Connect with us

articles

ഇന്ത്യൻ പീനൽ കോഡ് ശിക്ഷാ നിയമം പരിഷ്‌കരിക്കുമ്പോൾ

ക്രിമിനൽവത്കരണം രാജ്യത്ത് സർവമേഖലയിലും വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു ക്രിമനലുകളെ നേരിടാൻ രാജ്യത്തെ നിലവിലുള്ള മുഖ്യ ആയുധങ്ങൾ ഐ പി സിയും സി ആർ പി സിയും എവിഡൻസ് ആക്ടും തന്നെയാണ്. അതുകൊണ്ടുതന്നെ ഈ നിയമത്തിലെ പോരായ്മകൾ നീക്കി അതിനെ ശക്തിപ്പെടുത്താനും മൗലികമായ മാറ്റങ്ങൾ ഈ ക്രിമിനൽ നിയമങ്ങളിൽ വരുത്താനും സർക്കാർ തയ്യാറാകുന്നത് സ്വാഗതാർഹമാണ്.

Published

|

Last Updated

ഒന്നര നൂറ്റാണ്ടിൽ കൂടുതൽ പഴക്കമുള്ളതും ബ്രിട്ടീഷ് ഭരണകാലത്ത് നിലവിൽ വന്നതുമായ ഇന്ത്യൻ പീനൽ കോഡിലും ബന്ധപ്പെട്ട നിയമങ്ങളിലും ആവശ്യമായ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കൊളോണിയൽ ഭരണകാലത്ത് പാസ്സാക്കിയെടുത്ത ക്രിമിനൽ നിയമത്തിൽ പരിഷ്‌കാരങ്ങളും വലിയ ഭേദഗതികളും ആവശ്യമുണ്ടെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. എന്നാൽ ഈ നിയമ പരിഷ്‌കാരങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് പ്രയോജനപ്രദമായ ഒന്നായിരിക്കണമെന്ന കാര്യത്തിലുമില്ല സംശയം. ഇന്ത്യൻ പീനൽ കോഡ് (ഐ പി സി), ക്രിമിനൽ പ്രൊസീജിയർ കോഡ് (സി ആർ പി സി), എവിഡെൻസ് ആക്ട് തുടങ്ങിയ നിയമങ്ങൾ ഇന്ത്യൻ വീക്ഷണ കോണിൽ പുനർനിർമിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറയുന്നത്. കേന്ദ്ര സർക്കാർ ഇതിനായി വിവിധ മേഖലകളിലുള്ളവരുമായി കൂടിയാലോചനകൾ നടത്തി വരികയാണ്.

ശിക്ഷാ നിരക്ക് വികസിത രാജ്യങ്ങളെക്കാൾ ഉയർത്താനും നീതിന്യായ വ്യവസ്ഥയുമായി ഫോറൻസിക് സയൻസിൽ അധിഷ്ഠിതമായ അന്വേഷണം ബന്ധിപ്പിക്കാനും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു. രാജ്യത്തെ എല്ലാ ജില്ലകളിലും ഫോറൻസിക് മൊബൈൽ ഇൻവെസ്റ്റിഗേഷൻ സൗകര്യമൊരുക്കും. ഇത് നടപ്പാക്കുമ്പോൾ രാജ്യത്ത് എത്രമാത്രം ഫോറൻസിക് സയൻസ് ബിരുധധാരികളെ ആവശ്യമായി വരുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും അമിത് ഷാ പറയുന്നു.

രാജ്യത്തെ ജനങ്ങൾ വല്ലാതെ മാറിയെന്നത് ശരിയാണ്. ഈ രാജ്യത്തിനകത്തെ ക്രിമിനൽവത്കരണവും കുറ്റവാളികളുടെ എണ്ണവും ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. കൊടും കുറ്റവാളികൾ മുതൽ സാധാരണ കുറ്റവാളികൾ വരെ ഇവിടെ ആരേയും ഭയക്കാതെ അനുസ്യൂതം വിലസുകയാണ്. ഈ കൊടും കുറ്റവാളികളിൽ ബഹുഭൂരിപക്ഷവും ക്രിമിനൽ നടപടികളുടെ ദൗർബല്യത്തിൽ രക്ഷപ്പെടുന്ന സ്ഥിതിയാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെ ക്രിമിനലുകളെ വിചാരണ ചെയ്ത് ശിക്ഷിക്കാനുള്ള ഇന്ത്യൻ പീനൽ കോഡിൽ കാലാനുസൃതമായ മാറ്റം അനിവാര്യമായിരിക്കുകയാണ്.

ഇന്ത്യയിലെ ക്രിമിനൽ നിയമങ്ങളുടെ ക്രോഡീകരണം നടന്നത് 1860ൽ ആയിരുന്നു. ഇന്ത്യക്ക് ബാധകമായ മുഴുവൻ ക്രിമിനൽ നിയമങ്ങളെയും ഉൾക്കൊള്ളിച്ച് നിർമിച്ച ഇന്ത്യൻ ശിക്ഷാ നിയമ സംഹിതയിലൂടെയാണ് ഇത് സാധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം നടപ്പിൽ വരുന്നതിന് മുമ്പ് പ്രസിഡൻസി നഗരങ്ങളിൽ ഇംഗ്ലീഷ് ക്രിമിനൽ നിയമങ്ങളാണ് നടപ്പിലുണ്ടായിരുന്നത്. ഈ സാഹചര്യത്തിലായിരുന്നു ഇന്ത്യക്ക് മുഴുവൻ ബാധകമായ ഒരു പൊതു ക്രിമിനൽ നിയമം നിർമിക്കാനുള്ള നടപടികളാരംഭിച്ചത്. അതിന്റെ പ്രാരംഭമായി ഇന്ത്യയുടെ ഒന്നാമത്തെ നിയമ കമ്മീഷൻ രൂപവത്കരിക്കപ്പെട്ടു. മെക്കാളോ പ്രഭു ആയിരുന്നു അധ്യക്ഷൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ട ഇന്ത്യൻ ശിക്ഷാനിയമ സംഹിതയുടെ കരട് 1837 ൽ ഗവർണർ ജനറലിനും കൗൺസിലിനും സമർപ്പിക്കപ്പെട്ടു. എന്നാൽ 1860ൽ മാത്രമാണ് അത് പാസ്സാക്കിയതും നടപ്പാക്കിയതും.

ക്രിമിനൽ കുറ്റങ്ങളുടെ മിക്കവാറും എല്ലാ മേഖലകളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇന്ത്യൻ ശിക്ഷാ നിയമങ്ങളുടെ ഓരോ വകുപ്പും ഗൗരവമായി തന്നെയാണ് അന്ന് എഴുതി തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ ഏതാണ്ട് ഒന്നേമുക്കാൽ ദശാബ്ദത്തിനു മുമ്പ് തയ്യാറാക്കിയ ഈ ക്രിമിനൽ നിയമത്തിൽ മൗലിക മാറ്റങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ വരുത്തിയേ മതിയാവൂ. ബ്രിട്ടീഷ് കോളനി ഭരണകാലഘട്ടത്തിൽ രൂപംകൊടുത്ത ഈ നിയമങ്ങളിൽ പലതും കാലഹരണപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. പുതിയ സാഹചര്യങ്ങൾക്കനുസൃതമായി മൗലികമാറ്റങ്ങളും വലിയ ഭേദഗതികളും ഈ ക്രിമിനൽ നിയമത്തിൽ വരുത്തിയേ മതിയാവൂ. 511 വകുപ്പുകളാണ് ഇന്ത്യൻ ശിക്ഷാനിയമത്തിൽ അതിന്റെ തുടക്കത്തിലുണ്ടായിരുന്നത്. ചില വകുപ്പുകൾക്ക് ഉപവകുപ്പുകൾ പലപ്പോഴായി കൂട്ടിച്ചേർത്തിട്ടുണ്ട്. ഒട്ടാകെ 359 കുറ്റങ്ങളും അവയ്ക്കുള്ള ശിക്ഷകളുമാണ് ഇതിലുള്ളത്. അന്നത്തെ സാഹചര്യത്തിൽ ഏതാണ്ടത് പൂർണമായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല. പൊതു സ്ഥലങ്ങളിൽ നടക്കുന്ന അടിപിടി മുതൽ കൊലപാതകവും ഗവൺമെന്റിനെതിരായ കലാപവും ഉൾപ്പെടെ ചെറുതും വലുതുമായ ഡസൻകണക്കിന് കുറ്റങ്ങളാണ് ഈ നിയമസംഹിതയിൽ ചേർത്തിരിക്കുന്നത്. ഈ നിയമസംഹിതയുടെ രചന പൂർത്തീകരിച്ച ശേഷം മെക്കാളോ പ്രഭു പറഞ്ഞത് ഇപ്രകാരമാണ്. ‘ഈ നിയമം എഴുതി തയ്യാറാക്കുമ്പോൾ ശ്രദ്ധയിൽപ്പെടാതെ പോയ ഹീനമായ കുറ്റവും നന്ദികേടും ഒഴികെയുള്ള മറ്റെല്ലാ കുറ്റവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു’.

ഇന്ത്യൻ പീനൽകോഡ് നിലവിൽ വന്നതിനുശേഷമാണ് തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച കുറ്റങ്ങൾ പരിഗണിക്കപ്പെട്ടത്. ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കൽ, ജല, വായു മലിനീകരണം തുടങ്ങിയവയെ സംബന്ധിച്ച പ്രത്യേക നിയമങ്ങൾ പിന്നീട് പാസ്സാക്കപ്പെട്ടു. മിക്കവാറും എല്ലാ മേഖലകളിലും ഇന്ത്യയിലിന്നും പ്രാബല്യത്തിലുള്ള നിയമം ഇന്ത്യൻ ശിക്ഷാനിയമത്തിൽ തന്നെയാണുള്ളത്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് ചെയ്യാവുന്ന കുറ്റങ്ങളിൽ ഇന്ന് ഏറ്റവും ഗുരുതരമായി പരിഗണിക്കപ്പെടുന്നത് കൊലപാതകമാണ്. ഇന്ത്യൻ ശിക്ഷാനിയമ സംഹിതയിൽ നിർദേശിക്കപ്പെട്ടിട്ടുള്ള ശിക്ഷകളിൽ ഏറ്റവും കഠിനമായ മരണശിക്ഷ ഈ കുറ്റത്തിന് നൽകാവുന്നതാണ്. തൂക്കിക്കൊല്ലലാണ് ഈ ശിക്ഷ നടപ്പാക്കാൻ നിലവിലുള്ള സമ്പ്രദായം. മരണത്തെ സംബന്ധിച്ച കുറ്റങ്ങൾ ഐ പി സി 301 മുതൽ 311 വരെയുള്ള വകുപ്പുകളിലാണ് ചേർത്തിരിക്കുന്നത്. ഈ വകുപ്പുകൾ പലതും ശക്തമാണെങ്കിലും കൊലപാതകികളിൽ ബഹുഭൂരിപക്ഷവും രക്ഷപ്പെടുന്ന സ്ഥിതിയാണിന്നുള്ളത്. അതുകൊണ്ടുതന്നെ കൊലപാതകവുമായി ബന്ധപ്പെട്ട ക്രിമിനൽ നിയമത്തിൽ ചില മാറ്റങ്ങൾ വരുത്തിയേ മതിയാവൂ.

കൊല്ലണമെന്ന ഉദ്ദേശ്യത്തോടുകൂടിയോ, മരണം സംഭവിക്കുമെന്നറിഞ്ഞു കൊണ്ടോ ഒരാൾ ഒരു കൃത്യം ചെയ്താൽ അതു കൊലപാതകമാണ്. ഐ പി സി 302 ന്റെ പരിധിയിൽ വരുന്നതും വധശിക്ഷക്ക് വിധിക്കാവുന്നതുമായ കുറ്റമാണിത്. എന്നാൽ ഈ കുറ്റവാളികൾ പലരും ചെയ്യുന്ന കുറ്റം ഒടുവിൽ കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യ (culpable homicide not amount to murder) ആക്കി മാറ്റിയെടുക്കുന്നു. വധ ശിക്ഷയിൽ നിന്നും ഇവർ രക്ഷപ്പെടുകയും ചെയ്യുന്നു. നല്ലൊരു ശതമാനം കൊലപാതകികൾ നിരപരാധികളായി പുറത്തുവരികയും ചെയ്യുന്നുണ്ട്.

ഒരാൾക്ക് ശാരീരികമായ വേദനയോ രോഗമോ അവശതയോ ഉണ്ടാക്കുന്നതിനെയാണ് ദേഹോപദ്രവം എന്ന് നിർവചിച്ചിരിക്കുന്നത്. കാഴ്ചയോ കേൾവിയോ നഷ്ടപ്പെടുത്തുക, അംഗഭംഗമുണ്ടാക്കുക, തലയ്‌ക്കോ മുഖത്തിനോ ശാശ്വതമായ വൈരൂപ്യം ഉണ്ടാക്കുക, എല്ലു പൊട്ടിക്കുകയോ, പല്ലു നഷ്ടപ്പെടുത്തുകയോ ചെയ്യുക തുടങ്ങിയ ദേഹോപദ്രവം ഏൽപ്പിക്കുന്ന കുറ്റങ്ങൾ ഐ പി സി 319 മുതൽ 338 വരെയുള്ള വകുപ്പുകളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വകുപ്പുകളനുസരിച്ച് കോടതികളിൽ ഹാജരാക്കുന്ന കുറ്റവാളികളിൽ മഹാഭൂരിപക്ഷവും ശിക്ഷിക്കപ്പെടാതെ പോകുന്ന ചിത്രമാണ് രാജ്യത്തുള്ളത്. ഈ വകുപ്പുകളിലും കാലോചിതമായ മാറ്റങ്ങൾ വരുത്തനം. ബലപ്രയോഗം വഴി പ്രേരിപ്പിച്ചോ, വഞ്ചനോപാധികളിലൂടെ പ്രലോഭിപ്പിച്ചോ ഒരാളെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് പോകാൻ ഇടയാക്കുന്ന കുറ്റമാണ് തട്ടിക്കൊണ്ടുപോകൽ. രാജ്യത്ത് തട്ടിക്കൊണ്ടുപോകൽ വ്യാപകമായി നടക്കുകയാണ്. പീനൽ കോഡിൽ ഈ കുറ്റത്തിന് പത്ത് വർഷം വരെ തടവു ശിക്ഷ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം കുറ്റവാളികളിൽ ഭൂരിപക്ഷവും രക്ഷപ്പെടുന്നതായാണ് കണ്ടുവരുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ഇതിലും ആവശ്യമായ മാറ്റങ്ങൾ അടിയന്തരമായി വരുത്തേണ്ടതാണ്.

നിഷിദ്ധമായി പരിഗണിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഹീനമായ ഒന്നാണ് മോഷണം. ഇന്ത്യൻ ശിക്ഷാനിയമ സംഹിതയിൽ കുറ്റങ്ങളുടെ കൂട്ടത്തിൽ കളവിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഐ പി സി 378 മുതൽ 382 വരെയുള്ള വകുപ്പുകളിലാണ് മോഷണ കുറ്റങ്ങളെ സംബന്ധിച്ച് പറയുന്നത്. മോഷണം വർധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കുറ്റവാളികളെ കണ്ടെത്തി കൃത്യമായും ശിക്ഷ നൽകാൻ കഴിയുന്ന രീതിയിൽ പീനൽ കോഡിൽ വ്യക്തത വരുത്തേണ്ടിയിരിക്കുന്നു. കള്ളരേഖ ഉണ്ടാക്കുക, ഉപയോഗിക്കുക, കൃത്രിമ മുദ്രകൾ ഉണ്ടാക്കുക അവ കൈവശം വെക്കുക തുടങ്ങിയവ ഇന്ന് വ്യാപകമാണ്.

ഒരാൾക്കു നഷ്ടമുണ്ടാക്കണമെന്നോ, ഏതെങ്കിലുമൊരു അവകാശത്തിന് ഉപോൽബലകമായി ഉപയോഗിക്കണമെന്നോ, ഒരാളുടെ സ്വത്ത് തട്ടിയെടുക്കണമെന്നോ, ആരെയെങ്കിലും വഞ്ചിക്കണമെന്നോ ഉള്ള ദുരുദ്ദേശ്യത്തോടെ കൃത്രിമമായി രേഖ മുഴുവനായോ ഭാഗികമായോ ഉണ്ടാക്കുന്നതാണ് കള്ളരേഖ ചമയ്ക്കൽ. ഇതും ഇന്ന് വർധിച്ചുവരികയാണ്. കള്ളരേഖ ചമയ്ക്കൽ വർധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം കുറ്റവാളികളെ ശിക്ഷിക്കുന്നതിന് പര്യാപ്തമായ നിലയിൽ ഐ പിസിയിൽ മതിയായ ഭേദഗതി അത്യാവശ്യമായിരിക്കുകയാണ്.

കൽപ്പിച്ചുകൂട്ടിയോ അറിഞ്ഞുകൊണ്ടോ ഒരാളെ അപകീർത്തിപ്പെടുത്തത്തക്കവിധം വല്ലതും പറയുകയോ എഴുതുകയോ മറ്റു വിധത്തിൽ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതിനെയാണ് അപകീർത്തിപ്പെടുത്തൽ എന്ന് പറയുന്നത്. പ്രസിദ്ധപ്പെടുത്തൽ ആരെ സംബന്ധിച്ചാണോ അയാളുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന ആരോപണമായിരിക്കണം. പൊതുജന നന്മയെ ഉദ്ദേശിച്ച് പ്രസിദ്ധീകരിച്ച ആരോപണം ഈ കുറ്റത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഐ പി സി 499 മുതൽ 502 വരെയുള്ള വകുപ്പുകളിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.

അപകീർത്തിപ്പെടുത്തൽ (defamation) സംബന്ധിച്ച പ്രമാദമായ കേസുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ നിയമവ്യവസ്ഥയിലും കാലോചിതമായ മാറ്റം അനിവാര്യമാണ്. രാജ്യത്തിനെതിരായി രംഗത്തുവരുന്നവരെ വിചാരണ ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനുമാണ് ഐ പി സി 121 മുതൽ 130 വരെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ വിരോധം മൂലം രാഷ്ട്രീയ എതിരാളികളെ പീനൽകോഡിലെ രാജ്യദ്രോഹ കുറ്റമായ 124(എ) അനുസരിച്ച് അറസ്റ്റ് ചെയ്യുകയും ദീർഘകാലം ജയിലിൽ അടയ്ക്കുകയും ചെയ്യുന്നത് ബ്രിട്ടീഷ് ഭരണകാലം മുതൽ രാജ്യത്ത് നടക്കുകയാണ്. പീനൽകോഡ് ഭേദഗതി ലക്ഷ്യമാക്കുന്നത് രാജ്യദ്രോഹ കുറ്റം കൂടുതൽ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണെന്ന് ഇതിനകം ആരോപണമുയർന്നിട്ടുണ്ട്. എന്തായാലും ഭരണഘടനയിലെ മൗലികാവകാശങ്ങൾ നിഷേധിച്ചുകൊണ്ട് നിരപരാധികളെ ജയിലിൽ അടയ്ക്കുന്നതിനുള്ള ഉപാധിയായി രാജ്യദ്രോഹ കുറ്റത്തെ മാറ്റുന്നതിന് യാതൊരു നീതീകരണവുമില്ല.

ബലാത്സംഗം ഇന്ന് രാജ്യത്തൊട്ടാകെ വർധിച്ചുവരികയാണ്. ഐ പി സി 305ലാണ് ഇതുസംബന്ധിച്ച് വ്യവസ്ഥയുള്ളത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും ബലാത്സംഗം അവസാനിപ്പിക്കുന്നതിനും ഐ പിസിയിൽ ഇന്നുള്ള വ്യവസ്ഥകൾ തുലോം ദുർബലമാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമനിർമാണങ്ങൾ പലതും കേന്ദ്രസർക്കാർ ഇതിനകം നടത്തിയിട്ടുമുണ്ട്. എന്നിട്ടും ഇത്തരം അക്രമങ്ങൾ വ്യാപിക്കുകയും വർധിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ പീനൽകോഡ് വ്യവസ്ഥ ചെയ്യുന്ന കേസുകൾ കോടതിയിൽ വിചാരണ ചെയ്ത് നടപ്പിലാക്കാനുള്ള നിയമമായ കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയറിലും മൗലികമാറ്റം വരുത്തുമെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ട്. നിലവിലുള്ള ഇന്ത്യൻ എവിഡൻസ് ആക്ടിലും ആവശ്യമായ മാറ്റം വരുത്തും.

ക്രിമിനൽ പ്രൊസീജിയർ കോഡ് പീനൽകോഡ് പ്രകാരമുള്ള കേസിലെ കുറ്റവാളികളെ വിചാരണ ചെയ്യുന്നതിനുള്ള നടപടിക്രമമാണ്. ക്രിമിനൽ പ്രൊസീജിയർ കോഡിന്റെ ലക്ഷ്യം പീനൽകോഡ് അനുസരിച്ച് കുറ്റവാളികളെ നിയമാനുസൃതമായി വിചാരണ നടത്തി ശിക്ഷ ഉറപ്പാക്കുക മാത്രമാണ്. 1973 ലാണ് ഈ കോഡ് ഇന്ത്യൻ പാർലിമെന്റ് പാസ്സാക്കിയത്. 1974 മുതൽ ഈ നിയമം നടപ്പിലാവുകയും ചെയ്തു. ഈ നിയമം നിലവിൽ വരുന്നതിനു മുമ്പ് ഏകീകൃതമായ ഒരു നിയമവും പീനൽകോഡ് അനുസരിച്ചുള്ള ശിക്ഷ കോടതികൾ വഴി നടപ്പിലാക്കുന്നതിന് സംവിധാനവും ഈ രാജ്യത്തില്ലായിരുന്നു. ഈ പോരായ്മയാണ് ക്രിമിനൽ പ്രസീജിയർ കോഡ് പരിഹരിച്ചത്. കാലാനുസൃതമായ മാറ്റം ഈ നിയമത്തിലും വരുത്തിയേ മതിയാകൂ.

ക്രിമിനൽവത്കരണം നമ്മുടെ രാജ്യത്ത് എല്ലാമേഖലയിലും ഇന്ന് വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്. ക്രിമിനലുകളുടെ മുമ്പിൽ രാജ്യവും ജനതയും ഭയപ്പെട്ട് വിറങ്ങലിച്ചുനിൽക്കുന്ന സ്ഥിതിയും ഇവിടെ സംജാതമായിരിക്കുകയാണ്. ക്രിമനലുകളെ നേരിടാൻ നമ്മുടെ രാജ്യത്തെ നിലവിലുള്ള മുഖ്യ ആയുധങ്ങൾ ഐ പി സിയും സി ആർ പി സിയും എവിഡൻസ് ആക്ടും തന്നെയാണ്. അതുകൊണ്ടുതന്നെ ഈ നിയമത്തിലെ പോരായ്മകൾ നീക്കി അതിനെ ശക്തിപ്പെടുത്താനും മൗലികമായ മാറ്റങ്ങൾ ഈ ക്രിമിനൽ നിയമങ്ങളിൽ വരുത്തുവാനും സർക്കാർ തയ്യാറാകുന്നത് സ്വാഗതാർഹമാണ്.

ഇന്ത്യൻ കാഴ്ചപ്പാടിൽ ഈ നിയമങ്ങൾ പരിഷ്‌കരിക്കുമെന്ന് അമിത് ഷാ പറയുമ്പോൾ പൊതുവെ ഭരണകക്ഷി പുലർത്തുന്ന ഇടുങ്ങിയ നിലപാട് തന്നെയാണോ സ്വീകരിക്കുകയെന്ന സംശയം സ്വാഭാവികമായും ഉയരും. അങ്ങനെയെങ്കിൽ ഗുണത്തേക്കാളേറെ ദോഷം മാത്രമേ ഈ പരിഷ്‌കാരങ്ങൾ കൊണ്ട് ഉണ്ടാകാൻ പോകുന്നുള്ളൂ. നിലവിലുള്ള നിയമങ്ങളെ പിറകോട്ട് വലിക്കാനും മനുസ്മൃതിയേയും പുരാണങ്ങളേയും മറ്റും അടിസ്ഥാനപ്പെടുത്തി ക്രിമിനൽ കോഡുകൾ പരിഷ്‌കരിക്കാനുമാണ് നീക്കമെങ്കിൽ അത് ആത്മഹത്യാപരമായിരിക്കും.
(ലേഖകന്റെ ഫോൺ : 9847132428)

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428