Connect with us

International

പശ്ചിമേഷ്യന്‍ സംഘര്‍ഷം: നയതന്ത്ര പരിഹാരത്തിനുള്ള ശ്രമത്തില്‍ സഊദിയെ പ്രശംസിച്ച് ജപ്പാന്‍

സംഘര്‍ഷം ലഘൂകരിക്കാന്‍ ജപ്പാന്‍ സ്വന്തം നയതന്ത്ര ശ്രമങ്ങള്‍ തുടരുമെന്ന് ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്‌സു മൊട്ടേഗി.

Published

|

Last Updated

ടോക്കിയോ | പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് നയതന്ത്ര പരിഹാരം കണ്ടെത്തുന്നതിന് സഊദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ നടത്തുന്ന ശ്രമങ്ങളെ ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്‌സു മൊട്ടേഗി പ്രശംസിച്ചു.

ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടിട്ടും സ്ഥിരമായ ഊര്‍ജ വിതരണം നിലനിര്‍ത്താനുള്ള സഊദിയുടെ ശ്രമങ്ങള്‍ക്ക് ഫൈസലിനോട് മൊട്ടേഗി ടെലിഫോണില്‍ ബന്ധപ്പെട്ട് നന്ദി പറഞ്ഞതായും ജപ്പാന്‍ വിദേശകാര്യ മന്ത്രാലയം റിപോര്‍ട്ട് ചെയ്തു. സംഘര്‍ഷം ലഘൂകരിക്കാന്‍ ജപ്പാന്‍ സ്വന്തം നയതന്ത്ര ശ്രമങ്ങള്‍ തുടരുമെന്നും സഊദി അറേബ്യയുമായി കൂടുതല്‍ സഹകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മൊട്ടേഗി പറഞ്ഞു

സഊദി അറേബ്യയില്‍ ഇറാനിയന്‍ ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങളില്‍ മൊട്ടേഗി അനുശോചനം പ്രകടിപ്പിച്ചു. നയതന്ത്ര പരിഹാരം കൈവരിക്കുന്നതിന് സൗദി അറേബ്യ വിവിധ രാജ്യങ്ങളുമായി സഹകരിച്ച് മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണെന്ന് രാജകുമാരന്‍ ഫൈസല്‍ വിശദീകരിച്ചു, ഭാവി സാധ്യതകളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി.

മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു മന്ത്രിമാരും സമ്മതിച്ചു, ഹോര്‍മുസ് കടലിടുക്കിലും ബാബ് അല്‍-മന്ദേബ് കടലിടുക്കിലും നാവിഗേഷന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന കാഴ്ചപ്പാട് പങ്കുവെക്കുകയും ചെയ്തു.

 

Latest