Connect with us

ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ നൂറാം ജന്മ വാര്‍ഷികവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗും ഐ എന്‍ എല്ലും കൊമ്പ് കോര്‍ക്കുന്നു. ഒരുകാലത്ത് പടിയടച്ച് പിണ്ഡം വെച്ച നേതാവിന്റെ ജന്മദിനം ആഘോഷിക്കാനുള്ള മുസ്ലിം ലീഗിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഐഎന്‍എല്‍ രംഗത്ത് വന്നതോടെ വിവാദം കൊഴുക്കുകയാണ്.35 വര്‍ഷത്തോളം ഇന്ത്യന്‍ പാര്‍ലമെന്റതില്‍ മുഴങ്ങി കേട്ട ശബ്ദമാണ് ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെത്. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനു ശേഷം ഏറ്റവും കൂടുതല്‍ കാലം മുസ്ലിം ലീഗിന്റെ ദേശീയ അധ്യക്ഷ പദവിയിലിരുന്ന വ്യക്തിത്വം. അനുയായികളുടെ മഹ്ബൂബെ മില്ലത്ത്.

സുലൈമാന്‍സേട്ടിന്റ ജന്‍മശതാബ്ദി കൊണ്ടാടാനുള്ള മുസ്ലിം ലീഗിന്റെ തീരുമാനം അത്മാര്‍ഥയോടെയാണെങ്കില്‍ സേട്ടിനെ നേരത്തെ ആക്ഷേപിച്ചതിനും അപമാനിച്ചതിനും മുസ്ലിം ലീഗ് നേതൃത്വം മാപ്പ് പറയണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്്ദുല്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും വ്യക്തമാക്കി. അല്ലാതെ ചില കോപ്രായങ്ങള്‍ കാട്ടി സേട്ടിനെപ്പോലുള്ള രാഷ്ട്രീയ വ്യക്തിത്വത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് വഴി ലീഗ് സ്വയം പരിഹാസ്യരാവുകയാണെന്നാണ് ഐ എന്‍ എല്ലിന്റെ പക്ഷം.എന്നാല്‍, ഐ എന്‍ എല്ലിന്റെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും പഴയ ഐഎന്‍എല്‍ നേതാവുമായ പി എം എ സലാമിന്റെ പ്രതികരണം. സേട്ടിന്റെ ജന്‍മശതാബ്ദി ആഘോഷപരിപാടികള്‍ക്ക് അടുത്ത ദിവസം അന്തിമ തീരുമാനമാകുമെന്നും ലീഗ് കേന്ദ്രങ്ങള്‍ പറഞ്ഞു.എന്തായാലും സേട്ടിന്റെ ജന്മവാര്‍ഷികം ആരായിരിക്കും കെങ്കേമമാക്കുകയെന്ന് കാത്തിരുന്നുകാണാം.

Latest