Connect with us

Articles

കൂരിരുള്‍ പരക്കുമ്പോള്‍ ഇന്ത്യയെ ആര് രക്ഷിക്കും?

ഡിസംബര്‍ 17-19 തീയതികളില്‍ ഹരിദ്വാറില്‍ മുഴങ്ങിക്കേട്ട ന്യൂനപക്ഷ ഉന്മൂലന ആഹ്വാനവും കൂട്ടക്കുരുതിയെ കുറിച്ചുള്ള വിളംബരവുമൊക്കെ ആര്‍ക്കും കേട്ടില്ലെന്ന് നടിക്കാനാകില്ല. ഒരു ജനാധിപത്യ മതേതര വ്യവസ്ഥയില്‍ ന്യൂനപക്ഷ സമൂഹത്തെ കൂട്ടക്കുരുതി നടത്താന്‍ സൈന്യവും പോലീസും ഭരണകൂട മെഷിനറിയുമൊക്കെ മുന്നോട്ടുവരണമെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ ഒരു കൂട്ടം സന്ന്യാസിമാരും സന്ന്യാസിനിമാരും കാണിച്ച 'ധൈര്യം' അത്യാപത്കരമായ മുന്നറിയിപ്പുകളാണ് നല്‍കുന്നത്.

Published

|

Last Updated

ബ്രിട്ടീഷ് കോളനിവാഴ്ചയുടെ കപ്പല്‍ ഇന്ത്യയില്‍ നിന്ന് മടക്കയാത്ര തുടങ്ങുന്ന നിമിഷം ഇവിടെ ജാതിമത ശക്തികള്‍ പരസ്പരം ഏറ്റുമുട്ടി രക്തം ചിന്തി ചാവുമെന്ന് പ്രവചിച്ചവര്‍ നിരവധിയായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലായിരുന്നു അശുഭാപ്തി വിശ്വാസികളില്‍ പ്രമുഖന്‍. ബ്രിട്ടീഷുകാര്‍ ഇന്ത്യാ ഉപഭൂഖണ്ഡം വിടേണ്ട താമസം ജര്‍മനിയില്‍ നിന്ന് വെള്ളസൈന്യത്തെ വാടകക്കെടുത്തെങ്കിലും സായുധ ഹൈന്ദവ ആരോഹണം സാധ്യമാക്കുമെന്ന് വരെ 1930 ഡിസംബറില്‍ സിറ്റി ഓഫ് ലണ്ടനിലെ ഒരു പ്രസംഗത്തില്‍ ചര്‍ച്ചില്‍ പറഞ്ഞുവെച്ചു. കാലം മുന്നോട്ട് പോയപ്പോള്‍, ആല്‍ബെര്‍ട്ട് ഹാളില്‍, ‘ഇന്ത്യയോടുള്ള നമ്മുടെ ബാധ്യത’ പ്രതിപാദിക്കുന്നിടത്ത് ബ്രാഹ്‌മണരുടെ ഭരണത്തിന് (കോണ്‍ഗ്രസ്സ് സര്‍ക്കാറിന്) ഇന്ത്യയെ വിട്ടുകൊടുക്കുന്നത് കടുത്ത ക്രൂരതയും ചതിയുമാകുമെന്ന് വരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തുറന്നടിച്ചു. സ്വതന്ത്രമാകുന്നതോടെ ദ്രുതഗതിയില്‍ പിറകോട്ട് നൂറ്റാണ്ടുകളോളം സഞ്ചരിച്ച് കാടത്തത്തിലേക്കും മധ്യകാല ദാരിദ്ര്യത്തിലേക്കും വഴുതിവീഴുമെന്ന് വരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാശ്ചാത്യ നിരീക്ഷകരുടെയും ബുദ്ധിജീവികളുടെയും പ്രവചനങ്ങളെ അസ്ഥാനത്താക്കിയാണ് പോയ 70 കൊല്ലം ഇന്ത്യ മുന്നോട്ടുചലിച്ചത്. നെഹ്റു സ്വപ്നം കണ്ട ബഹുസ്വരതയിലൂന്നിയ സഹവര്‍ത്തിത്വം ഒരു സെക്യുലര്‍ സിവില്‍ സമൂഹത്തിന്റെ ഉയിര്‍പ്പ് സാധ്യമാക്കിയപ്പോള്‍, ഇന്ത്യക്കാര്‍ തമ്മില്‍ തല്ലിയും പരസ്പരം കൊന്നും രാഷ്ട്രം ശിഥിലീഭവിക്കുമെന്ന അശുഭചിന്ത തത്കാലത്തേക്കെങ്കിലും അകന്നുമാറി. എന്നാല്‍, 2014ല്‍ നരേന്ദ്ര മോദി ഡല്‍ഹി സിംഹാസനത്തില്‍ അവരോധിതമായ ശേഷമുള്ള സംഭവവികാസങ്ങള്‍ രാഷ്ട്രശില്‍പ്പികളുടെ കണക്കുകൂട്ടലുകളും കിനാക്കളും തെറ്റിച്ചു. ഇന്ത്യയെ രണ്ട് നൂറ്റാണ്ടുകാലം അടക്കിഭരിച്ച വെള്ളക്കാര്‍ നല്‍കിയ താക്കീതുകള്‍ യാഥാര്‍ഥ്യമായി പുലരുന്ന ഭീതിജനകമായ അവസ്ഥാവിശേഷത്തിലേക്ക് രാജ്യം വഴുതിവീഴുന്ന കാഴ്ച മനസ്സാക്ഷി മരവിക്കാത്തവരെ ഞെട്ടിക്കുകയാണ്.

കാര്‍മേഘാവൃതമാണ് രാജ്യത്തിന്റെ ചക്രവാളമിന്ന്. സെക്യുലര്‍ സംസ്‌കൃതി കുടഞ്ഞുമാറ്റാനും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുമുള്ള ഭൂരിപക്ഷ സമൂഹത്തിലെ ഒരു വിഭാഗം നടത്തുന്ന മതഭ്രാന്ത് കൂട്ടക്കൊലവിളിയായി ഉയരുമ്പോള്‍ ഇന്ത്യയെന്ന മഹത്തായ ആശയത്തെ നെഞ്ചേറ്റിയവരെല്ലാം ‘എസ് ഒ എസ്’ വിളിക്കേണ്ടിവരുന്ന ഭീതിദമായ ഒരു സ്ഥിതിവിശേഷം. ഡിസംബര്‍ 17-19 തീയതികളില്‍ ഹരിദ്വാറില്‍ മുഴങ്ങിക്കേട്ട ന്യൂനപക്ഷ ഉന്മൂലന ആഹ്വാനവും കൂട്ടക്കുരുതിയെ കുറിച്ചുള്ള വിളംബരവുമൊക്കെ ആര്‍ക്കും കേട്ടില്ലെന്ന് നടിക്കാനാകില്ല. ഒരു ജനാധിപത്യ മതേതര വ്യവസ്ഥയില്‍ ന്യൂനപക്ഷ സമൂഹത്തെ കൂട്ടക്കുരുതി നടത്താന്‍ സൈന്യവും പോലീസും ഭരണകൂട മെഷിനറിയുമൊക്കെ മുന്നോട്ടുവരണമെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ ഒരു കൂട്ടം സന്ന്യാസിമാരും സന്ന്യാസിനിമാരും കാണിച്ച ‘ധൈര്യം’ അത്യാപത്കരമായ മുന്നറിയിപ്പുകളാണ് നല്‍കുന്നത്. മതേതരത്വത്തിന്റെ മരണമണിയാണ് ഹരിദ്വാറില്‍ അരങ്ങേറിയ ‘മതപാര്‍ലിമെന്റില്‍’ (ധര്‍മ സന്‍സദ്) നിന്ന് പുറത്തേക്ക് ഒഴുകിയത്. ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ ഒത്താശയില്‍, ഭരണകൂടത്തിന്റെ കൃപാശിസ്സുകളോടെ സംഘടിപ്പിക്കപ്പെട്ട സംഗമത്തിന്റെ പ്രമേയം പോലും അതിവിചിത്രവും അത്യന്തം വിഷലിപ്തവുമാണ്. ‘ഇസ്ലാമിക് ഭാരത് മെ സനാതര്‍ കാ ഭവിഷ്യയ്: സമസ്യ വ സമാധാന്‍’ (ഇസ്ലാമിക ഇന്ത്യയില്‍ സനാതന ധര്‍മത്തിന്റെ ഭാവി: പ്രശ്നവും പരിഹാരവും). സനാതന ധര്‍മം ഇസ്ലാമിക സമൂഹത്തില്‍നിന്ന് വെല്ലുവിളി നേരിടുകയാണെന്ന സാങ്കല്‍പ്പിക സിദ്ധാന്തം ചുട്ടെടുത്ത കാവിവേഷധാരികള്‍ അതിനുള്ള പരിഹാരമായി നിര്‍ദേശിക്കുന്നതാകട്ടെ 20 കോടി വരുന്ന മുസ്ലിംകളുടെ വംശവിച്ഛേദനമാണ്. കൊന്ന് തീര്‍ക്കുക! എത്ര ലാഘവത്തോടെയാണ് അരുംകൊലയുടെ രാഷ്ട്രീയം മോദിയുടെയും യോഗിയുടെയും അടുത്ത ആളുകള്‍ അവിടെ അവതരിപ്പിച്ചത്? തീവ്രവര്‍ഗീയ കൂട്ടായ്മയായ ഉത്തരാഖണ്ഡിലെ ഹിന്ദുരക്ഷാ സേനയുടെ തലവന്‍ സ്വാമി പ്രബോധാനന്ദ ഗിരി എത്ര കൃത്യതയോടെയാണ് ആര്‍ എസ് എസ് മുന്നോട്ടുവെക്കുന്ന ന്യൂനപക്ഷ ഉന്മൂലന സിദ്ധാന്തം അവതരിപ്പിച്ചത്! ‘മുസ്ലിം കൂട്ടക്കുരുതിക്ക് നാം തയ്യാറെടുപ്പുകള്‍ നടത്തേണ്ടതായുണ്ട്. അതിനു വേണ്ട ഒരുക്കങ്ങള്‍ എന്താണെന്ന് ഞാന്‍ പറഞ്ഞുതരാം. നിങ്ങളത് പിന്തുടരുക; അങ്ങനെയെങ്കില്‍ വിജയപാത നിങ്ങള്‍ക്കുള്ളതാണ്. മ്യാന്മറില്‍ ഹിന്ദുക്കളെ ആട്ടിയോടിച്ചു. രാഷ്ട്രീയക്കാരും സര്‍ക്കാറും പോലീസും എല്ലാം നോക്കിനിന്നു. കഴുത്തറുത്ത് അവരെ കൊല്ലാന്‍ തുടങ്ങി. തന്നെയുമല്ല, തെരുവുകളില്‍ തുണ്ടം തുണ്ടമാക്കി തിന്നാനും തുടങ്ങി. കണ്ടുനിന്നവര്‍ വിചാരിച്ചു നമ്മളും കൊല്ലപ്പെടാന്‍ പോകുകയാണെന്ന്; നമ്മള്‍ക്ക് ഇനി ജീവിക്കാന്‍ പറ്റില്ലെന്ന്. ഇപ്പോഴിത് നമ്മുടെ രാജ്യമാണ്. ഡല്‍ഹി അതിര്‍ത്തിയില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കണ്ടില്ലേ? ഹിന്ദുക്കളെ കൊന്ന് കെട്ടിത്തൂക്കി. ഇനി സമയമില്ല. ഒന്നുകില്‍ കൊല്ലപ്പെടാന്‍ നിങ്ങള്‍ തയ്യാറായി നില്‍ക്കുക. അല്ലെങ്കില്‍ കൊല്ലാന്‍ ഒരുങ്ങുക. മറ്റൊരു പോംവഴിയില്ല. അതുകൊണ്ട് മ്യാന്മറിലെ പോലെ ഇവിടുത്തെ പോലീസും രാഷ്ട്രീയക്കാരും പട്ടാളവും ഓരോ ഹിന്ദുവും ആയുധമെടുത്ത് ശുദ്ധീകരണ യത്നം പൂര്‍ത്തിയാക്കണം.’ 200 സൈനികരെ നമുക്ക് കിട്ടിയാല്‍ 20 ലക്ഷം മുസ്ലിംകളുടെ കഥ കഴിക്കാമെന്ന് പച്ചക്ക് കൊലവിളി നടത്തുന്നത് ഇതാദ്യമാകാം. എന്നിട്ടും മതേതരത്വം തൊട്ട് നാഴികക്ക് നാല്‍പ്പതുവട്ടം ആണയിടുന്ന സെക്യുലര്‍ നേതൃത്വം ഒന്നും സംഭവിക്കാത്ത മട്ടില്‍ മതപുരോഹിതന്മാര്‍ പറയേണ്ടത് തന്നെയാണ് പറഞ്ഞത് എന്ന ഭാവഹാവാദികളോടെ നിര്‍ന്നിമേഷരായി നോക്കിനില്‍ക്കുകയാണ്.

പ്രതികരണശേഷി നഷ്ടപ്പെട്ടവര്‍
പക്ഷേ, രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ആകുലതകള്‍ പങ്കുവെക്കുന്ന ചിലരെങ്കിലും ഈ ആക്രോശങ്ങള്‍ക്കെതിരെ രംഗത്തു വന്നുവെന്നത് മാത്രമാണ് ആശ്വാസകരമായ വശം. മുന്‍ സൈനിക മേധാവികളും ബുദ്ധിജീവികളും പണ്ഡിതന്മാരും അടങ്ങുന്ന 200 പേരടങ്ങുന്ന സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച കത്തിന്റെ ഉള്ളടക്കം രാജ്യത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള കുഞ്ചിക സ്ഥാനത്തിരിക്കുന്നവര്‍ക്കും കത്തിന്റെ കോപ്പി അയച്ചുകൊടുത്തിട്ടുണ്ട്. ‘ധര്‍മ സന്‍സദ് എന്ന പേരില്‍ ഹരിദ്വാറില്‍ ഡിസംബര്‍ 17 മുതല്‍ 19 വരെ നടന്ന ഹിന്ദു സന്യാസിമാരുടെയും മറ്റു നേതാക്കളുടെയും മതസമ്മേളനത്തിലെ പ്രസംഗങ്ങളുടെ ഉള്ളടക്കം ഞങ്ങളെ വല്ലാതെ ആകുലപ്പെടുത്തുന്നു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് തുടരെത്തുടരെ ആഹ്വാനം നടത്തുന്ന സമ്മേളനത്തില്‍ ആവശ്യമെങ്കില്‍ ആയുധമെടുത്ത് രാജ്യത്തെ മുസ്ലിംകളെ കൊന്നൊടുക്കി ഹിന്ദുമതത്തെ സംരക്ഷിക്കണമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരുകൂട്ടമാളുകള്‍ ഡല്‍ഹിയില്‍ സംഗമിച്ച് വേണ്ടിവന്നാല്‍ പോരാടിയും കൊന്നൊടുക്കിയും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുമെന്ന് പ്രതിജ്ഞയെടുത്തതും ഗൗരവതരമായ വിഷയമാണ്’ എന്ന് കത്തില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. മുസ്ലിംവിരുദ്ധ ആക്രോശങ്ങള്‍ ഹരിദ്വാറിലെയും റായ്പൂരിലെയും സന്ന്യാസി മേളയില്‍ നിന്ന് മാത്രമല്ല കേട്ടത്. ഡല്‍ഹിയില്‍ ഡിസംബര്‍ 19ന് ഹിന്ദു യുവവാഹിനി സംഘടിപ്പിച്ച സമ്മേളനത്തില്‍ ബി ജെ പി നേതാക്കളും അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരും മറ്റു ഹിന്ദുത്വവാദികളും പ്രതിജ്ഞയെടുത്തുവെന്ന് മാത്രമല്ല അതിന്റെ ലൈവ് വീഡിയോ ലോകത്താകമാനം പ്രചരിപ്പിച്ചു. സുദര്‍ശന്‍ ടി വിയുടെ ചീഫ് എഡിറ്റര്‍ സുരേഷ് ചവ്ഹാങ്കെയാണ് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ കൊല്ലാനും കൊല്ലപ്പെടാനും ഒരുക്കമാണെന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ഈ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാന്‍ പോരാടാനും ആവശ്യമെങ്കില്‍ കൊല്ലപ്പെടാനും കൊല്ലാനും ഞങ്ങള്‍ തീരുമാനിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തിരിക്കുന്നുവെന്ന് സുരേഷ് അഭിമാനപൂര്‍വം ട്വീറ്റ് ചെയ്തു. യു പി സഹമന്ത്രി രാജേശ്വര്‍ സിംഗ് ഈ കൊലവെറി സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. യോഗി ആദിത്യനാഥ് പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലക്കും അക്രമങ്ങള്‍ക്കും ഉപയോഗിക്കുന്ന ഗുണ്ടാസംഘമാണ് ഹിന്ദു യുവവാഹിനി. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി പാര്‍ലിമെന്റില്‍ വാദിച്ചുവെന്നതിന്റെ പേരില്‍, ധരംദാസ് എന്ന സന്ന്യാസി ആഹ്വാനം ചെയ്തത്, നാഥുറാം ഗോഡ്സെ മഹാത്മജിയെ വെടിവെച്ചിട്ടത് മാതൃകയാക്കി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ കഥ കഴിക്കണമെന്നാണ്. ഇതൊന്നും കേട്ടിട്ടും ഒരു കോണ്‍ഗ്രസ്സുകാരന്റെയും രക്തം തിളക്കുന്നില്ല എന്നത് ഇന്ത്യാ മഹാരാജ്യത്തിന്റെ മറ്റൊരു ദുരന്തം.

ഇതിനു മുമ്പ് വംശവിച്ഛേദനത്തിന്റെ ആഹ്വാനങ്ങള്‍ മനുഷ്യരാശി കേട്ടത് നാസി ജര്‍മനിയില്‍ നിന്നാണ്. അന്ന് ലോകം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കിലും ജൂതന്മാര്‍ക്ക് വേണ്ടി വാദിക്കാന്‍ അമേരിക്ക ഉണ്ടായിരുന്നു. ഫാസിസത്തിനും സയണിസത്തിനും എതിരെ ലോകം ജാഗ്രവത്തായിരുന്നു. ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. ഭരണഘടനാ നിര്‍മാണവേളയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം ന്യൂനപക്ഷങ്ങളുടെ സുരക്ഷയും സ്വാസ്ഥ്യവുമായിരുന്നു. വിഭജനത്തിന്റെ പ്രക്ഷുബ്ധതക്കിടയിലും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ലിയാഖത്തലി ഖാനുമായി നെഹ്റു കരാറിലേര്‍പ്പെട്ടത് അതിര്‍ത്തിക്കിരുവശത്തുമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നീതിയും സമാധാനവും ലഭിക്കണമെന്ന സദുദ്ദേശ്യത്തോടെയായിരുന്നു. നിര്‍ഭാഗ്യകരമെന്നേ പറയേണ്ടൂ, ഇന്ന് മുസ്ലിംകളും ക്രിസ്ത്യാനികളും ഒരുപോലെ ആക്രമിക്കപ്പെടുകയും കൊലക്കത്തിക്ക് ഇരയാക്കപ്പെടുകയും ചെയ്യുമ്പോഴും മതേതര മനഃസാക്ഷി ഗാഢനിദ്രയിലാണ്. ഇക്കൊല്ലത്തെ ക്രിസ്മസ് വേളയില്‍ ചര്‍ച്ചുകള്‍ക്കും യേശുവിന്റെ പ്രതിമക്കും പാതിരിമാര്‍ക്കും നേരേ രാജ്യത്തുടനീളം അക്രമങ്ങളുണ്ടായി. ആര്‍ എസ് എസ് തങ്ങളുടെ അഭ്യുദയകാംക്ഷികളാണ് എന്ന് തെറ്റിദ്ധരിച്ച ഉപരിവര്‍ഗ ക്രൈസ്തവ നേതൃത്വത്തിനുള്ള മുന്നറിയിപ്പ് കൂടിയാണീ അതിക്രമങ്ങള്‍. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതംമാറ്റ നിരോധിത നിയമങ്ങള്‍ പാസ്സാക്കാന്‍ കാട്ടുന്ന ധൃതി ക്രൈസ്തവ മിഷണറിമാരെ ലക്ഷ്യമിട്ടാണ്. 1950 തൊട്ട് ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റീസിന് വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി പുതുക്കി നല്‍കാന്‍ വിസമ്മതിച്ച മോദി സര്‍ക്കാറിന്റെ നടപടി എന്തുമാത്രം അസഹിഷ്ണുതാപരമാണ്. 2024ലെ പൊതു തിരഞ്ഞെടുപ്പോടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുമെന്ന പ്രഖ്യാപനത്തിലൂടെ, ആര്‍ എസ് എസിന്റെ ജന്മശതാബ്ദിയില്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുമെന്നാണ് തീവ്ര വലതുപക്ഷം സ്വപ്നം കാണുന്നത്. ആയുധമെടുക്കാനുള്ള സന്ന്യാസിമാരുടെ ആഹ്വാനം പുതുമയുള്ളതല്ല. കായിക മുഷ്‌ക്കും ഹിംസാത്മക മുന്നേറ്റവും കൊണ്ടേ ഹിന്ദുവിന് നഷ്ടപ്പെട്ട യശസ്സ് തിരിച്ചുപിടിക്കാനാകൂവെന്ന് അവരെ പഠിപ്പിച്ചത് വി ഡി സവര്‍ക്കറും എം എസ് ഗോള്‍വാള്‍ക്കറുമാണ്. ഗാന്ധിജിയെ വധിക്കുന്നതിന് നാഥുറാം ഗോഡ്സെ പറഞ്ഞ പ്രധാന കാരണം, മഹാത്മജി പഠിപ്പിച്ച അഹിംസ ഹൈന്ദവരുടെ പൗരുഷവും യുദ്ധശൗര്യവും നശിപ്പിച്ചു കളഞ്ഞുവെന്നതാണ്.

എങ്ങനെ ചെറുത്തുതോല്‍പ്പിക്കും?
ഹരിദ്വാറിലെ കൊലവിളി കേട്ട് ലോകം ഞെട്ടിയുണര്‍ന്നിട്ടും ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളോ ബുദ്ധിജീവി വിഭാഗമോ മാധ്യമങ്ങളോ വിഷയത്തെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ എടുത്തിട്ടില്ല. ഏതാനും പേര്‍ക്കെതിരെ കേസെടുത്തുവെന്ന് പറയുന്നതല്ലാതെ രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതുവരെ ഒരാളെയും ബി ജെ പി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിട്ടില്ല. തങ്ങള്‍ നടത്തിയ അങ്ങേയറ്റം പ്രകോപനപരമായ പ്രസംഗങ്ങളില്‍ അശേഷം ഖേദമില്ല എന്നാണ് മാധ്യമങ്ങളിലൂടെ ഇവരെല്ലാം ആവര്‍ത്തിക്കുന്നത്. അവര്‍ക്കറിയാം അവരുടെ രോമത്തില്‍ സ്പര്‍ശിക്കാന്‍ ഹിന്ദുത്വ സര്‍ക്കാര്‍ തയ്യാറാകില്ലെന്ന്. എല്ലാവരും സംഘ്പരിവാറിന്റെ സഹകാരികളാണ്. 20 ലക്ഷം മുസ്ലിംകളെ കൊല്ലാന്‍ ആഹ്വാനം ചെയ്ത അന്നപൂര്‍ണ മാ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്ന ഏഴ് അഖാരികളിലൊന്നിന്റെ തലവിയാണ്. 2029ല്‍ ഒരു മുസ്ലിം പ്രധാനമന്ത്രി സ്ഥാനമേറ്റെടുക്കുന്ന സ്ഥിതിവിശേഷം ഇല്ലാതാക്കാന്‍ ജീവന്‍ ബലി കഴിക്കാന്‍ താന്‍ സന്നദ്ധയാണെന്നാണ് അവര്‍ പറഞ്ഞുവെച്ചത്. എന്‍ ഡി ടി വി ചാനലുമായുള്ള അഭിമുഖത്തില്‍ കൂട്ടക്കൊലക്കു വേണ്ടിയുള്ള ആഹ്വാനം ആവര്‍ത്തിച്ചുവെന്ന് മാത്രമല്ല, രാജ്യത്തിന്റെ ഭരണഘടന തെറ്റാണെന്നും ഇതിന്റെ പേരില്‍ പോലീസിനെ തനിക്കു ഭയമില്ലെന്നും ഉറക്കെ വിളിച്ചുപറഞ്ഞു.

ഭരണഘടന പിച്ചിച്ചീന്തപ്പെടുകയും നിയമവാഴ്ച തകരുകയും ചെയ്താല്‍ ഇന്ത്യ എന്ന ആധുനിക ജനാധിപത്യ രാജ്യത്തിന്റെ ശവമടക്കത്തിന് ഒരുക്കങ്ങള്‍ നടത്തേണ്ടിവരും. ഏതോ യുഗത്തില്‍ ജീവിക്കേണ്ട, പ്രാകൃതരാണ് തങ്ങളെന്ന് സ്വയം സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന ജനവിഭാഗത്തിനു മുന്നില്‍ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ എന്തുണ്ട് വഴി എന്ന പരിചിന്തനങ്ങള്‍ കാട് കയറുക എളുപ്പമാണ്. കൊലവിളിയെ കൊലവിളി കൊണ്ട് നേരിടണമെന്ന് വാദിക്കുന്നവരുണ്ടാകാം. ബുദ്ധിശൂന്യതയും അവിവേകവുമാണത്. ഇത് ഒരു മുസ്ലിം പ്രശ്നമായോ ന്യൂനപക്ഷ പ്രതിസന്ധിയായോ ചുരുക്കിക്കെട്ടുന്നതിലെ അബദ്ധം തിരിച്ചറിയപ്പെടാതെ പോകരുത്. വംശീയ ഉന്മൂലനത്തിനായുള്ള മുറവിളി ഈ രാജ്യത്തോടും മാനവരാശിയോടുമുള്ള വെല്ലുവിളിയാണ്. അതിനെ നേരിടേണ്ടത് രാജ്യം ഒറ്റക്കെട്ടായാണ്. മുസ്ലിംകള്‍ മാത്രം വിഷയവുമായി തെരുവിലിറങ്ങിയാല്‍ അതോടെ ഹിന്ദുത്വവാദികള്‍ വിജയിക്കും. അതുകൊണ്ട് മതേതര സമൂഹത്തെ മുന്നില്‍ നിറുത്തിയുള്ള ജനാധിപത്യ -നിയമ പോരാട്ടത്തിന്നാകണം ന്യൂനപക്ഷങ്ങള്‍ ആലോചിക്കേണ്ടത്. നിലനില്‍പ്പിന് മേല്‍ ഇക്കാണുംവിധം പ്രത്യക്ഷ വെല്ലുവിളികള്‍ ഉയരുന്ന ഈ ഘനാന്ധകാരത്തില്‍ വഖ്ഫ് ബോര്‍ഡിലെ ഏതാനും നിയമനത്തിനെതിരെ, അല്ലെങ്കില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ ഊര്‍ജവും സമയവും പാഴാക്കുന്നതിലെ അര്‍ഥശൂന്യത മനസ്സിലാക്കാനെങ്കിലും കേരളീയ മുസ്ലിംകള്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

 

---- facebook comment plugin here -----

Latest