Connect with us

National

അടുത്ത രാഷ്ട്രപതി ആര്? അണിയറ ചര്‍ച്ചകള്‍ സജീവം; യെദിയൂരപ്പ വരെ സാധ്യതാ പട്ടികയില്‍

ജൂലൈ പകുതിയോടെയാകും രാഷ്ട്രപതി തിരഞ്ഞെടുപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി | അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കപ്പെട്ടതിന് പിന്നാലെ രാജ്യം രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക്. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കുന്നതോടെയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ജൂലൈ പകുതിയോടെയാകും തിരഞ്ഞെടുപ്പ്.

പുതിയ രാഷ്ട്രപതി ആരാകുമെന്നത് സംബന്ധിച്ച ഊഹാപോഹങ്ങള്‍ അണിയറയില്‍ സജീവമായിക്കഴിഞ്ഞു. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ പേരിന് തന്നെയാണ് മുന്‍ഗണന. ഉപരാഷ്ട്രപതി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ബിജെപി തൃപ്തരാണ്. ആന്ധാപ്രദേശ് സ്വദേശിയായ വെങ്കയ്യ നായിഡു ഒബിസി വിഭാഗക്കാരനാണ് എന്നതും ശ്രദ്ധേയമാണ്. അതേസമയം, വിരമിച്ച് ദക്ഷിണേന്ത്യയില്‍ സാമൂഹിക പ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദിയൂരപ്പയുടെതാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരു പേര്. ബി ജെ പി ഇത്തവണ കര്‍ണാടകയില്‍ അല്‍പ്പം ദുര്‍ബലമായ നിലയിലാണ്. അത് മറികടക്കാന്‍ യെദിയൂരപ്പയെ രാഷ്ട്രപതിയാക്കുന്നതിലൂടെ ബിജെപിക്ക് സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തെലങ്കാന ഗവര്‍ണര്‍ ഡോ. തമിഴിസൈ സുന്ദരരാജന്റെ പേരും പലരും നിര്‍ദ്ദേശിക്കുന്നുണ്ട്. തമിഴ്‌നാട് സ്വദേശിയാണ് അദ്ദേഹം.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതില്‍ ഇത്തവണയും ആര്‍ എസ് എസ് സമ്മര്‍ദമുണ്ട്. ആര്‍എസ്എസുമായി ബന്ധമുള്ള ഒരാളെ രാഷ്ട്രപതിയാക്കണമെന്ന നിര്‍ദേശം അര്‍ പ്രധാനമന്ത്രിക്ക് നല്‍കിക്കഴിഞ്ഞു എന്നാണ് സൂചന.

ലോക്സഭയിലെ തിരഞ്ഞെടുക്കപ്പെട്ട 543 അംഗങ്ങള്‍, രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങള്‍ (നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയില്ല), ഡല്‍ഹി, പുതുച്ചേരി എന്നിവയുള്‍പ്പെടെ സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ (4120) എന്നിവരാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടത്. ഒരു എംപിയുടെ വോട്ടിന്റെ മൂല്യം 708 ആണെങ്കില്‍ ഒരു എംഎല്‍എയുടെ വോട്ടിന്റെ മൂല്യം ആ സംസ്ഥാനത്തെ ജനസംഖ്യയെ ആശ്രയിച്ചിരിക്കുന്നു. 1971 ലെ സെന്‍സസും സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണവും അനുസരിച്ചാണ് ഇത് കണക്കാക്കുന്നത്.

ഉത്തര്‍പ്രദേശിലാണ് ഇത് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. 208 ആണ് ഉത്തര്‍പ്രദേശിലെ ഒരു എംഎല്‍എയുടെ വോട്ടിന്റെ മൂല്യം. ഏറ്റവും കുറവ് സിക്കിമിനും (7). ഇലക്ടറല്‍ കോളേജിലെ മൊത്തം വോട്ടിന്റെ മൂല്യം 10,98,903 വരും. ഒരു സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പോള്‍ ചെയ്ത മുന്‍ഗണനാ വോട്ടുകളില്‍ 50% സാധുവായ വോട്ടുകള്‍ ആവശ്യമാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്ക് അവരുടെ എംപിമാര്‍ക്കോ എംഎല്‍എമാര്‍ക്കോ വിപ്പ് നല്‍കാന്‍ കഴിയില്ല.

രാഷ്ട്രപതി തിരഞ്ഞെടുപ്പ് പലപ്പോഴും ഭരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായി തന്നെയാണ് വരാറുള്ളത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഭരണകക്ഷി സ്ഥാനാര്‍ത്ഥി ഒരിക്കല്‍ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ. 1969 -ല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി നീലം സഞ്ജീവ റെഡ്ഡി, ഇന്ദിരാഗാന്ധിയുടെ പിന്തുണയോടെ മത്സരിച്ച വിവി ഗിരിയോട് പരാജയപ്പെട്ടിരുന്നു.

അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലെണ്ണത്തിലും വിജയിച്ച ബിജെപിക്ക് മുന്നില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയാകില്ല.

 

Latest