Kerala
വയനാട് പുനരധിവാസം; സി പി എം പിരിച്ച പണത്തിന്റെ കണക്കു ചോദിച്ച് കോണ്‍ഗ്രസ്; പണം കൈമാറിയ രേഖകള്‍ പുറത്തുവിട്ട് കേന്ദ്ര കമ്മിറ്റി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 92,99,000 രൂപ കൈമാറിയതിന്റെ രേഖകളാണ് സി പി എം സെന്‍ട്രല്‍ കമ്മിറ്റി പുറത്തുവിട്ടത്
ന്യൂഡല്‍ഹി | വയനാട് പുനരധിവാസത്തിനായി സി പി എം കേന്ദ്ര നേതൃത്വം ഔദ്യോഗിക അക്കൗണ്ടിലൂടെ പണം പിരിച്ചെന്നും പണം എന്തു ചെയ്തുവെന്നും കോണ്‍ഗ്രസിന്റെ വെല്ലുവിളി. ഇതിനു പിന്നാലെ വയനാട് പുനരധിവാസത്തിനായി പിരിച്ച പണത്തിന്റെ കണക്ക് സി പി എം കേന്ദ്ര നേതൃത്വം പുറത്തുവിട്ടു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 92,99,000 രൂപ കൈമാറിയതിന്റെ രേഖകളാണ് സി പി എം സെന്‍ട്രല്‍ കമ്മിറ്റി പുറത്തുവിട്ടത്. ടി വി ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് വക്താവ് രാജു പി നായര്‍ ആയിരുന്നു സി പി എം വെബ്‌സൈറ്റില്‍ പണം പിരിക്കാന്‍ ആഹ്വാനം നല്‍കിയതായി ആരോപണം കണക്കെ ഉന്നയിച്ചത്.
ആ അക്കൗണ്ടിലേക്ക് വന്ന പണം എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. ചര്‍ച്ചയില്‍ സി പി എം പ്രതിനിധിയായി പങ്കെടുത്ത അഡ്വ. കെ എസ് അരുണ്‍ കുമാറിനോടായിരുന്നു ചോദ്യം ഉയര്‍ത്തിയത്. ‘ശവം തൂക്കികളെ എത്ര രൂപ മോഷ്ടിച്ചു’ എന്നും രാജു പി നായര്‍ ആക്രോശിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സി പി എം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പിരിച്ച പണത്തിന്റേയും പണം ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയതിന്റേയും കണക്കും രേഖകളും പുറത്തുവിട്ടത്.
സി എം ഡി ആര്‍ എഫിലേക്ക് പണം കൈമാറിയതിന്റെ റെസീപ്റ്റും പുറത്തുവിട്ടിട്ടുണ്ട്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സി പി എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂര്‍ണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ടെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ കണക്കുകള്‍ സുതാര്യമാണ്. സി പി എം ഫണ്ടിനെക്കുറിച്ച് ചില രാഷ്ട്രീയ പാര്‍ടികളും മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. സ്വന്തം പരാജയം മൂടിവയ്ക്കാന്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ് ഇക്കൂട്ടര്‍. കണക്കുകളുടെ കാര്യത്തില്‍ സുതാര്യത പുലര്‍ത്തുന്ന സി പി എമ്മിന്റെ മാതൃക അവര്‍ പിന്തുടരണമെന്നും എം എ ബേബി പറഞ്ഞു.
പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിലെ 07621000432853 എന്ന അക്കൗണ്ട് നമ്പറിലൂടെയാണ് പാര്‍ട്ടി ദുരിതാശ്വാസ നിധി സമാഹരിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് ഈ തുക സി എം ഡി ആര്‍ എഫിലേക്ക് കൈമാറിയത്. 2025 മാര്‍ച്ച് 21-ന് 92,00,000 രൂപയും 2025 മെയ് 26-ന് 99,000 രൂപയുമാണ് കൈമാറിയത്. ഇതിന് പുറമെ, പാര്‍ട്ടിയുടെ വിവിധ വര്‍ഗ ബഹുജന സംഘടനകളും വലിയ തുകകള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. അഖിലേന്ത്യാ കിസാന്‍ സഭയും കേരള കര്‍ഷക സംഘവും സമാഹരിച്ച ഒരു കോടി രൂപയുടെ ചെക്ക് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിട്ടുണ്ട്. കണക്കുകള്‍ അവതരിപ്പിക്കുന്നതിലെ സുതാര്യതയ്ക്ക് സുപ്രീംകോടതി പോലും പ്രശംസിച്ച പാര്‍ട്ടിയാണ് സി പി എം എന്നും എം എ ബേബി പറഞ്ഞു.


