Connect with us

Articles

രാജ്യതലസ്ഥാനം വിഷപ്പുക തിന്നുമ്പോള്‍

ഒരു ദിവസം കൊണ്ട് പരിഹരിക്കാവുന്ന കാര്യങ്ങളല്ല തലസ്ഥാനത്തെ വിഷക്കോടയില്‍ പൊതിയുന്നത്. വ്യവസായ ശാലകള്‍, വാഹനങ്ങള്‍ എന്നിവയെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് നിയമവും നിലപാടുമുണ്ട്. എന്നാല്‍ അത് നടപ്പാക്കുന്നതില്‍ പോലീസോ ഭരണകൂടമോ ആസൂത്രിതമായി ഇടപെടുന്നില്ല എന്നതാണ് സത്യം. അനുവദിച്ച പെര്‍മിറ്റ് കഴിഞ്ഞതും കാലാവധി പിന്നിട്ടതുമായ ആറ് മില്യണ്‍ വാഹനങ്ങള്‍ നിരത്തിലുണ്ട്.

Published

|

Last Updated

രാജ്യ തലസ്ഥാനം വായു മലിനീകരണം നിമിത്തം അത്യന്തം അപകടകരമായ അവസ്ഥയിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. വായു നിലവാര സൂചിക (എ ക്യൂ ഐ) രണ്ടാഴ്ചയോളമായി മോശം അവസ്ഥയില്‍ തുടരുകയാണ്. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതരമായ രോഗമുള്ളവര്‍ എന്നിവരെ അപകടകരമായ വിധം ബാധിക്കുന്നതാണ് എ ക്യൂ ഐയുടെ മോശം നിലവാരം. കണ്ണുനീറ്റല്‍, ചുമ, ശ്വാസതടസ്സം പോലെയുള്ള രോഗങ്ങള്‍ നഗരത്തെ ഒന്നാകെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞു. സ്ഥിതിവിവരക്കണക്കുകള്‍ പങ്കുവെക്കുകയും സോഷ്യല്‍ മീഡിയയില്‍ ധാര്‍മികരോഷം രേഖപ്പെടുത്തുകയും ചെയ്യുന്നതിനപ്പുറം ഫലപ്രദമായി ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിലാണ് ഡല്‍ഹിയിലെ മനുഷ്യര്‍.

വായു മലിനീകരണത്തിന്റെ കാരണങ്ങള്‍
ലോകത്തിലെ തന്നെ ഏറ്റവും അധികം വായു മലിനീകരണം നടക്കുന്ന നഗരങ്ങളിലൊന്നാണ് ഡല്‍ഹി. വാഹനങ്ങളിലെ പുകയാണ് മലിനീകരണത്തിന്റെ പ്രധാന കാരണമെന്നാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് അടുത്തിടെ നടത്തിയ പഠനത്തിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. 51.5 ശതമാനം വായു മലിനീകരണവും വാഹനങ്ങളില്‍ നിന്നുള്ള പുകയുടെ സംഭാവനയാണെന്നാണ് അവരുടെ കണ്ടെത്തല്‍.
കാലപ്പഴക്കം ചെന്ന വാഹനങ്ങളാണ് മലിനമായ പുകയുടെ പ്രധാന ഉത്പാദകര്‍. 15 വര്‍ഷം പിന്നിട്ട 5.5 മില്യണ്‍ വാഹനങ്ങള്‍ ഡല്‍ഹിയിലെ നിരത്തിലുണ്ട്. 1.5 ലക്ഷത്തോളം വാഹനങ്ങള്‍ പെര്‍മിറ്റ് പുതുക്കാതെ മാലിന്യം വിസര്‍ജിച്ച് രാജപാഥയില്‍ കിതച്ചുപായുന്നുണ്ട്. കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതാണ് മലനീകരണത്തിന്റെ മറ്റൊരു കാരണമായി പറയുന്നത്. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലുമാണ് ഈ വൈക്കോല്‍ ദഹനം കാര്യമായി നടക്കുന്നത്. അത് വഴി വായുവിന്റെ സാന്ദ്രത വര്‍ധിക്കുന്നു. മറ്റ് മാലിന്യങ്ങളുമായി ചേര്‍ന്ന് സാന്ദ്രത കൂടിയ വായുവും അപകടം വരുത്തിവെക്കുന്നു.
സങ്കീര്‍ണമായ ഈ സാഹചര്യത്തിലേക്ക് ദീപാവലിയാഘോഷം കടന്നുവന്നതാണ് എല്ലാ തവണത്തെയും പോലെ ഇപ്രാവശ്യം കാര്യങ്ങള്‍ പെട്ടെന്ന് വഷളാക്കിയത്. ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് തീയതികളില്‍ ഡല്‍ഹി അവരുടെ ഏറ്റവും വലിയ ആഘോഷമായ ദീപാവലി “നന്നായി’ തന്നെ ആഘോഷിച്ചു. ശക്തമായ വിലക്ക് ഉണ്ടായിരുന്നിട്ടും പടക്കങ്ങള്‍ പൊട്ടിച്ചു. അതില്‍ നിന്ന് സ്വതന്ത്രമാക്കപ്പെട്ട രാസമാലിന്യങ്ങള്‍ കൂടി വായുവില്‍ ലയിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. ദീപാവലിയുടെ രാത്രിയില്‍ വായു നിലവാര സൂചിക 500ന് മുകളില്‍ എത്തി എന്നാണ് ഔദ്യോഗിക ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ 806 വരെ എത്തി എന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്.
എ ക്യൂ ഐ അനുസരിച്ച് പൂജ്യം മുതല്‍ 50 വരെയുള്ളതാണ് വായുവിന്റെ ഏറ്റവും നല്ല നിലവാരം. 51- 100 തൃപ്തികരം എന്നും 101-200 മോഡറേറ്റ് എന്നും 200ല്‍ അധികമുള്ളത് മോശം എന്നുമാണ് രേഖപ്പെടുത്തുന്നത്. അതാണ് 800ന് മുകളിലെത്തിയെന്നും ഇപ്പോഴും 400ന് താഴേക്ക് ഇറങ്ങിയിട്ടില്ല എന്നും പറയുന്നത്. ഡല്‍ഹി അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാന്‍ എ ക്യൂ ഐ വിശകലനം ചെയ്താല്‍ മാത്രം മതിയാകും. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ അതിശക്തമായ ശൈത്യം ഡല്‍ഹിയെ വലയം ചെയ്യുമ്പോള്‍ ഈ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. കാറ്റിന്റെ വേഗത കുറയുന്നതും തണുപ്പ് നിമിത്തം നഗരത്തില്‍ വായുവിന്റെ സാന്ദ്രത കൂടുന്നതും എ ക്യൂ ഐയെ പ്രതികൂലമായി തന്നെ ബാധിക്കും.

എന്താണ് പരിഹാരം?
ഒരു ദിവസം കൊണ്ട് പരിഹരിക്കാവുന്ന കാര്യങ്ങളല്ല തലസ്ഥാനത്തെ വിഷക്കോടയില്‍ പൊതിയുന്നത്. വ്യവസായ ശാലകള്‍, വാഹനങ്ങള്‍ എന്നിവയെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് നിയമവും നിലപാടുമുണ്ട്. എന്നാല്‍ അത് നടപ്പാക്കുന്നതില്‍ പോലീസോ ഭരണകൂടമോ ആസൂത്രിതമായി ഇടപെടുന്നില്ല എന്നതാണ് സത്യം. അനുവദിച്ച പെര്‍മിറ്റ് കഴിഞ്ഞതും കാലാവധി പിന്നിട്ടതുമായ ആറ് മില്യണ്‍ വാഹനങ്ങള്‍ നിരത്തിലുണ്ട് എന്ന് ഓര്‍ക്കേണ്ട സമയം മലിന വായു ശ്വസിച്ച് ശ്വാസതടസ്സം നേരിട്ടതിന് ശേഷമല്ല. നവംബര്‍ ഒന്നിന് ശേഷം 500ല്‍ പരം വാഹനങ്ങള്‍ പിടിച്ചെടുത്തു എന്നാണ് റിപോര്‍ട്ട്. ആറ് മില്യണില്‍ നിന്ന് 500 വാഹനങ്ങള്‍ തടവിലാക്കപ്പെട്ടാല്‍ എന്ത് മാറ്റമാണ് ഉണ്ടാകുക?
ഓരോ വാഹനങ്ങളുടെയും കാലാവധി പൂര്‍ത്തിയാകുന്ന ദിവസങ്ങളെ സംബന്ധിച്ച രേഖകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കൈവശമുണ്ടാകുമല്ലോ. ആ ദിവസം തന്നെ അത് തിരിച്ച് വിളിക്കുന്ന വിധം ആക്്ഷന്‍ പ്ലാനുണ്ടാക്കണം. കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ നിര്‍മാതാക്കള്‍ തന്നെ തിരിച്ചെടുത്ത് വീണ്ടും ഉപയോഗപ്പെടുത്തുന്ന സംവിധാനം ക്രമപ്പെടുത്തണം. അത് ജനങ്ങള്‍ക്കും വാഹന കമ്പനികള്‍ക്കും ഉപകാരപ്രദമായിരിക്കും. കൃഷിയിടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നവര്‍ക്ക് 15,000 രൂപ വരെ പിഴയീടാക്കുന്ന നിയമങ്ങള്‍ നിലവിലുണ്ട്. എന്നിട്ടും പാടങ്ങള്‍ പുകയിടങ്ങളാകുന്നു. നിയമം കര്‍ശനമാകാത്തതാണ് ഇതിന് കാരണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കുന്നില്ല എന്ന് സുപ്രീം കോടതിയുടെ വിമര്‍ശനമുണ്ടായപ്പോള്‍ പിഴത്തുക ഇരട്ടിയാക്കി 30,000 വരെ ഉയര്‍ത്തി. എന്നിട്ടും തീയണഞ്ഞില്ല. വൈക്കോല്‍ ചാരം വളമുള്ള ഭൂമിയെ സമ്മാനിക്കുമെന്നതാണ് തീയിടാനുള്ള കാരണമെങ്കില്‍ അതിന് ബദല്‍ സംവിധാനമൊരുക്കാന്‍ സര്‍ക്കാറിനാകണം. വളം സൗജന്യമായി കൊടുത്താല്‍ പോലും അത് മലിനീകരിക്കപ്പെട്ട ഡല്‍ഹിയെ വീണ്ടെടുക്കാന്‍ ചെലവാക്കുന്ന പണത്തോളം വരില്ല. അതല്ല വൈക്കോല്‍ സംസ്‌കരിക്കുന്നതിനുള്ള തടസ്സമാണ് തീവെക്കാന്‍ പ്രേരിപ്പിക്കുന്നതെങ്കില്‍ കന്നുകാലി വളര്‍ത്തലും വൈക്കോല്‍ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന മേഖലകളെ ശാക്തീകരിക്കലും ഭരണകൂടത്തിന് എളുപ്പത്തില്‍ അജന്‍ഡയാക്കാവുന്ന കാര്യങ്ങളാണ്. പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പകരം പടക്കനിര്‍മാണവും സംഭരണവും വില്‍പ്പനയും പൂര്‍ണമായി നിരോധിക്കണം. ഡല്‍ഹിയില്‍ നിയന്ത്രണമുള്ള കാലത്ത് മറ്റു സംസ്ഥാനങ്ങളുടെ അതിരു കടന്നാണ് പടക്കമെത്തുന്നത്. ഈ പഴുതുകളും അടക്കാനാകണം.
എല്ലാ നിയമങ്ങളേക്കാളും പ്രധാനം ജനങ്ങളെ ഈ അപകടത്തെ കുറിച്ച് ബോധ്യപ്പെടുത്തലാണ്. വിദ്യാഭ്യാസ മേഖലയില്‍ പിന്നില്‍ നില്‍ക്കുന്ന കര്‍ഷകരും ചേരി നിവാസികളുമൊന്നും ഈ ദുരന്തത്തിന്റെ ആഴം തിരിച്ചറിയുന്നുണ്ടാകില്ല എന്നുറപ്പാണ്. ഇടക്കിടെയെത്തുന്ന മോശം കാലാവസ്ഥ എന്നതിനപ്പുറം ക്ഷണിച്ചുവരുത്തുന്ന അപകടമാണ് ഇതെന്ന് ഓരോ ചേരിയിലും ചെന്ന് അവരോട് സംസാരിക്കുന്നത് പിഴ പിടിച്ചുവാങ്ങുന്നതിനേക്കാള്‍ ഉപകാരപ്രദമായിരിക്കും. പടക്കത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ ഭരണകൂടത്തെ ഹിന്ദുവിരുദ്ധര്‍ എന്ന് വിശേഷിപ്പിച്ച് രംഗത്ത് വന്നവരില്‍ ചില രാഷ്ട്രീയ സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ വരെ ഉണ്ടായിരുന്നു. അപ്പോള്‍ സാധാരണക്കാര്‍ക്ക് ഇതിനെ കുറിച്ച് ഒട്ടും ധാരണയുണ്ടാകില്ല എന്നതില്‍ ഒരു സംശയവും വേണ്ട.
ജലത്തിലും വിഷം കലരുന്നു
വായു പോലെ പ്രധാനമാണ് വെള്ളവും. ഡല്‍ഹിയിലെ ജനങ്ങളുടെ പ്രധാന ജലസ്രോതസ്സ് യമുനാ നദിയാണ്. ഡല്‍ഹിയുടെ ആവശ്യത്തിന്റെ 70 ശതമാനവും പരിഹരിക്കുന്നത് യമുനയാണ്. 57 ദശലക്ഷം ആളുകളുടെ ദൈനംദിന ആവശ്യങ്ങള്‍ ഈ നദി വഴി പൂര്‍ത്തീകരിക്കപ്പെടുന്നു. എന്നാല്‍ ഈ നഗരത്തിന്റെ 80 ശതമാനം മാലിന്യങ്ങളും ഈ നദിയില്‍ നിക്ഷേപിച്ചാണ് ജനങ്ങള്‍ അതിന് “നന്ദി’ കാണിക്കുന്നത്. വീടുകളില്‍ നിന്നും വ്യവസായ ശാലകളില്‍ നിന്നും പുറംതള്ളുന്ന ശുദ്ധീകരിക്കാത്ത മലിനജലത്തില്‍ ഡല്‍ഹിക്ക് വേണ്ടാത്തതെല്ലാമുണ്ട്. സോപ്പും ഡിറ്റര്‍ജന്റും നിറഞ്ഞ് വെള്ളം പതഞ്ഞുപൊന്തുന്നു. ഗാര്‍ഹിക മാലിന്യങ്ങള്‍ മാത്രമല്ല യമുനയില്‍ വെയിസ്റ്റ് നിറക്കാന്‍ ചിലയിടങ്ങളില്‍ മുന്‍സിപ്പാലിറ്റിയിലെ ജോലിക്കാര്‍ വരെ മുന്നിട്ടിറങ്ങുന്നു. വ്യവസായങ്ങളുടെയും കൃഷിയുടെയും കെമിക്കല്‍ റണ്‍ ഓഫ് യമുനയിലാണ് ലയിക്കുന്നത്. വളങ്ങളും കീടനാശിനികളും ചെന്നടിയുന്നതും ഈ നദിയിലാണ്. എല്ലാ ഭാഗങ്ങളിലും നിറഞ്ഞിരിക്കുന്ന നുരകളുടെ രാസപരിശോധനകള്‍ ഇത് ശരിവെക്കുന്നുണ്ട്.
ഉയര്‍ന്ന അളവിലുള്ള അമോണിയയുടെ സാന്നിധ്യവും ജലത്തില്‍ കാണാനാകും. ഈയം, മെര്‍ക്കുറി തുടങ്ങിയ ഖരമാലിന്യങ്ങളും ഫാക്ടറികളില്‍ നിന്ന് യമുനയിലെത്തുന്നുണ്ട്. വര്‍ഷം മുഴുവന്‍ യമുനാ നദി മലിനമാണ്. എന്നാല്‍ മണ്‍സൂണ്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. ഈ വിഷ സങ്കേതത്തില്‍ നിന്ന് എല്ലാ ദിവസവും കുടിക്കുകയും കുളിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെയാണ് മാരക രോഗങ്ങള്‍ ഇല്ലാതിരിക്കുക.
ഈ കഴിഞ്ഞ ഏഴാം തീയതി ഉത്തരേന്ത്യയിലെ പ്രസിദ്ധ ഉത്സവമായ ഛത്ത് പൂജ ഡല്‍ഹിയിലും അരങ്ങേറുകയുണ്ടായി. സൂര്യാരാധനയുടെ ഭാഗമായി പ്രാര്‍ഥിക്കുന്നതിനും മറ്റ് ആചാരങ്ങള്‍ നിര്‍വഹിക്കുന്നതിനും വെള്ളത്തിലിറങ്ങിയ ഭക്തര്‍ ഈ വിഷനുരയിലാണ് മുങ്ങി നിവര്‍ന്നത്. നദിയിലിറങ്ങരുത് എന്ന അറിയിപ്പുകള്‍ക്കപ്പുറം ഭരണകൂടത്തിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
വായു മലിനീകരണം ചര്‍ച്ചയാകുമ്പോഴും നിശബ്ദ കൊലയാളിയായി ഒഴുകിക്കൊണ്ടിരിക്കുന്ന യമുനയെ തിരിച്ചറിയാനും നടപടി സ്വീകരിക്കാനും എത്ര ജീവനുകള്‍ ഈ നദിയില്‍ നിമഞ്ജനം ചെയ്യേണ്ടിവരും?