Connect with us

From the print

കേരളം ആര്‍ക്കൊപ്പം; ഇനി കാത്തിരിപ്പ്

മേയ് നാലിന് വിധിയറിയാം. നെഞ്ചിടിപ്പോടെ മുന്നണികള്‍.

Published

|

Last Updated

കൊച്ചി | വീറും വാശിയും നിറഞ്ഞ പോരാട്ടം കഴിഞ്ഞു. ഇനി വിധിയറിയാന്‍ നെഞ്ചിടിപ്പോടെ കാത്തിരിപ്പ്. അടുത്ത മാസം നാലിനാണ് ജനവിധിയറിയുക. മണ്ഡലങ്ങളുടെ സൂക്ഷ്മ വിലയിരുത്തലിലേക്ക് പാര്‍ട്ടികള്‍ ഇന്ന് കടക്കും. തുടര്‍ഭരണത്തിനായി ജനപിന്തുണ തേടിയ എല്‍ ഡി എഫും ഭരണമാറ്റത്തിനായി വോട്ടഭ്യര്‍ഥിച്ച യു ഡി എഫും ഒരുപോലെ വിജയപ്രതീക്ഷയിലാണ്. വോട്ട് വിഹിതമുയര്‍ത്തുമെന്ന് കണക്കുകൂട്ടുന്ന ബി ജെ പിയാകട്ടെ ചില മണ്ഡലങ്ങളിലെങ്കിലും അട്ടിമറി വിജയവും പ്രതീക്ഷിക്കുന്നു.

പോളിംഗ് ശതമാനത്തിന്റെ ആത്മവിശ്വാസത്തില്‍ താഴേത്തലം മുതല്‍ ആറ്റിക്കുറുക്കി കണക്കുകള്‍ മുകള്‍ ഘടകങ്ങളിലേക്ക് എത്തിച്ച ശേഷമുള്ള വിലയിരുത്തലുകളാണ് വരും ദിവസങ്ങളില്‍ നടക്കുക. 2021ലെ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ കൂടുതല്‍ പേര്‍ ഇക്കുറി സമ്മതിദാനാവകാശം വിനിയോഗിച്ചത് ഗുണം ചെയ്യുമെന്ന് എല്‍ ഡി എഫും യു ഡി എഫും ഒരുപോലെ അവകാശപ്പെടുന്നുണ്ട്. മികച്ച പോളിംഗ് ശതമാനം ഭരണത്തുടര്‍ച്ചക്കുള്ള സൂചനയാണന്നാണ് ഇടതു ക്യാമ്പിന്റെ വിലയിരുത്തല്‍. ആകെയുള്ള 140 സീറ്റില്‍ 90 സീറ്റുകളെങ്കിലും ലഭിക്കുമെന്ന് അവകാശപ്പെടുന്നു.

നൂറിലേറെ സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയാണ് യു ഡി എഫ് നേതൃത്വം പങ്കിടുന്നത്. മുന്നണികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളില്‍ ഇന്നലെ രാത്രി വൈകിയും അവലോകന യോഗങ്ങള്‍ നടന്നു.

ഉയര്‍ന്ന വോട്ടിംഗ് എല്‍ ഡി എഫിന് അനുകൂലമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. പോളിംഗ് ഉയര്‍ന്നതോടെ 100 സീറ്റ് എന്ന അവകാശവാദം വീണ്ടും ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍. അതേസമയം ഇന്നലെ വോട്ടെടുപ്പ് ദിവസവും വോട്ടര്‍മാരെ കൃത്യമായി ബൂത്തിലെത്തിക്കാന്‍ മുന്നണികളും പാര്‍ട്ടികളും പ്രത്യേകം ശ്രദ്ധിച്ചു.
വിട്ടുപോയവരെ കാണാനും നേരത്തേ കണ്ടവരെ ഒരിക്കല്‍ കൂടി കണ്ട് വോട്ടുറപ്പിക്കാനുമുള്ള ശ്രമം അവസാന നിമിഷത്തിലും പാഴാക്കിയില്ല.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest