Kerala
വയനാട് ദുരന്തം: ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രം; ഒരു വര്‍ഷം കഴിഞ്ഞിട്ടും തീരുമാനമെടുക്കാത്തതെന്തെന്ന് കോടതി
കേസ് അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.

കല്‍പ്പറ്റ | വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളുന്നതില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദുരന്തം നടന്നിട്ട് ഒരു വര്‍ഷമായിട്ടും തീരുമാനം എടുക്കാത്തതെന്തെന്ന് കോടതി ചോദിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. ദുരന്ത ബാധിതരുടെ കടം എഴുതി തള്ളാനായി എന്ത് നിലപാട് സ്വീകരിച്ചുവെന്ന കാര്യത്തില്‍ കഴിഞ്ഞതവണ ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഇതിന് നല്‍കിയ ആദ്യ മറുപടി ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട് ചില ഭേദഗതികള്‍ വന്നിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ വായ്പ എഴുതി തള്ളാനുള്ള അധികാരം നിലവില്‍ ഇല്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
സംസ്ഥാനത്തിന്റെ കീഴിലുള്ള കേരള ബേങ്ക് അടക്കമുള്ളവ ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളിയിട്ടുണ്ട്. അത് മാതൃക ആക്കികൂടെയെന്നും ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാല്‍ വായ്പ എഴുതിത്തള്ളുമോ ഇല്ലയോ എന്നകാര്യത്തില്‍ തീരുമാനം ഉടന്‍ അറിയിക്കാന്‍ തയ്യാറാകണം എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കില്‍ മാത്രമേ സര്‍ക്കാരിന് ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ സാധിക്കുകയുള്ളൂ. കേസ് അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.