Connect with us

Prathivaram

മെെലാഞ്ചിക്കൊമ്പാെടിച്ച്...

എല്ലാവരും ഉറങ്ങാതെ കിടക്കണം. ഉറങ്ങിയാൽ മൈലാഞ്ചിക്ക് ജീവൻ വെക്കുമത്രേ. എന്നിട്ട് മൈലാഞ്ചി ദേഹത്തും മുഖത്തുമൊക്കെ സഞ്ചരിക്കും. നേരം വെളുത്താൽ കാണാം ദേഹത്തിൽ പല സ്ഥലത്തും മൈലാഞ്ചി നിറം. ഇത്ത പറഞ്ഞത് സത്യം തന്നെയാകും. ഞങ്ങൾ ഉറങ്ങാതിരിക്കാൻ ശ്രമിക്കും. മൈലാഞ്ചിയിട്ട കൈകൾ നീട്ടിവെച്ച് ഞങ്ങൾ കഥ പറഞ്ഞ് കിടക്കും. എപ്പോഴാണെന്നറിയില്ല, ഇബ്‌ലീസ് വന്ന് ഞങ്ങളെയൊക്കെ ഉറക്കും. പിന്നെ മൈലാഞ്ചിക്ക് ജീവൻ വെക്കുമ്പോൾ ഞങ്ങളുടെ കൈകൾ ഇളകാൻ തുടങ്ങും.

Published

|

Last Updated

പുറമ്പാടത്തെ തോട്ടുവക്കിലുള്ള വലിയ മൈലാഞ്ചിമരത്തിന്റെ ചുവട്ടിൽ ഞങ്ങൾ ഒത്തുകൂടും. അങ്ങനെയാണ് എന്റെ ഗ്രാമത്തിലെ പെരുന്നാൾ തുടങ്ങുന്നത്. രാമൻ കുട്ടിയും മയമിയും മരത്തിൽ കയറി മൈലാഞ്ചിയിലയുള്ള ചില്ലകളൊക്കെ പൊട്ടിച്ചെടുക്കും. എല്ലാ വീട്ടിലേക്കും തുല്യമായി മൈലാഞ്ചി വീതിച്ചു കൊടുക്കും. അപ്പോഴേക്കും മഗ്‌രിബ് വാങ്ക് വിളി തുടങ്ങും. മൊട്ടയടിച്ചു നിൽക്കുന്ന മൈലാഞ്ചി മരത്തിന് ടാറ്റ പറഞ്ഞ് ഞങ്ങളെല്ലാം വീട്ടിലെത്തും. വീട്ടിലാകെ ബഹളമയമാണ്. നിസ്‌കാരം കഴിഞ്ഞ് വല്യുപ്പ ഉമ്മറത്തിരുന്ന് തക്ബീർ ചൊല്ലുന്നു. ഞങ്ങൾ മൈലാഞ്ചിയില നുള്ളിയെടുത്ത് വൃത്തിയാക്കും. തക്ബീർ ചൊല്ലി മൈലാഞ്ചി നുള്ളിയാൽ നല്ലോണം ചുവക്കുമെന്ന് ഇത്ത പറഞ്ഞതിനാൽ ഞങ്ങൾ ഉറക്കെ തക്ബീർ ചൊല്ലും. എന്റെ ഇത്ത സ്‌കൂളിൽ ഏഴാം തരത്തിലാണ്. എല്ലാറ്റിലും ഇടപെടും. വലിയ വിവരമുള്ളയാളെപ്പോലെ സംസാരിക്കും. സ്‌കൂളിലും മദ്റസയിലുമൊക്കെ ഒന്നാമതാണ്. അതിന്റെ ഗമ ഉപദേശത്തിലും കാണാം.

ഒരു ഔലിയപ്പാപ്പയുടെ കുട്ടിക്കാലം പറഞ്ഞു തന്നത് ഇത്തയാണ്. പാപ്പ കുട്ടിക്കാലത്ത് നിസ്‌കരിക്കാത്തതിന് ഉമ്മ ചെയ്ത സൂത്രം. ചക്കരമിഠായി കൊണ്ടുവന്ന് നിസ്‌കാരപ്പായയുടെ അടിയിൽ വെക്കും. എന്നിട്ട് മോനോട് പറയും, നിസ്‌കരിച്ചാൽ നിസ്‌കാരപ്പായയുടെ അടിയിൽ പടച്ചോൻ മിഠായി കൊണ്ടുവന്ന് വെക്കും എന്ന്. അങ്ങനെ നിസ്‌കരിച്ചു തുടങ്ങിയതാണ് ഔലിയപ്പാപ്പ. പടച്ചോൻ തന്ന മിഠായി. അത് പോലെ ഞങ്ങളെക്കൊണ്ട് നിസ്‌കരിപ്പിക്കാൻ പല സൂത്രവും ഇത്ത പയറ്റാറുണ്ട്. അതൊന്നും ഞങ്ങടെ അടുത്ത് വിലപ്പോവൂല. പക്ഷേ, നിസ്‌കരിക്കാതെ ഉമ്മ ചോറ് വിളമ്പില്ല. അതായിരുന്നു ഞങ്ങൾക്ക് പ്രശ്‌നം.

െൈമലാഞ്ചിയെല്ലാം റെഡി. ഇത്തയാണ് മൈലാഞ്ചി നീട്ടിയരക്കുക. ഞങ്ങൾ കുട്ടികൾ ചുറ്റും കൂടിയിരിക്കും. ഇക്ക വലിയ വാഴയിലയുമായി വരും. കുഴമ്പായി മാറിയ മൈലാഞ്ചി വാഴയിലെടുത്തു. ഇനി രാത്രി ഊണ് കഴിച്ചിട്ടാണ് കലാ പരിപാടികൾ. ചോറ് തിന്ന് നേരത്തെ കിടക്കാൻ പോകും. മുകളിലത്തെ നിലയിലെ വലിയ മുറിയിൽ അന്ന് എല്ലാവരും പായ വിരിച്ചാണ് കിടക്കുക. കിടക്കാൻ നേരം ഇത്ത വിളഞ്ഞീൻ (ചക്കയുടെ നീര്) ചെറിയ പാത്രത്തിൽ ചൂടാക്കിക്കൊണ്ട് വന്ന് കലാവിരുതുകൾ തുടങ്ങും. ചൂടുള്ള വിളഞ്ഞീനിൽ ഈർക്കിലി മുക്കി ഞങ്ങളുടെ ഉള്ളം കൈയിൽ പലതും വരച്ചുണ്ടാക്കും. പെൺകുട്ടികളുടെ കൈയിൽ പൂവും ആൺകുട്ടികളുടെതിൽ ചന്ദ്രക്കലയും വരച്ചൊപ്പിക്കും. ചിലപ്പോൾ കൈ പൊള്ളും. എന്നാലും സഹിച്ചിരുന്ന് കൊടുക്കും. ശേഷം അതിന്റെ മേലെ മൈലാഞ്ചി കുഴമ്പ് പൊതിയും. പിന്നെ കൈ ചുരുട്ടിപ്പിടിച്ച് കിടക്കണം. പിന്നെയാണ് തമാശ.

എല്ലാവരും ഉറങ്ങാതെ കിടക്കണം. ഉറങ്ങിയാൽ മൈലാഞ്ചിക്ക് ജീവൻ വെക്കുമത്രേ. എന്നിട്ട് മൈലാഞ്ചി ദേഹത്തും മുഖത്തുമൊക്കെ സഞ്ചരിക്കും. നേരം വെളുത്താൽ കാണാം ദേഹത്തിൽ പല സ്ഥലത്തും മൈലാഞ്ചി നിറം. ഇത്ത പറഞ്ഞത് സത്യം തന്നെയാകും. ഞങ്ങൾ ഉറങ്ങാതിരിക്കാൻ ശ്രമിക്കും. മൈലാഞ്ചിയിട്ട കൈകൾ നീട്ടിവെച്ച് ഞങ്ങൾ കഥ പറഞ്ഞ് കിടക്കും. എപ്പോഴാണെന്നറിയില്ല, ഇബ്‌ലീസ് വന്ന് ഞങ്ങളെയൊക്കെ ഉറക്കും. പിന്നെ മൈലാഞ്ചിക്ക് ജീവൻ വെക്കുമ്പോൾ ഞങ്ങളുടെ കൈകൾ ഇളകാൻ തുടങ്ങും. അങ്ങനെ മാന്താനും ചൊറിയാനും തുടങ്ങും. നേരം വെളുത്താൽ കാണാം മൈലാഞ്ചിയുടെ പരാക്രമം. മേലാകെ ചുവന്നിരിക്കും. ഇത്ത ഉറങ്ങാത്തതിനാൽ മൈലാഞ്ചി കൈയിൽ തന്നെ കിടക്കും. നേരം വെളുക്കും മുമ്പേ എല്ലാവരും കൈകഴുകി വെളിച്ചെണ്ണ കൊണ്ട് കൈയിലെ വിളഞ്ഞീൻ തുടച്ചു കളയും. നല്ല രസമുണ്ടാവും ഞങ്ങളുടെ ചുവന്ന കൈകൾ. പക്ഷേ, സങ്കടം അതല്ല; ഞങ്ങളുടെ ദേഹത്ത് പലിടത്തും മൈലാഞ്ചി നിറമുണ്ടാവും. മുഖത്തെ മൈലാഞ്ചിയുമായി മദ്്റസയിൽ പോയപ്പോൾ എല്ലാവരും കളിയാക്കിയതോർമയുണ്ട്.

വീട്ടിനകത്ത് പലിടത്തും കുമ്പളങ്ങ വാഴനാരിൽ തൂക്കിയിട്ടിരിക്കും. കൂട്ടിന് വെള്ളരിക്കയുമുണ്ടാകും. വേനലിൽ ഉണ്ടാവുന്ന കുമ്പളങ്ങ അങ്ങനെ തൂക്കിയിട്ടാൽ മറ്റു കാലങ്ങളിൽ ഉപയോഗിക്കാം. ഈ കുമ്പളങ്ങ കൊണ്ടാണ് പെരുന്നാളിന് കറി വെക്കുക. പത്തായത്തിലെ നെല്ല് കുത്തിയുണ്ടാക്കിയ മട്ടയരി, ഒരു തേങ്ങാ ചമ്മന്തി, വീട്ടിൽ ആട്ടിയെടുത്ത വെളിച്ചെണ്ണയിൽ പൊരിച്ചെടുത്ത ഇറച്ചി ഇതാണ് പെരുന്നാളിന്റെ വിഭവം. എല്ലാം ഓർഗാനിക്കാണ്. ബലിയിറച്ചി കിട്ടണമെങ്കിൽ രാത്രിയാകും. നാലഞ്ചുദിവസം ഇറച്ചി തന്നെ വിഭവം. എല്ലാവരുടേയും തൂക്കം കൂടുന്ന കാലമാണ് വലിയ പെരുന്നാൾ. ഈ പെരുന്നാൾ ഒന്നല്ല ഏഴെണ്ണമാണ്. ഏഴ് ദിവസവും ഉച്ചക്ക് ചോറും ഇറച്ചിയും. ഇതാണ് നാട്ട് നടപ്പ്.

പെരുന്നാളിന് ഒരു സ്‌പെഷ്യൽ പായസം വല്യുമ്മയുടെ വകയുണ്ടാകും. പെരുന്നാളിന് മാത്രമുണ്ടാക്കുന്നതാണിത്. ഞങ്ങൾ ഇതിന് കുലാവി എന്ന് പറയും. തേങ്ങാപാൽ, നല്ലോണം പഴുത്ത ചെറു പഴം, അവിൽ , ചെറിയ ഉള്ളി, അൽപ്പം ഇഞ്ചി, ശർക്കര, തേങ്ങ ചിരവിയത്, ഒരു പൊടി ഉപ്പും ഇതെല്ലാം കൂട്ടി കൈകൊണ്ട് നല്ലോണം കുഴച്ചെടുത്താൽ കുലാവിയാകും. ഒരു ഗ്ലാസ് വീതം എല്ലാവർക്കും കിട്ടും. കൂടുതൽ ഇല്ല. അതുകൊണ്ട് കിട്ടിയത് നൊട്ടി നുണഞ്ഞ് കുടിക്കും. അങ്ങനെയൊരു കുലാവി കുടിച്ച കാലം മറന്നു. വല്യുമ്മയുടെ കൈപ്പുണ്യത്തെക്കുറിച്ച് നാട്ടിൽ പാട്ടായിരുന്നു.

ആണുങ്ങളൊക്ക പള്ളിയിൽ പോയി വരും. ഞങ്ങളുടെ മദ്്റസാ പരിസരത്ത് ഒന്നോ രണ്ടോ പോത്തിനെ അറുക്കും. അത് കഴിഞ്ഞ് വരുമ്പോഴേക്കും ചോറ് റെഡി. അന്ന് വീട്ടിലെ പെണ്ണുങ്ങൾ പെരുന്നാൾ നിസ്‌കരിക്കാറില്ലെന്നാണ് തോന്നുന്നത്. വെച്ചു വിളമ്പണ്ടേ; എല്ലാറ്റിനും എവിടെയാ സമയം? ആണുങ്ങളൊന്നും അടുക്കളയിലേക്കെത്തി നോക്കില്ല. അവിടെ സ്ത്രീകളുടെ ഭരണമാണ്. ഉച്ചയാകുമ്പോഴേക്കും പള്ളിയിൽ നിന്ന് മോല്യാര് വരും. ഉസ്താദ് എന്ന പേരൊക്കെ പിന്നെപ്പൊഴോ വന്നതാണ്. ബന്ധുക്കളും ഓരോരുത്താരായി വരാൻ തുടങ്ങും. അടുക്കളയിലെ വലിയ കലത്തിൽ നിന്ന് അരി വേവുമ്പോഴുള്ള പടപ്പാട്ട് കേൾക്കാം. മറ്റൊരു കലത്തിൽ കുമ്പളങ്ങാ കറി. പള്ള നിറച്ച് തിന്ന് ഏമ്പക്കമിടുമ്പോൾ പെരുന്നാളിന്റെ പെരുമ്പറ പോലെ തോന്നും.

അസറ് നിസ്‌കാരം കഴിഞ്ഞാൽ അയലത്തെ അയിശുമ്മതാത്തന്റെ കുടിലിൽ കൈകൊട്ടി പാട്ടുണ്ടാകും. എന്റെ ഇത്ത നല്ലോണം പാടും. പാടത്തെ പാത്തുമ്മതാത്തക്ക് അറുപത് കഴിഞ്ഞിട്ടുണ്ടെങ്കിലും നല്ലോണം കെസ്സു പാടും. എന്റെ വല്യൂമ്മയും പാടും. “ആദി മാതവരാകിയ നബിതിരു കല്ലിയാണമേ?’ വല്യുമ്മാന്റെ പാട്ട് ഇപ്പോഴും ഓർമയിലുണ്ട്. പാട്ടും കൈകൊട്ടും പൊടിപൊടിക്കും. ഇടക്കിടെ കുലാവി വരും. മഗ്‌രിബ് വരെ പാട്ടു നീണ്ടു പോകും.

മഗ്‌രിബ് ബാങ്ക് വിളിച്ചാൽ എല്ലാവരും വീടണയും. വല്യുപ്പയുടെ നിസ്‌കാരം കഴിഞ്ഞാൽ വേലക്കാരൻ രാമൻ കുട്ടി സജീവമാകും. ഞങ്ങൾ ലാമൻകുടി എന്നാണ് വിളിച്ചിരുന്നത്. പെരുന്നാൾ തലേന്ന് തൊഴുത്ത് വൃത്തിയാക്കി കാലികളെയൊക്കെ കുളിപ്പിച്ച് എണ്ണ മിനുക്കുന്ന ജോലി രാമൻ കുട്ടിയുടേതാണ്. തേയിയമ്മ സഹായത്തിനുണ്ടാകും. രാമൻ കുട്ടിയാണ് രാത്രി അമിട്ട് പൊട്ടിക്കുക. റമസാനിൽ നോമ്പുതുറ അറിയിക്കാൻ അമിട്ട് പൊട്ടിക്കുന്നതും രാമൻ കുട്ടി തന്നെ. ഇശാ ബാങ്കിന് മുമ്പ് അമിട്ട് പൊട്ടിക്കണം. അമിട്ടിന് മുമ്പേ ചന്തയിൽ നിന്ന് വാങ്ങിയ പൂത്തിരിയും ഓലപ്പടക്കവുമൊക്കെ പൊട്ടിക്കും. അത് കഴിഞ്ഞ് ചോറ് വിളമ്പും. കുലാവി കുടിച്ച് ഉറങ്ങാൻ കിടക്കുകയായി. അങ്ങനെ ആദ്യത്തെ പെരുന്നാൾ കഴിയും. നാളത്തെ വിരുന്ന് സ്വപ്നം കണ്ട് ഉറങ്ങാൻ കിടക്കും. നാളെ ഉമ്മയുടെ വീട്ടിലേക്ക് പോകണം. അവിടെയാണ് രണ്ടാം പെരുന്നാൾ.

ഉമ്മയുടെ വീട്ടിലെ ആഘോഷം. അതൊന്നു വേറെയാണ്. തൊട്ടടുത്ത തോട്ടിൽ ചാടിക്കുളിച്ച മധുരം. വൈകുന്നേരം അവിടത്തെ വല്യുപ്പയുടെ പിറകിൽ ജാഥയായി ഞങ്ങൾ കുട്ടികൾ അങ്ങാടിയിലെത്തും. അവിടെ നിന്ന് റോസഞ്ചർ മിഠായിയും പാവയും, കിലുക്കാം കൊട്ടയും, കടലാസ് പങ്കയും വാങ്ങി മടക്കം.

കുട്ടിക്കാലത്തെ ഓർമകൾ പങ്ക് വെക്കുമ്പോഴേ ഈ പെരുന്നാളിനും മധുരമുണ്ടാവൂ. ഇന്ന് ഒറ്റപ്പെട്ടത് പോലെ തോന്നുന്നു. പെരുന്നാൾ നിസ്‌കാരം കഴിഞ്ഞ് വരുമ്പോൾ ആദ്യം തറവാട്ടിൽ പോയി ഉപ്പയേയും ഉമ്മയേയും കാണുമായിരുന്നു. അവരെല്ലാം ഈ ലോകത്തോട് വിട പറഞ്ഞുപോയി. പെരുന്നാൾ നിസ്‌കാരം കഴിഞ്ഞാൽ ഇനി പോവാാനുള്ളത് ഉമ്മയുടേയും ഉപ്പയുടേയും ഖബറിടത്തിലേക്കാണ്. അവരോട് പെരുന്നാൾ ആശംസ പറയണം. ഉറ്റവരേയും ഉടയവരേയും ഓർക്കാനാകുന്നില്ലെങ്കിൽ പിന്നെ എന്ത് പെരുന്നാളാണ്. ഹോട്ടലിലേക്ക് പെരുന്നാളുണ്ണാൻ പോകുന്ന ന്യൂ ജെന്നിന് ഇങ്ങനെയൊക്കെ ഓർക്കാനുണ്ടാകുമോ?

---- facebook comment plugin here -----

Latest