Kerala
മധ്യ ഇസ്‌റാഈലിന് നേരെ ഇറാന്‍ കനത്ത മിസൈല്‍ ആക്രമണം നടത്തി
മിസൈലുകള്‍ പതിച്ചതിനെത്തുടര്‍ന്നും മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തപ്പോള്‍ ഉണ്ടായ അവശിഷ്ടങ്ങള്‍ വീണും പലയിടങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
തെല്‍ അവീവ് | മധ്യ ഇസ്‌റാഈലിന് നേരെ ഇറാന്‍ കനത്ത മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്‌റാഈല്‍ പ്രതിരോധ സേന വിലയിരുത്തിയതായി ടൈംസ് ഓഫ് ഇ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് വിലയിരുത്തല്‍.
10 ലധികം ബാലിസ്റ്റിക് മിസൈലുകളാണ് മധ്യ ഇസ്‌റാഈലിനെ ലക്ഷ്യമാക്കി ഇറാന്‍ വിക്ഷേപിച്ചത്. മിസൈലുകള്‍ പതിച്ചതിനെത്തുടര്‍ന്നും മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തപ്പോള്‍ ഉണ്ടായ അവശിഷ്ടങ്ങള്‍ വീണും പലയിടങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൃത്യം എത്ര മിസൈലുകള്‍ പതിച്ചു എന്ന കണക്ക് ഇസ്‌റാഈല്‍ വ്യക്തമാക്കുന്നില്ലെങ്കിലും. 14 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
11 വയസ്സുള്ള പെണ്‍കുട്ടിക്ക് മിസൈല്‍ അവശിഷ്ടങ്ങള്‍ തറച്ചാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന ഇപ്പോഴും തുടരുന്നുണ്ട്.
ബീ ബ്രാക്കിലെ ജനവാസ മേഖല ലക്ഷ്യമാക്കിയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുദ്ധത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പ്രതിദിനം 90ഓളം മിസൈലുകള്‍ വരെ ഇറാന്‍ വിക്ഷേപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഇത് 10 മുതല്‍ 15 വരെയായി കുറഞ്ഞിരുന്നു.
ഇന്ന് ഉച്ചവരെ നടന്ന ആക്രമണങ്ങളില്‍ ഒന്നോ രണ്ടോ മിസൈലുകള്‍ മാത്രമാണ് ഇറാന്‍ ഉപയോഗിച്ചിരുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി, പെട്ടെന്നുണ്ടായ ഈ വലിയ മിസൈല്‍ വര്‍ഷം ഇസ്‌റാഈല്‍ സൈന്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വരും ദിവസങ്ങളിലും ആക്രമണങ്ങള്‍ പൂര്‍ണ്ണ തീവ്രതയോടെ തുടരുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് വ്യക്തമാക്കിയിരുന്നു.


