Connect with us

From the print

മോദി പ്രഭയില്‍ ആദിത്യനാഥിന് എന്ത് സംഭവിക്കും? വാരാണസിയോളം പോന്ന ഗോരഖ്പൂര്‍

'സി എം സിറ്റി'യില്‍ മത്സരരംഗത്ത് ഭോജ്പുരി താരങ്ങള്‍. നിഷാദ് വോട്ട് നിര്‍ണായകം.

Published

|

Last Updated

ഗോരഖ്പൂര്‍ | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ വാരാണസിയാണ് ‘സ്റ്റാര്‍ സീറ്റെ’ങ്കിലും ബി ജെ പിയെ സംബന്ധിച്ച് ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരിനും അത്രത്തോളം പ്രാധാന്യമുണ്ട്.

രണ്ട് ഭോജ്പുരി താരങ്ങള്‍ തമ്മിലുള്ള മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. ബി ജെ പിയുടെ സിറ്റിംഗ് എം പി രവി കിഷനും കന്നി മത്സരത്തിനിറങ്ങുന്ന സമാജ്വാദി പാര്‍ട്ടിയുടെ കാജല്‍ നിഷാദുമാണ് പ്രധാന സ്ഥാനാര്‍ഥികള്‍.

അപരാജിത അഞ്ച്
1998ല്‍ തുടങ്ങി അഞ്ച് തവണ ഇവിടെ നിന്നാണ് മുഖ്യമന്ത്രി ആദിത്യനാഥ് പാര്‍ലിമെന്റിലെത്തിയത് എന്നതാണ് ബി ജെ പിയെ സംബന്ധിച്ച് മണ്ഡലത്തിന്റെ പ്രാധാന്യം. ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷവും ഗൊരഖ്പൂര്‍ തിരക്കിലാണ്. ഗോരഖ്നാഥ് ക്ഷേത്ര സമുച്ചയത്തിന്റെ അതിര്‍ത്തി ഭിത്തികള്‍ വികസിക്കുന്നതും നിരവധി പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നുവരുന്നതും ഞൊടിയിടയിലാണ്.

‘സി എം സിറ്റി’ എന്നാണ് ഗോരഖ്പൂര്‍ അറിയപ്പെടുന്നത് തന്നെ. സംസ്ഥാന തലസ്ഥാനമായ ലക്‌നോവിനൊപ്പം ഗോരഖ്പൂരും ഇപ്പോള്‍ അധികാര കേന്ദ്രമായി മാറിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തെ സര്‍ക്കാറിന്റെ തലവനൊപ്പം ആദിത്യനാഥിന് ‘മുഖ്യപുരോഹിതന്‍ എന്ന പദവിയും ഈ നഗരം വെച്ചുനല്‍കിയിരിക്കുന്നു. പുരോഹിതന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അനുയായികളോട് ചോദിച്ചാല്‍ അവര്‍ പറയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാള്‍ ഒരുപടി മുന്നില്‍ തങ്ങളുടെ ‘മഹാരാജാ’ണെന്ന്. മോദി സ്വയം പൂജാരിയായി രാമക്ഷേത്ര പ്രതിഷ്ഠ നടത്തിയത് അവരെ അസ്വസ്ഥരാക്കിയിരുന്നു.

വടംവലി
ആദിത്യനാഥും മോദി ഉള്‍പ്പെടുന്ന കേന്ദ്ര നേതാക്കളും തമ്മില്‍ നിശബ്ദമായ ഏറ്റുമുട്ടല്‍ നടക്കുന്നുവെന്ന വിമര്‍ശം അന്തരീക്ഷത്തിലുണ്ട്. അത് മുതലെടുത്താണ്, ജാമ്യത്തിലിറങ്ങിയ അരവിന്ദ് കെജ്രിവാള്‍ ആ വെടി പൊട്ടിച്ചത്. മോദി കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ യു പി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ആദിത്യനാഥിനെ മാറ്റുമെന്നായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന. മോദിയുടെ 75 വയസ്സില്‍ പിടിച്ചും കെജ്രിവാള്‍ ബി ജെ പിയെ ഒരു ഘട്ടത്തില്‍ പ്രതിരോധത്തിലാക്കി.

മണ്ഡലത്തില്‍ ഒരു അടിയൊഴുക്ക് ആദിത്യനാഥ് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഗോരഖ്പൂരില്‍ പ്രചാരണത്തില്‍ മറ്റെങ്ങുമില്ലാത്ത വിധം സജീവമാണ് അദ്ദേഹം. രാമക്ഷേത്ര നിര്‍മാണത്തിന്റെ അവകാശവാദം തൊട്ട് ബുര്‍ഖയും ശരീഅത്ത് നിയമവും ഔറംഗസീബിന്റെ ജസിയ നികുതിയും വരെ അദ്ദേഹം പ്രസംഗത്തില്‍ കൊണ്ടുവരുന്നു.

ഇന്ത്യ മുന്നണി
കഴിഞ്ഞ തവണ എസ് പി സ്ഥാനാര്‍ഥി രാംഭുവല്‍ നിഷാദിനെ മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് രവി കിഷന്‍ പരാജയപ്പെടുത്തിയത്. ഇത്തവണ ഇന്ത്യ മുന്നണി സ്ഥാനാര്‍ഥിയെന്ന ലേബലിലാണ് കാജല്‍ നിഷാദിനെ എസ് പി മത്സരിക്കാനിറക്കിയത്. നദിയുമായി ബന്ധപ്പെട്ട പരമ്പരാഗത തൊഴില്‍ ചെയ്യുന്ന ഒ ബി സി വിഭാഗക്കാരായ നിഷാദുകള്‍ക്ക് മുന്‍തൂക്കമുള്ള മണ്ഡലമാണ് ഗോരഖ്പൂര്‍. 2016ല്‍ സഞ്ജയ് നിഷാദ് രൂപവത്കരിച്ച നിഷാദ് പാര്‍ട്ടിയാണ് ഈ വിഭാഗത്തിന്റെ ശക്തി ആദ്യം തിരിച്ചറിഞ്ഞത്. 2018ലെ ഉപതിരഞ്ഞെടുപ്പില്‍, സഞ്ജയ് നിഷാദിന്റെ മകന്‍ പ്രവീണ്‍ നിഷാദ് ഗോരഖ്പൂരില്‍ നിന്ന് വിജയിക്കുകയും പ്രതിപക്ഷ സഖ്യത്തിന് പ്രതീക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍, സഞ്ജയ് നിഷാദിന്റെ പാര്‍ട്ടി ഇപ്പോള്‍ ബി ജെ പിക്കൊപ്പമാണുള്ളത്. തൊട്ടടുത്ത മണ്ഡലമായ സന്ത് കബീര്‍ ദാസ് നഗറില്‍ ബി ജെ പി സ്ഥാനാര്‍ഥിയാണ് പ്രവീണ്‍ നിഷാദ്.

 

Latest