Connect with us

job scam

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

ജോലി വാഗ്ദാനം നല്‍കി പലരില്‍ നിന്നായി 60 ലക്ഷം രൂപയോളം വാങ്ങിയെന്നാണ് പോലീസ് പറയുന്നത്.

Published

|

Last Updated

അമ്പലപ്പുഴ | വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാര്‍ഡ് പൂമീന്‍ പൊഴി പാലത്തിന് സമീപം ശരവണ ഭവനില്‍ രാജിമോള്‍ (38) ആണ് അറസ്റ്റിലായത്. വിദേശത്ത് ചോക്ലേറ്റ് കമ്പനിയില്‍ ജോലി വാഗ്ദാനം നല്‍കി പലരില്‍ നിന്നായി 60 ലക്ഷം രൂപയോളം വാങ്ങിയെന്നാണ് പോലീസ് പറയുന്നത്.

വനിതയുടെ സഹോദരന്മാര്‍ ജോലിചെയ്തിരുന്ന വിദേശത്തെ ചോക്ലേറ്റ് കമ്പനി കൊവിഡിനെ തുടർന്ന് അടച്ചിരുന്നു. വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചതോടെ സഹോദരങ്ങള്‍ കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോയി. കമ്പനിയില്‍ ഒഴിവുള്ള പാക്കിംഗ് വിഭാഗത്തിലെ ഒഴിവിലേക്ക് ആളുകളെ വേണമെന്ന് സഹോദരങ്ങള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് 80ഓളം പേരില്‍ നിന്ന് 65,000 രൂപ വീതം പണം വാങ്ങിയതായി പോലീസ് പറയുന്നു.

രണ്ട്മാസം മുമ്പ് 40 ഓളം പേരെ വിദേശത്തേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍, കമ്പനി തുറക്കാതിരുന്നതിനാല്‍ യുവാക്കള്‍ക്ക് ജോലി ലഭിച്ചില്ല. ഇവര്‍ക്ക് വാടക കൊടുക്കാനും ചെലവിനും വകയില്ലാതെ വന്നതോടെ ബന്ധുക്കളെ വിവരമറിയിച്ചു. അവധികള്‍ പലത് പറഞ്ഞെങ്കിലും കമ്പനി തുറന്ന് പ്രവര്‍ത്തിക്കുകയോ വാങ്ങിയ പണം ടിക്കറ്റ് ചെലവും കഴിഞ്ഞ് ബാക്കി നല്‍കാനോ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ പുന്നപ്ര പോലീസില്‍ പരാതി നല്‍കി. വിവരമറിഞ്ഞ് പണം കൊടുത്ത മറ്റ് പലരും പരാതിയുമായി രംഗത്തെത്തി.

തുടര്‍ന്ന് യുവതിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പണം വിദേശത്തുള്ള സഹോദരങ്ങള്‍ക്ക് കൈമാറിയെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. പോലീസ് സഹോദരങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ ഈ തുക കമ്പനി ഉടമയായ മറ്റൊരാള്‍ക്ക് കൈമാറിയതായി പറഞ്ഞു. യുവതിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയതറിഞ്ഞ് പണം നല്‍കിയ മറ്റുള്ളവരും സ്റ്റേഷനില്‍ തടിച്ചുകൂടി. തുടര്‍ന്നാണ് പുന്നപ്ര പോലീസ് യുവതിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ മറ്റ് പല സ്റ്റേഷനുകളിലും പലരും സമാനമായ പരാതി നല്‍കിയതായും പറയുന്നു. അറസ്റ്റിലായ യുവതിയെ റിമാൻഡ് ചെയ്തു.

Latest