൽ ലക്ഷണങ്ങൾ തിരിച്ചറിയാൻ പ്രയാസമാകാം. പിന്നീട് സ്ഥിരമായ ക്ഷീണം, കൈകാലുകളിൽ മരവിപ്പോ തരിപ്പോ അനുഭവപ്പെടുക, ഓർമശക്തി കുറയുക, ഏകാഗ്രത നഷ്ടപ്പെടുക, നടക്കുമ്പോൾ സന്തുലിതാവസ്ഥ നഷ്ടപ്പെടുക, മനോവിഷമം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം.ഗർഭകാലത്ത് ഈ കുറവ് അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

ഭക്ഷണത്തിലൂടെയാണ് ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ബി12 പ്രധാനമായും ലഭിക്കുന്നത്. മീൻ, മുട്ട, പാൽ, തൈര്, മറ്റ് പാലുത്പന്നങ്ങൾ എന്നിവ ഇതിന്റെ മികച്ച ഭക്ഷണസ്രോതസ്സുകളാണ്. വിറ്റാമിൻ ബി12 ചേർത്ത് സമ്പുഷ്ടമാക്കിയ ഭക്ഷണങ്ങളും പ്രയോജനകരമാണ്. സസ്യാഹാരം മാത്രം പിന്തുടരുന്നവരും ശരീരത്തിൽ വിറ്റാമിൻ ബി12 ആഗിരണം ചെയ്യുന്നതിൽ തടസ്സമുള്ളവരും ഡോക്ടറുടെ നിർദേശപ്രകാരം പോഷകപൂരകങ്ങൾ ഉപയോഗിക്കേണ്ടതാണ്. കൃത്യമായ പരിശോധനയിലൂടെ കുറവ് തിരിച്ചറിഞ്ഞ് സമയബന്ധിതമായി ചികിത്സ ആരംഭിക്കുന്നത് ഭാവിയിൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

പോഷകപരിപാലനത്തിൽ പോഷകാഹാര വിദഗ്ധന്റെ പ്രാധാന്യം

പോഷകക്കുറവ് തിരിച്ചറിഞ്ഞാൽ സ്വയം മരുന്നുകളോ പോഷകപൂരകങ്ങളോ ഉപയോഗിക്കുന്ന പ്രവണത പലർക്കുമുണ്ട്. എന്നാൽ ഒരാൾക്ക് അനുയോജ്യമായ ചികിത്സയും ഭക്ഷണക്രമവും മറ്റൊരാൾക്ക് അനുയോജ്യമാകണമെന്നില്ല. പ്രായം, ആരോഗ്യനില, ഗർഭാവസ്ഥ, തൊഴിൽ, ജീവിതശൈലി, നിലവിലുള്ള രോഗങ്ങൾ, ഉപയോഗിക്കുന്ന മരുന്നുകൾ എന്നിവയെല്ലാം പരിഗണിച്ച ശേഷമാണ് പോഷകപരിപാലനം ആസൂത്രണം ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ പോഷകാഹാര വിദഗ്ധന്റെ മാർഗനിർദേശം ഈ ഘട്ടത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു.

ആദ്യം വ്യക്തിയുടെ പോഷകാവസ്ഥയും ഭക്ഷണശീലങ്ങളും ആരോഗ്യചരിത്രവും സമഗ്രമായി വിലയിരുത്തുന്നു. തുടർന്ന് പോഷകക്കുറവിന് കാരണമായ ഘടകങ്ങൾ കണ്ടെത്തി, ദൈനംദിന ജീവിതത്തിനും ആരോഗ്യാവശ്യങ്ങൾക്കും അനുയോജ്യമായ വ്യക്തിഗത ഭക്ഷണക്രമം തയ്യാറാക്കുന്നു. ഭക്ഷണത്തിലൂടെ തന്നെ ആവശ്യമായ പോഷകങ്ങൾ പരമാവധി ലഭ്യമാക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. ആവശ്യമെങ്കിൽ മാത്രമേ ഡോക്ടറുടെ നിർദേശപ്രകാരം പോഷകപൂരകങ്ങൾ ഉൾപ്പെടുത്തുകയുള്ളൂ.
പോഷകപരിപാലനം ഒരുതവണ നൽകുന്ന ഉപദേശത്തിൽ അവസാനിക്കുന്നതല്ല. ചികിത്സയുടെ പുരോഗതി ഇടയ്ക്കിടെ വിലയിരുത്തുകയും ആവശ്യമായ മാറ്റങ്ങൾ ഭക്ഷണക്രമത്തിൽ വരുത്തുകയും ചെയ്യേണ്ടതുണ്ട്. ഇതിലൂടെ പോഷകക്കുറവ് പരിഹരിക്കുന്നതോടൊപ്പം അത് വീണ്ടും ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കാൻ കഴിയും. സമീകൃതാഹാരം, ആരോഗ്യകരമായ ജീവിതശൈലി, കൃത്യമായ ആരോഗ്യപരിശോധന, വിദഗ്ധരുടെ മാർഗനിർദേശം എന്നിവ ഒരുമിച്ചുചേർന്നാലേ ദീർഘകാല ആരോഗ്യസംരക്ഷണം സാധ്യമാകൂ.

ആരോഗ്യം സമൂഹത്തിന്റെ അടിത്തറ

പോഷകക്കുറവ് ഒരു വ്യക്തിയുടെ ആരോഗ്യത്തെ മാത്രമല്ല, കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യത്തെയും ബാധിക്കുന്ന നിശ്ശബ്ദ വെല്ലുവിളിയാണ്. തുടർച്ചയായ ക്ഷീണം, അസ്ഥിവേദന, മുടികൊഴിച്ചിൽ, കൈകാലുകളിൽ മരവിപ്പ്, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളെ നിസ്സാരമായി കാണാതെ അവയുടെ യഥാർഥ കാരണം കണ്ടെത്താൻ ശ്രമിക്കേണ്ടത് അനിവാര്യമാണ്. സമയോചിതമായ പരിശോധനയിലൂടെ പോഷകക്കുറവ് തിരിച്ചറിയുകയും വിദഗ്ധരുടെ നിർദേശപ്രകാരം ചികിത്സയും പോഷകപരിപാലനവും സ്വീകരിക്കുകയും ചെയ്താൽ ഭാവിയിൽ ഉണ്ടാകാവുന്ന നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയും.

സമീകൃതാഹാരം ദിനചര്യയുടെ ഭാഗമാക്കുക, വിവിധതരം ധാന്യങ്ങൾ, പയർവർഗങ്ങൾ, ഇലക്കറികൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ, മുട്ട, മത്സ്യം തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ആവശ്യാനുസരണം ഉൾപ്പെടുത്തുക, ആവശ്യമായ സൂര്യപ്രകാശം ലഭ്യമാക്കുക, ഇടയ്ക്കിടെ ആരോഗ്യപരിശോധന നടത്തുക എന്നിവ സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. പോഷകപൂരകങ്ങൾ സ്വമേധയാ ഉപയോഗിക്കുന്നതിനുപകരം ഡോക്ടറുടെയും പോഷകാഹാര വിദഗ്ധന്റെയും നിർദേശപ്രകാരം മാത്രം ഉപയോഗിക്കുന്നതാണ് സുരക്ഷിതവും ഫലപ്രദവുമായ മാർഗം.

ആരോഗ്യമുള്ള സ്ത്രീയാണ് ആരോഗ്യകരമായ കുടുംബത്തിന്റെയും ശക്തമായ സമൂഹത്തിന്റെയും അടിത്തറ. അതുകൊണ്ട് പോഷകാഹാരത്തെ ഒരു ചികിത്സയായി മാത്രം കാണാതെ, ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള ദീർഘകാല നിക്ഷേപമായി കാണേണ്ട സമയമാണിത്. ഓരോ സ്ത്രീയും സ്വന്തം ആരോഗ്യത്തിന് പ്രാധാന്യം നൽകുമ്പോൾ അതിന്റെ ഗുണഫലം കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ ലഭിക്കും.

Content Highlights:
Nutritional deficiencies like anemia, vitamin D, and vitamin B12 are widely prevalent among women and cause severe health issues if neglected. Recognizing warning signs early such as fatigue, hair loss, and joint pain helps prevent long-term complications. Proper dietary habits, sunlight exposure, and expert consultation ensure healthy living.

 

 

കമ്മ്യൂണിറ്റി ന്യൂട്രിഷൻ ഫോറം കേരള

Latest