Uae
വന്യജീവി കടത്ത്: യു എ ഇയില്‍ 15 വര്‍ഷം വരെ തടവും 20 ലക്ഷം ദിര്‍ഹം പിഴയും
ഒറിക്സ്, ഡുഗോങ്, കണ്ടല്‍ക്കാട് സംരക്ഷണത്തില്‍ നാഴികക്കല്ല്.
ദുബൈ | യു എ ഇയില്‍ വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെയും സസ്യങ്ങളെയും അനധികൃതമായി കടത്തുന്നവര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി ആധികൃതര്‍. വന്യജീവികളുടെ നിയമവിരുദ്ധമായ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും 20 ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തുമെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിന്‍ത് അബ്ദുല്ല അല്‍ ദഹക് വ്യക്തമാക്കി. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരത്തിനായുള്ള ‘സിറ്റസ്’ കണ്‍വെന്‍ഷന്‍ കരാറിലെ വ്യവസ്ഥകള്‍ പാലിച്ച്, വന്യജീവി കടത്തിനെതിരെ രാജ്യം പൂര്‍ണമായും വിട്ടുവീഴ്ചയില്ലാത്ത നയമാണ് സ്വീകരിക്കുന്നതെന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് യു എ ഇയില്‍ സ്ഥാനമുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു.
യു എ ഇയുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അറേബ്യന്‍ ഒറിക്സ് വര്‍ഗത്തെ സംരക്ഷിക്കുന്നതിലും വംശവര്‍ധന ഉറപ്പാക്കുന്നതിലും യു എ ഇ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇതിനൊപ്പം ലോകത്തിലെ രണ്ടാമത്തെ വലിയ ഡുഗോങ് (കടല്‍പ്പശു) വംശത്തിന്റെ അഭയകേന്ദ്രമാണ് യു എ ഇയുടെ സമുദ്രമേഖല. വേട്ടപ്പക്ഷികളായ ഫാല്‍ക്കണുകളുടെ വ്യാപാരം നിയന്ത്രിക്കുന്നതിനും അവയുടെ വംശശുദ്ധി നിലനിര്‍ത്തുന്നതിനുമായി രാജ്യം അന്താരാഷ്ട്ര തലത്തില്‍ തന്നെ മികച്ച മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനായി യു എ ഇയും ഇന്തോനേഷ്യയും സംയുക്തമായി രൂപം നല്‍കിയ ‘മാംഗ്രൂവ് അലയന്‍സ് ഫോര്‍ ക്ലൈമറ്റ്’ എന്ന കൂട്ടായ്മയില്‍ ഇപ്പോള്‍ 47 രാജ്യങ്ങള്‍ അംഗങ്ങളാണ്. പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും ലോകമെമ്പാടും കണ്ടല്‍ക്കാടുകള്‍ വ്യാപിപ്പിക്കാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കുന്നു. ഇതിന്റെ ഭാഗമായി 2030 ഓടെ രാജ്യത്തുടനീളം പത്ത് കോടി കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിക്കാന്‍ യു എ ഇ പ്രതിജ്ഞാബദ്ധമാണ്.
സമുദ്രത്തിലെ ജൈവവൈവിധ്യം വര്‍ധിപ്പിക്കുന്നതിനും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുമായി പവിഴപ്പുറ്റുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള വലിയ പദ്ധതികള്‍ക്ക് യു എ ഇ നേതൃത്വം നല്‍കുന്നുണ്ട്.







