Connect with us

Articles

സിന്ധ്യ-ഗെഹ്ലോത്ത് യുഗം അവസാനിക്കുമോ?

അവസാന മാസങ്ങളില്‍ ഗെഹ്ലോത്ത് നടപ്പാക്കിയ ജനകീയ പദ്ധതികളിലാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷകള്‍. ഇരു പാര്‍ട്ടികള്‍ക്കും സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ വലിയ വെല്ലുവിളിയായി മുന്നിലുണ്ട്. മാത്രമല്ല ആരാവും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് ബി ജെ പിക്കോ കോണ്‍ഗ്രസ്സിനോ കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ കഴിയുന്ന സാഹചര്യവുമല്ല.

Published

|

Last Updated

മൂന്ന് പതിറ്റാണ്ട് കാലമായി കോണ്‍ഗ്രസ്സും ബി ജെ പിയും മാറി മാറി അധികാരം പങ്കിടുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ഈ മാസം 25ന് സംസ്ഥാനം മറ്റൊരു അസംബ്ലി തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തിന്റെ പൊതു രാഷ്ട്രീയ സ്വഭാവം വെച്ച് ബി ജെ പി അധികാരം തിരിച്ചുപിടിക്കാനാണ് സാധ്യത.

ഇപ്പോള്‍ തിരഞ്ഞെടുപ്പ് ചൂടിലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ബി ജെ പിക്ക് കാര്യമായ പ്രതീക്ഷ നല്‍കുന്ന ഏക സംസ്ഥാനവും രാജസ്ഥാനാണ്. അതേസമയം അവസാന മാസങ്ങളില്‍ അശോക് ഗെഹ്ലോത്ത് നടപ്പാക്കിയ ജനകീയ പദ്ധതികളിലാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷകള്‍. ഇരു പാര്‍ട്ടികള്‍ക്കും സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ വലിയ വെല്ലുവിളിയായി മുന്നിലുണ്ട്. മാത്രമല്ല ആരാവും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് ബി ജെ പിക്കോ കോണ്‍ഗ്രസ്സിനോ കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ കഴിയുന്ന സാഹചര്യവുമല്ല. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ബി ജെ പിയില്‍ വസുന്ധരാരാജ സിന്ധ്യയും കോണ്‍ഗ്രസ്സില്‍ അശോക് ഗെഹ്ലോത്തും മാത്രമാണ് മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചത്. നേതൃമാറ്റത്തിനായി ഇരു പാര്‍ട്ടികളിലും മുറവിളികള്‍ ഉയരുന്നുണ്ട്. എന്നിരുന്നാലും കോണ്‍ഗ്രസ്സില്‍ ഗെഹ്ലോത്തിന് റിബലായി ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ രണ്ട് തവണയുണ്ടായ അട്ടിമറി ശ്രമങ്ങളെ പരാജയപ്പെടുത്താനും ഹൈക്കമാന്‍ഡിനെ ഒപ്പം നിര്‍ത്താനും ഗെഹ്ലോത്തിന് സാധിച്ചിരുന്നു. ഈ ശക്തിയും കരിഷ്മയുമാണ് തിരഞ്ഞെടുപ്പിന്റെ നേതൃസ്ഥാനത്ത് ഇപ്പോഴും ഗെഹ്ലോത്തിനെ അവരോധിക്കാന്‍ കാരണം. എന്നാല്‍ ബി ജെ പിയില്‍ കാര്യങ്ങള്‍ കുറേക്കൂടി സങ്കീര്‍ണമാണ്. രണ്ട് തവണ മുഖ്യമന്ത്രിയായ സിന്ധ്യയുടെ ഭാവി ഏറെക്കുറെ തുലാസിലാണ്. സിന്ധ്യയുടെ ചില ഇഷ്ടക്കാര്‍ക്ക് സീറ്റ് നിഷേധിച്ചതിലൂടെ തന്നെ അവര്‍ക്ക് ബി ജെ പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബി ജെ പിയുടെ മുഖ്യമന്ത്രി മുഖങ്ങളില്‍ അഭിപ്രായ സര്‍വേകള്‍ പ്രകാരം സിന്ധ്യക്കാണ് ഇപ്പോഴും മുന്‍തൂക്കമെങ്കിലും നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം മൂന്നാമതൊരു അവസരം നല്‍കാനുള്ള സാധ്യത കുറവാണ്. ബി ജെ പിയുടെ പ്രചാരണത്തിന്റെ കേന്ദ്ര സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിഷ്ഠിക്കുന്നതും ഈ രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കുക എന്ന ലക്ഷ്യത്തിലാണ്. പ്രാദേശിക പ്രശ്നങ്ങളും ഭരണവിരുദ്ധ വികാരവും വിധി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ ഈ തന്ത്രം എത്രമാത്രം ഫലം ചെയ്യുമെന്നതും കണ്ടറിയേണ്ടി വരും. മുഖ്യമന്ത്രിസ്ഥാനത്തേക്ക് സിന്ധ്യക്ക് പകരം മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനായ കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് കേന്ദ്ര നേതൃത്വത്തിന്റെ ആദ്യ ചോയ്സ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കറുത്ത കുതിരയായി പരിഗണിക്കപ്പെടുന്ന നേതാവാണ് തിജാര അസംബ്ലി സീറ്റില്‍ നിന്ന് മത്സരിക്കുന്ന അല്‍വാറില്‍ നിന്നുള്ള നിലവിലെ എം പി മഹന്ത് ബാലക്‌നാഥ്. ‘രാജസ്ഥാന്റെ യോഗി’ എന്ന ടാഗുള്ള ബാലക്നാഥിനെ കൂടാതെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല അടക്കമുള്ളവര്‍ക്കും നറുക്ക് വീഴാന്‍ സാധ്യതയുണ്ട്.

കോണ്‍ഗ്രസ്സ് അധികാരം നിലനിര്‍ത്താനുള്ള സാധ്യതകള്‍ വിരളമാണെങ്കിലും അങ്ങനെ ഒരു അവസരമുണ്ടായാല്‍ എം എല്‍ എമാരുടെ പിന്തുണയില്‍ മുന്നിലുള്ള ഗെഹ്ലോത്ത് തന്നെയാകും മുഖ്യമന്ത്രിയാകുക. മറ്റു സംസ്ഥാനങ്ങളിലെ ട്രെന്‍ഡ് രാജസ്ഥാനില്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയുമില്ല. കേന്ദ്ര ഭരണത്തിന് എതിരെയുള്ള വികാരം ഉണര്‍ത്താനായാല്‍ മാത്രമേ കോണ്‍ഗ്രസ്സിന് എന്തെങ്കിലും സാധ്യതയുള്ളൂ. ഈ വസ്തുത മനസ്സിലാക്കിയാണ് സച്ചിന്‍ നിശബ്ദനായിരിക്കുന്നത്.

അഭിപ്രായ സര്‍വേകള്‍ പ്രകാരം 200 അംഗസഭയില്‍ ബി ജെ പി 100 മുതല്‍ 124 സീറ്റുകള്‍ വരെ ജയിച്ചുകയറും. ജയിക്കുമ്പോള്‍ വലിയ മാര്‍ജിനില്‍ ജയിക്കുക എന്ന കീഴ് വഴക്കമാണ് ബി ജെ പിക്കുള്ളത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. അതുകൊണ്ട് അധികാരം പിടിക്കുക എന്നതിനപ്പുറം വലിയ മുന്നേറ്റത്തിനും സാധ്യതകളില്ല. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം പരാജയത്തിന്റെ അളവ് കുറക്കാന്‍ കഴിഞ്ഞാല്‍ തന്നെ അത് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് വലിയ മുതല്‍ക്കൂട്ടാണ്. ഗൃഹലക്ഷ്മി യോജനയിലൂടെ കുടുംബനാഥക്ക് 10,000 രൂപ, 500 രൂപ നിരക്കില്‍ 1.05 കോടി കുടുംബങ്ങള്‍ക്ക് ഗ്യാസ് സിലിന്‍ഡര്‍, സര്‍ക്കാര്‍ കോളജില്‍ പ്രവേശനം നേടുന്നവര്‍ക്ക് സൗജന്യ ലാപ്ടോപ്, പ്രകൃതിദുരന്തങ്ങളില്‍ 15 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ്, 2,550 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് തുടങ്ങിയ വലിയ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ്സ് പ്രകടനപത്രികയിലുള്ളത്. ഇത് കോണ്‍ഗ്രസ്സിന്റെ വോട്ട് ചോര്‍ച്ച കുറക്കാന്‍ സഹായിക്കും. ബി ജെ പിയെ സംബന്ധിച്ചിടത്തോളം ഭരണവിരുദ്ധ വികാരവും സ്ത്രീ സുരക്ഷയുമാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങള്‍. വര്‍ഗീയ വിഷയങ്ങളേക്കാള്‍ പ്രാധാന്യത്തോടെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പ് രംഗത്ത് ചര്‍ച്ച ചെയ്യാന്‍ ബി ജെ പി ശ്രമിക്കുന്നുണ്ട് എന്നതാണ് മൂന്ന് പതിറ്റാണ്ടിനിടെ ബി ജെ പിക്ക് രാജസ്ഥാനില്‍ സംഭവിച്ച വലിയ മാറ്റം. പൊതുവായ കീഴ് വഴക്കം ആവര്‍ത്തിക്കുമെന്നും അധികാരം താനെ വന്നുചേരുമെന്നുമുള്ള അമിത ആത്മവിശ്വാസം ബി ജെ പിയുടെ മൊത്തം പ്രചാരണത്തിന്റെ ചൂട് കുറക്കാന്‍ കാരണമായിട്ടുണ്ട്. എന്നിരുന്നാലും കോണ്‍ഗ്രസ്സില്‍ നിന്നല്ലാതെ സംസ്ഥാനത്ത് ഇപ്പോഴും ബി ജെ പിക്ക് ഒരു വെല്ലുവിളിയില്ല. ഇടതുപാര്‍ട്ടികളും ബി എസ് പി, ആം ആദ്മി, ആര്‍ എല്‍ ഡി അടക്കമുള്ള പാര്‍ട്ടികള്‍ മത്സരിക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഗതിയെ ഒരു തരത്തിലും ഈ പാര്‍ട്ടികള്‍ക്ക് സ്വാധീനിക്കാനുള്ള ശേഷിയില്ല. അതേ സമയം അസദുദ്ദീന്‍ ഉവൈസിയുടെ എ ഐ എം ഐ എം മുസ്ലിം ആധിപത്യമുള്ള 20 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇത് കോണ്‍ഗ്രസ്സിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. 2018ല്‍ ഇതില്‍ 18 എണ്ണത്തിലും കോണ്‍ഗ്രസ്സ് വിജയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ പോലെ തന്നെ സംസ്ഥാനത്ത് ജാതി സര്‍വേ നടത്തുമെന്നും ജനസംഖ്യാനുപാതികമായി സംവരണം നല്‍കുമെന്നും ഇതിനകം പ്രഖ്യാപിച്ച കോണ്‍ഗ്രസ്സിന് പ്രചാരണ രംഗത്ത് ആധിപത്യമുണ്ടെങ്കിലും ഭരണവിരുദ്ധ വികാരത്തെ എത്രകണ്ട് പിടിച്ചു നിര്‍ത്താനാകും എന്നിടത്താണ് പാര്‍ട്ടിയുടെ ഭാവി.

പ്രധാനമന്ത്രി മോദി കഴിഞ്ഞ നാല് മാസത്തിനിടെ ഒമ്പത് തവണ രാജസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ റാലികളെ അഭിസംബോധന ചെയ്യുകയും ക്രമസമാധാനം മോശമായതിന്റെ പേരില്‍ സര്‍ക്കാറിനെ കാര്യമായി കടന്നാക്രമിക്കുകയും ചെയ്തിരുന്നു. അശോക് ഗെഹ്ലോത്തിന്റെ ജനപ്രീതി കുറക്കുക എന്ന ലക്ഷ്യത്തിലാണ് ബി ജെ പിയും അവരുടെ പ്രചാരണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജാതി സെന്‍സസിനപ്പുറം ദേശീയ വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് രംഗത്ത് കോണ്‍ഗ്രസ്സിന് പോലും ചര്‍ച്ചയാക്കാന്‍ കഴിയുന്നില്ല എന്നതാണ് രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് പങ്കുവെക്കുന്ന ഏറ്റവും ദയനീയ ചിത്രം. തിരഞ്ഞെടുപ്പ് ഫലം എന്ത് തന്നെയായാലും കാല്‍നൂറ്റാണ്ട് കാലം സിന്ധ്യ-ഗെഹ്ലോത്ത് എന്നീ രണ്ട് നേതാക്കളിലേക്ക് മാത്രം ചുരുങ്ങിപ്പോയ സംസ്ഥാന രാഷ്ട്രീയം കൂടുതല്‍ കാറ്റും വെളിച്ചവും നിറഞ്ഞ ഒരു ഭൂമികയിലേക്ക് മാറും എന്നത് മാത്രമാണ് രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷയുള്ളത്.