Articles
എന്തിനാണിത്ര ഭയക്കുന്നത്?
ഇന്ത്യയിലെ മാധ്യമങ്ങളെ പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും നിലക്ക് നിര്‍ത്തിയത് പോലെ ഒരു വിദേശ മാധ്യമത്തോട് ചെയ്യാന്‍ കഴിയാത്തതിനാലാണ് ബി ബി സി യിലൂടെ ഗുജറാത്തിലെ സത്യങ്ങള്‍ പുറത്ത് വന്നത്. ഈ നാടിന്റെ ഇതുവരെയുള്ള ചരിത്രം ഒരു തുറന്ന പുസ്തകമാണ്. അതില്‍ നിന്ന് ഗുജറാത്ത് വംശഹത്യയുടെ ഏട് മായ്ച്ചുകളഞ്ഞാല്‍ ആ ചരിത്രം അപൂര്‍ണമാകും.

മതേതരത്വത്തില്‍ അധിഷ്ഠിതമായ ശക്തമായ ജനാധിപത്യ അടിത്തറ രാജ്യത്ത് പടുത്തുയര്‍ത്തിയത് കോണ്‍ഗ്രസ്സാണ്. എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി രാജ്യത്തിന്റെ മതസൗഹാര്‍ദം സംരക്ഷിക്കുന്ന നയങ്ങളും നടപടികളുമാണ് കോണ്‍ഗ്രസ്സ് ഭരണകൂടം സ്വീകരിച്ചത്. എന്നാല്‍ ബഹുസ്വരതയും മതേതരത്വവും തകര്‍ത്ത് രാജ്യത്ത് അശാന്തി പടര്‍ത്തുക എന്നത് ബി ജെ പിയുടെയും ആര് എസ് എസിന്റെയും പ്രഖ്യാപിത നയമാണ്. ആ പരീക്ഷണ ശാലയില്‍ വിജയകരമായി സംഘ്പരിവാര്‍ ആസൂത്രണം ചെയ്തതായിരുന്നു ഗുജറാത്തിലെ ന്യൂനപക്ഷ വംശഹത്യ. നിസ്സഹായരും നിഷ്കളങ്കരുമായ മുസ്ലിം സഹോദരങ്ങളെ വര്‍ഗീയ വെറിപൂണ്ട സംഘ്പരിവാറുകാര്‍ ചുട്ടെരിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയതിന്റെ പാപക്കറ കഴുകിക്കളയാന്‍ ഗംഗാജലം മുഴുവന്‍ ഉപയോഗിച്ചാലും കഴിയില്ല.
നിയമവും നീതിയും നോക്കുകുത്തിയാക്കി ആര് എസ് എസ് – സംഘ്പരിവാര്‍ ശക്തികള്‍ ന്യൂനപക്ഷത്തിന് മേല്‍ തേരോട്ടം നടത്തിയ ആ ദിനങ്ങള്‍ ഇന്ത്യാ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ്. രണ്ട് ദശാബ്ദം കഴിഞ്ഞിട്ടും ആയിരക്കണക്കിന് മുസ്ലിം സഹോദരങ്ങളുടെ വിലാപം ഗുജറാത്തിന്റെ മണ്ണില്‍ കെട്ടടങ്ങിയിട്ടില്ല. മോദിയും അമിത് ഷായും ഇപ്പോള്‍ കോടികള്‍ പൊടിച്ച് കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന പ്രതിച്ഛായയെ അത് കാലമെത്ര കഴിഞ്ഞാലും വേട്ടയാടിക്കൊണ്ടിരിക്കും. ഇതെല്ലാം ചരിത്രപരമായ വസ്തുതകളാണ്. അത് നമ്മുടെ പിന്തലമുറ അറിയണം. അതില്‍ അരിശം പൂണ്ടിട്ട് കാര്യമില്ല.
കുടുംബത്തിലെ പുരുഷന്മാരെ അതിക്രൂരമായി കൊന്നുതള്ളിയും സ്ത്രീകളെ ബലാത്സംഘം ചെയ്തും ഗുജറാത്തില്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് സമാനതകളുള്ളത് ഹിറ്റ്്ലറുടെ ജര്‍മനിയിലാണ്. തന്റെ മാറില്‍ ഭയന്നുവിറച്ച് മുഖംപൊത്തി കരഞ്ഞ മൂന്ന് വയസ്സുകാരി പിഞ്ചുകുഞ്ഞിനെ പാറക്കല്ലിലെറിഞ്ഞ് കൊന്ന ശേഷമാണ് ബില്‍ക്കീസ് ബാനു എന്ന പെണ്‍കുട്ടിയെ സംഘ്പരിവാറുകാര്‍ 22 തവണ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. ഇതില്‍ ഉള്‍പ്പെട്ട 11 പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത് കൊടുക്കുകയും അവരെ ആര്‍പ്പുവിളിച്ച് സ്വീകരിക്കുകയും ചെയ്ത ചരിത്രവും ഇവര്‍ക്ക് സ്വന്തം. മനുഷ്യ മനഃസ്സാക്ഷിയെ മരവിപ്പിക്കുന്ന ഇത്തരം ക്രൂരതകളുടെ പരമ്പര തീര്‍ത്തുകൊണ്ടാണ് കലാപകാരികള്‍ ഗുജറാത്തിലെ തെരുവുകളില്‍ അഴിഞ്ഞാടിയത്. നീതിയും നിയമവും പാലിക്കേണ്ട സര്‍ക്കാര്‍ കലാപകാരികള്‍ക്ക് വേണ്ട ഒത്താശ ചെയ്തുകൊടുത്തു.
കൊലവിളി മുഴക്കി എത്തിയ കലാപകാരികളെ ഭയന്ന് ഓവുചാലില്‍ ഒളിച്ച നിരപരാധികളായ മുസ്ലിം സഹോദരങ്ങളെ കലാപകാരികള്‍ക്ക് കാണിച്ചു കൊടുത്തത് ഗുജറാത്തിലെ പോലീസുകാരാണ്. ഓവുചാലുകള്‍ക്ക് മുകളില്‍ സ്ലാബിട്ടു മൂടി മുകളില്‍ ഭാരിച്ച കല്ലുകള്‍ വെച്ചു കലാപകാരികള്‍. എട്ട് പേരാണ് അന്ന് അവിടെ മരിച്ചുവീണത്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരതകള്‍ക്ക് നേതൃത്വം നല്‍കിയത് സംഘ്പരിവാര്‍ മുന്നോട്ട് വെക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ്. അവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. വംശഹത്യയുടെ ചരിത്രം വരും തലമുറയുടെ കണ്മുന്നിലെത്തുന്നത് അവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ചരിത്രം വളച്ചൊടിച്ചും അപനിര്‍മിച്ചും തലമുറകളെ തെറ്റിദ്ധരിപ്പിച്ചും രാജ്യം ഭരിക്കുന്ന ബി ജെ പിക്ക് തങ്ങള്‍ നേതൃത്വം നല്കിയ ഗുജറാത്ത് വംശഹത്യയുടെ ചരിത്രം ലോകമറിയുന്നതില്‍ ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. ഇന്ത്യയിലെ മാധ്യമങ്ങളെ പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും നിലക്ക് നിര്‍ത്തിയത് പോലെ ഒരു വിദേശ മാധ്യമത്തോട് ചെയ്യാന്‍ കഴിയാത്തതിനാലാണ് ബി ബി സി യിലൂടെ ഗുജറാത്തിലെ സത്യങ്ങള്‍ പുറത്ത് വന്നത്. ഈ നാടിന്റെ ഇതുവരെയുള്ള ചരിത്രം ഒരു തുറന്ന പുസ്തകമാണ്. അതില്‍ നിന്ന് ഗുജറാത്ത് വംശഹത്യയുടെ ഏട് മായ്ച്ചുകളഞ്ഞാല്‍ ആ ചരിത്രം അപൂര്‍ണമാകും.
ഗുജറാത്ത് കലാപ സമയത്ത് രാജ്യധര്‍മം പാലിക്കപ്പെട്ടില്ലെന്ന് വിമര്‍ശനം ഉയര്‍ത്തിയ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്്പയിയെ തള്ളിപ്പറയാന്‍ മോദിക്കും അമിത് ഷാക്കും കഴിയുമോ? നിയമ സംവിധാനത്തെ മുഴുവന്‍ നിഷ്ക്രിയമാക്കി ന്യൂനപക്ഷ ഉന്മൂലനത്തിനായി ഇറങ്ങി പുറപ്പെട്ട നിങ്ങളുടെ ഭൂതകാല ചരിത്രം ബി ബി സി ഡോക്യുമെന്ററിയിലൂടെ വിവരിക്കുമ്പോള്‍ എന്തിനാണിത്ര അസഹിഷ്ണുത?
ഗുജറാത്ത് വംശഹത്യയുടെ നേര്‍ചിത്രം വരച്ച് കാട്ടുന്ന ഡോക്യുമെന്ററിയാണ് ബി ബി സി പുറത്ത് വിട്ടത്. 2002ലെ ഗുജറാത്ത് വംശഹത്യക്ക് വഴിയൊരുക്കിയ അക്രമങ്ങള്‍ സംഘ്പരിവാര്‍ ശക്തികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു. ഗോധ്രയിലെ ട്രെയിന്‍ തീവെപ്പ് അതിന്റെ ഭാഗമായിരുന്നു. ഇതെല്ലാം ചരിത്ര വസ്തുതകളാണ്. എത്ര വെള്ളപൂശിയാലും സത്യം ഒരുനാള്‍ പുറത്ത് വരിക തന്നെ ചെയ്യും. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഗുജറാത്തില്‍ നടന്ന നരവേട്ടയാണ് ഡോക്യുമെന്ററി പ്രതിപാദിക്കുന്നത്. ആ ഭൂതകാലം ഓര്മിക്കാനുള്ള ഭയം മൂലമാണ് ഡോക്യുമെന്ററിക്കെതിരെ സംഘ്പരിവാരങ്ങള്‍ ഇറങ്ങിത്തിരിച്ചത്. നരേന്ദ്ര മോദിയും ബി ജെ പി ഭരണകൂടവും സംഘ്പരിവാറും വിലക്ക് കല്‍പ്പിച്ച ഗുജറാത്ത് വംശഹത്യയുടെ നേര്‍ചിത്രം വരച്ചുകാട്ടുന്ന ബി ബി സിയുടെ ഡോക്യുമെന്ററി സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ്സ് പ്രദര്‍ശിപ്പിക്കും. അത് കോണ്‍ഗ്രസ്സ് തുടങ്ങിക്കഴിഞ്ഞു.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച എഴുത്തുകാരെയും സാംസ്കാരിക നായകരെയും കൊന്നുതള്ളിയതും പൗരത്വ ഭേദഗതി നിയമം അടിച്ചേല്‍പ്പിക്കാന്‍ തുനിഞ്ഞതും ഭക്ഷണത്തിന്റെ പേരില്‍ ഭീതിപടര്‍ത്തുന്നതും ന്യൂനപക്ഷ വേട്ടക്ക് കളമൊരുക്കുന്നതിനാണ്. ഗുജറാത്ത് വംശഹത്യയില്‍ നിന്ന് രക്ഷപ്പെടാന്‍ ജീവനും കൊണ്ട് പലായനം ചെയ്തത് പതിനായിരക്കണക്കിന് മുസ്ലിം സഹോദരങ്ങളാണ്. ഗുജറാത്തിലെ മുസ്ലിം സഹോദരങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്കാന് ഇന്നും അവിടുത്തെ ബി ജെ പി ഭരണകൂടം തയ്യാറാകാത്തതും സംഘ്പരിവാറിന്റെ മുസ്ലിം വിരുദ്ധതക്ക് തെളിവാണ്. സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ സധൈര്യം നേരിടാനും ചെറുത്ത് തോല്‍പ്പിക്കാനും കോണ്‍ഗ്രസ്സ് ആശയങ്ങള്‍ക്ക് സാധിക്കും.
ഒരു വിദേശ മാധ്യമം പുറത്തു വിടുന്നു എന്നത് കൊണ്ട് മാത്രം ഒരു ഡോക്യുമെന്ററിയെ രാജ്യവിരുദ്ധമായി കണക്കാക്കേണ്ടതില്ല. മാധ്യമ ധര്‍മത്തിന്റെ അടിസ്ഥാന മൂല്യം മാനവികതയാണ്. അതിന് രാജ്യാതിര്‍ത്തികള്‍ ബാധകമല്ല. അധികാരം ഉപയോഗിച്ച് അന്വേഷണ റിപോര്‍ട്ടുകള്‍ അട്ടിമറിച്ച് എത്ര “ക്ലീന്‍ ചിറ്റുകള്‍’ നേടിയാലും മായ്ച്ചു കളയാന്‍ കഴിയുന്നതല്ല ഗുജറാത്ത് വംശഹത്യയുടെ ചോരക്കറ. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ നരേന്ദ്ര മോദി മറന്നു പോകാന്‍ പാടില്ലാത്ത ഒരു ഭരണഘടനാ തത്ത്വമുണ്ട്. പത്രപ്രവര്‍ത്തനം നടത്താനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തില്‍ മാത്രമല്ല സത്യമറിയാനുള്ള ജനങ്ങളുടെ അവകാശത്തിലുമാണ് ഇന്ത്യ മുന്നോട്ട് വെക്കുന്ന മാധ്യമ സ്വാതന്ത്ര്യം വേരൂന്നിയിരിക്കുന്നത്. അത് ലംഘിക്കുമ്പോള്‍ വെല്ലുവിളിക്കപ്പെടുന്നത് ജനങ്ങളുടെ പരമാധികാരമാണ്.