Health
എന്താണ് മെലാസ്മ?
പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.
ഒരുപാട് പേരുടെ കോൺഫിഡൻസ് നശിപ്പിക്കുന്ന ഒരു പ്രശ്നമാണ് മുഖത്ത് ഉണ്ടാക്കുന്ന കരിമാംഗല്യം അഥവാ മെലാസ്മ. തവിട്ട് അല്ലെങ്കിൽ നീല-ചാരനിറത്തിലുള്ള പാടുകൾ അല്ലെങ്കിൽ പുള്ളികൾ പോലെയുള്ള പാടുകൾ എന്നിവയാൽ കാണപ്പെടുന്ന ഒരു ചർമ്മ അവസ്ഥയാണ് മെലാസ്മ. മിക്ക ആളുകളുടെയും കവിളുകൾ, താടി, മൂക്ക് , നെറ്റി, മേൽ ചുണ്ട് എന്നിവയിൽ ആണ് ഇവ കാണാൻ കഴിയുന്നത്.പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ചിലപ്പോഴൊക്കെ ഗർഭിണിയാകുന്ന സമയത്തും സ്വാഭാവിക മെലാസ്മ വന്നേക്കാം.
പ്രധാന കാരണങ്ങൾ
- ജനിതക ഘടകങ്ങളാണ് മെലാസ്മയുടെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ കുടുംബത്തിലെ ഒന്നിലധികം അംഗങ്ങൾക്ക് ഈ അസുഖം കണ്ടേക്കാം .
- ആർത്തവ കാലത്തും ഗർഭകാലത്തും ഹോർമോൺ വ്യതിയാനങ്ങളുടെ ഭാഗമായും ചിലർക്ക് മെലാസ്മ കാണപ്പെടാറുണ്ട്.
- ഗർഭനിരോധനഗുളികൾ, അപസ്മാരത്തിനുള്ള ഫെനിറ്റോയ്ൻ (Phenytoin) പോലുള്ള മരുന്നുകളുടെ ഉപയോഗവും ചിലപ്പോൾ മെലാസ്മയ്ക്ക് കാരണമാകാം.
- കൂടിയ അളവിൽ അമിതമായി ഒരുപാട് സമയം സൂര്യപ്രകാശം ഏൽക്കുന്നതും ചിലരിൽ മെലാസ്മയുടെ കാരണമായി വിലയിരുത്തുന്നുണ്ട്.
എന്താണ് പരിഹാരം
മെലാസ്മ ഉണ്ടെന്ന് സ്ഥിരീകരിച്ചാൽ ആദ്യം സമീപിക്കേണ്ടത് ഒരു സ്കിൻ സ്പെഷലിസ്റ്റിനെ ആണ്. രോഗവ്യാപനം ലഘൂകരിക്കാനാവശ്യമായ ക്രീമുകൾ ഡോക്ടർ നിർദേശിക്കും. ഇതോടൊപ്പം ഗുളികകളും കഴിക്കേണ്ടിവരും. കോസ്മെറ്റിക് ചികിത്സാരീതികളായ കെമിക്കൽ പീലിങ് , മൈക്രോ ഡെർമാബറേഷൻ, ലേസർ തുടങ്ങിയ രീതികളും സ്വീകരിക്കാവുന്നതാണ്.
സൂര്യരശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്ന സൺസ്ക്രീൻ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കാം. ഇത് ഉണ്ടാക്കുന്ന നിറവ്യത്യാസങ്ങൾ പെട്ടെന്ന് മാഞ്ഞു പോകില്ല. എന്നാൽ സമയമെടുത്ത് ഇവ മാറിയേക്കും